Image

സിനിമയും രാഷ്‌ട്രീയവും നിറം പകര്‍ന്ന ജീവിതം

Published on 07 August, 2018
സിനിമയും രാഷ്‌ട്രീയവും നിറം പകര്‍ന്ന ജീവിതം

സിനിമയും രാഷ്‌ട്രീയവും ഇഴപിരിയാതെനില്‍ക്കുന്ന തമിഴ്‌ പാരമ്പര്യത്തിന്റെ നേരവകാശിയായിരുന്നു മുത്തുവേല്‍ കരുണാനിധി. ഇരു രംഗത്തുനിന്നും വിരമിക്കാന്‍ കൊതിക്കാത്തവിധം അദമ്യമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍.

''ഞാന്‍ എല്ലായ്‌പ്പോഴും വിശ്രമത്തിന്‌ വിശ്രമം കൊടുത്തു. സജീവ രാഷ്ട്രീയത്തില്‍നിന്ന്‌ വിട്ടുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നതേയില്ല.''എന്ന്‌ അദ്ദേഹം പലവട്ടം പറഞ്ഞു. സാഹസികതയും നിശ്ചയദാര്‍ഢ്യവും പോരാട്ടവീറും നിറഞ്ഞ ആ ജീവിതത്തെ ഒരു പാഠപുസ്‌തകം പോലെ തുറന്നുവെച്ച ആത്മകഥയാണ്‌ 'നെഞ്ചുക്കു നീതി'.

സംഗീതത്തിന്റെയും നൃത്തത്തിന്റെയും പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നായിരുന്നു വരവെങ്കിലും കരുണാനിധി മറ്റൊരു മേഖലയിലെത്തുകയായിരുന്നു. അച്ഛന്‍ മുത്തുവേലന്‍ നാദസ്വര വിദ്വാനും അമ്മ തിരുമതി അഞ്‌ജുകം അമ്മിയാര്‍ ദാരിദ്ര്യം മൂലം ചെറുപ്പത്തിലേ ക്ഷേത്ര നര്‍ത്തകിയുമായിരുന്നു. 

സ്വന്തം വഴിയായ സംഗീതത്തിലേക്ക്‌ മകനെ എത്തിക്കാന്‍ മുത്തുവേലന്‍ ആഗ്രഹിച്ചെങ്കിലും മകന്‍ പൊതുപ്രവര്‍ത്തനവഴികളിലിറങ്ങുകയായിരുന്നു.

വന്‍താരങ്ങളെ സൃഷ്ടിച്ച തിരക്കഥാകൃത്തെന്ന നിലയില്‍ നിന്നാണ്‌ കരുണാനിധി രാഷ്‌ട്രീയത്തിലെത്തിയത്‌. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ നാടകങ്ങള്‍ എഴുതിയ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന്‌ തുടക്കം ഇരുപത്‌ വയസ്‌ തികയുന്നതിനും മുമ്പേ, ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സിന്റെ തിരക്കഥാകൃത്തായതോടെ.

1947ല്‍ രാജകുമാരി എന്ന ചിത്രത്തിന്റേതായിരുന്നു ്‌ ആദ്യ തിരക്കഥ. എഎസ്‌എ സാമി സംവിധാനംചെയ്‌ത സിനിമയില്‍ എംജിആറും കെ മാലതിയുമായിരുന്നു പ്രധാന വേഷങ്ങളില്‍. ആവിജയത്തിനുശേഷം തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
എം ജി ആര്‍ എന്ന നടന്റെ വളര്‍ച്ച തുടങ്ങിയതും 'രാജകുമാരി'യിലൂടെ.

1954ല്‍ കരുണാനിധിയുടെ തൂലികയില്‍നിന്ന്‌ എംജിആറിനുവേണ്ടി പിറവിയെടുത്ത 'മലൈക്കള്ളന്‍' അദ്ദേഹത്തിന്‌ തമിഴിലെ സൂപ്പര്‍താരപദവി നേടിക്കൊടുത്ത ചിത്രമായി.


തമിഴിലെ പല വീരസാഹസിക പടങ്ങളും നിര്‍മിക്കപ്പെട്ടത്‌ മലൈക്കള്ളന്റെ ചുവടുപിടിച്ച്‌. കരുണാനിധി എഴുതിയ സംഭാഷണങ്ങള്‍ എം ജി ആറിന്റെ ശബ്ദത്തില്‍ വെള്ളിത്തിരയില്‍ മുഴങ്ങിയത്‌ ഹര്‍ഷാരവത്തോടെ പ്രേക്ഷകര്‍ ഏറ്റുവാങ്ങി. ശിവാജി ഗണേശനെയും താരമാക്കിയതില്‍ കരുണാനിധി വലിയ പങ്കുവഹിച്ചു.

1952ല്‍ ശിവാജി ഗണേശന്‍ പ്രധാന വേഷമിട്ട 'പരാശക്തി'യില്‍ ജാതിവിരുദ്ധ കലാപത്തിന്റെ ആശയങ്ങള്‍ അതിശക്തമായി അവതരിപ്പിക്കപ്പെട്ടത്‌ നിലയ്‌ക്കാത്ത ചലനങ്ങളുണ്ടാക്കി. തമിഴ്‌ ദേശീയവാദം ശക്തമാകുന്നതിന്റെ സൂചനയും നല്‍കിയ ചിത്രം ദ്രാവിഡ പ്രസ്ഥാനത്തിന്റെ ആശയ പ്രഖ്യാപനംകൂടി യായി.  നടന്‍ എസ്‌ എസ്‌ രാജേന്ദ്രനെ പരിചയപ്പെടുത്തിയതും പരാശക്തിയാണ്‌.

'പരാശക്തി' അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ വിളംബരംകൂടിയായി. വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കുംശേഷമാണ്‌ 1952 ദീപാവലി ദിനത്തില്‍ ആര്‍ കൃഷ്‌ണനും പി സന്‍ജുവും സംവിധാനംചെയ്‌ത ചിത്രം പുറത്തിറങ്ങിയത്‌. തമിഴ്‌ സിനിമ അതുവരെ കാണാത്ത മികച്ച വിജയമാണ്‌ ചിത്രം നേടിയത്‌

ബ്രാഹ്മണരെ അതിരുവിട്ട്‌ ഇകഴ്‌ത്തുന്നതാണ്‌ കഥയെന്ന്‌ രൂക്ഷവിമര്‍ശമുണ്ടായെങ്കിലും ചിത്രത്തിന്റെ വിജയത്തെ തടയാന്‍ വിവാദത്തിനായില്ല. ഇത്തരത്തിലുള്ള രണ്ട്‌ സിനിമക്കുകൂടി കരുണാനിധി തിരക്കഥയെഴുതി. 'പണം', 'തങ്കരത്‌നം' എന്നിവയിലൂടെ വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കാനും അയിത്തത്തെ കഠിനമായി വിമര്‍ശിക്കാനും ശ്രമിച്ചു.
തമിഴകത്തിന്റെ കലൈഞ്‌ജര്‍ തമിഴ്‌ സാഹിത്യത്തിന്‌ നല്‍കിയ സംഭാവനകളും അപൂര്‍വവും അതുല്യവുമായിരുന്നു. ഗദ്യത്തിലും പദ്യത്തിലുമായി നൂറിലധികം കൃതികള്‍. കവിത, പത്രപംക്തി, തിരക്കഥ, നോവല്‍, ജീവചരിത്രം, നാടകം, സംഭാഷണം, പാട്ട്‌ തുടങ്ങി കരസ്‌പര്‍ശമേല്‍ക്കാത്ത സാഹിത്യ മേഖലയില്ല. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയെന്നത്‌ മറ്റൊരു അത്ഭുതം.

രോമപുരി പാണ്ഡ്യന്‍, തേന്‍പാണ്ടി സിങ്കം, വെള്ളിക്കിഴമൈ, നെഞ്ചൂക്ക്‌ നീതി, ഇനിയവൈ ഇരുബത്തു, സംഘ തമിഴ്‌, കുരലോവിയം, പൊന്നര്‍ ശങ്കര്‍, തിരുക്കുറല്‍ ഉരൈ എന്നിവയാണ്‌ പ്രധാന കൃതികള്‍.  തൂക്കുമേടൈ, കായിതപൂ, മന്ത്രികുമാരി തുടങ്ങിയവ തരംഗങ്ങള്‍ തീര്‍ത്തു. ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരണത്തിനുശേഷം പാര്‍ടിയെ ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാന്‍ പ്രാപ്‌തമായ നാടകങ്ങളാണ്‌ എഴുതിയത്‌.

മന്നിമഗുഡം, ഒരേരതം, പളനിയപ്പന്‍, തൂക്ക്‌ മേടൈ, നാനേ അറിവാലി, വെള്ളികീഴ്‌മൈ, ഉദയസൂര്യന്‍, ചിലപ്പതികാരം എന്നിവ പ്രധാനം.

രാജകുമാരി, അഭിമന്യു, മന്ത്രി കുമാരി, മരുതനാട്ടു ഇളവരശി, മനമകന്‍ ദേവകി, പരാശക്തി പണം, തിരുമ്പിപാര്‍ നാം, മനോഹര അമ്മായിയപ്പന്‍, മാലൈ കള്ളന്‍, രംഗൂണ്‍ രാധ, കാഞ്ചി തലൈവന്‍ പൂമ്പുഹാര്‍, മുലൈപ്പാല്‍, പസിക്കിലികള്‍ കണ്ണമ്മ, പൂക്കാരി, നീതിക്കു താണ്ടണൈ തുടങ്ങിയ തിരക്കഥകള്‍ തമിഴ്‌ ജീവിതത്തിന്റെ നേര്‍മുഖങ്ങളായി.

മതത്തിന്റെ പേരില്‍ നടമാടുന്ന കാപട്യങ്ങള്‍ക്കും സെമീന്ദാരി വ്യവസ്ഥയുടെ ക്രൂരതകള്‍ക്കുമെതിരായ പോരാട്ടത്തിന്‌ ഇന്ധനമായ അവ ആ സമ്പ്രദായങ്ങള്‍ തുടച്ചുനീക്കാന്‍ ആഹ്വാനം നല്‍കി. ബ്രാഹ്മണ മേധാവിത്വം അവസാനിപ്പിക്കുകയും പിന്നോക്കംനിന്ന ദ്രാവിഡരെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയുമായിരുന്നു ലക്ഷ്യം.
 രചനകളിലെ തീപടര്‍ത്തുന്ന ഉള്ളടക്കം തിരിച്ചറിഞ്ഞ്‌ അവയ്‌ക്കുമേല്‍ ഭരണകൂടം വിലങ്ങുവെച്ചു. 1950കളില്‍ കരുണാനിധിയുടെ രണ്ടു നാടകങ്ങള്‍ നിരോധിക്കുക പോലുമുണ്ടായി.









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക