Image

കത്വ കേസിലെ സാക്ഷിക്കെതിരെയുള്ള പീഡനം ; ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

Published on 08 August, 2018
കത്വ കേസിലെ സാക്ഷിക്കെതിരെയുള്ള പീഡനം ; ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

കത്വ കൂട്ട ബലാത്സംഗക്കേസിലെ സാക്ഷിയും ഇരയുടെ കുടുംബത്തെ സഹായിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ താലിബ് ഹുസൈനെതിരെയുള്ള പീഡനത്തില്‍ സുപ്രീംകോടതി ജമ്മു കശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി.

ജമ്മു- കശ്മീര്‍ പൊലീസ് വ്യാജ ബലാത്സംഗക്കേസ് ചുമത്തി പീഡിപ്പിക്കുകയാണെന്ന ആരോപണത്തില്‍ താലിബിന്റെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കോടതി ജമ്മു കശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിന്റെ തുടര്‍ന്നുള്ള വാദം ഓഗസ്റ്റ് 21 ലേക്ക് മാറ്റി. അന്നേ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം രേഖപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

താലിബിനെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ച്‌ പീഡിപ്പിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ആണ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായത്.

താലിബ് ഹുസൈന്റെ അടുത്ത ബന്ധുവാണ് ഹര്‍ജി നല്‍കിയത്. സാമൂഹ്യ പ്രവര്‍ത്തകനും കത്വ പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടക്കാരില്‍ പ്രധാനിയുമാണ് ഹുസൈന്‍. പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നതാണ് കേസ്. താലിബ് പൊലീസ് കസ്റ്റഡിയില്‍ വെച്ച്‌ ക്രൂരമര്‍ദ്ദനത്തിന് ഇരയായിയെന്നും തലയ്ക്ക് ഗുരുതര പരിക്കേറ്റുവെന്നും സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ട്വീറ്റിലൂടെ പുറത്തുവിട്ടിരുന്നു.

കെട്ടിച്ചമച്ച ബലാത്സംഗ കേസില്‍ ഹുസൈനെ മര്‍ദിച്ചുവെന്ന് ആരോപിച്ചു കുടുംബാംഗങ്ങള്‍ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയായിരുന്നു.

താലിബ് ഹുസൈന്‍ കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്നില്‍ നിന്ന വ്യക്തിയാണ്. പക്ഷേ, ആഗസ്റ്റ് 2 ന് താലിബിന്റെ പേരില്‍ ലഭിച്ച ഒരു ബലാത്സംഗ പരാതിയെ തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈയ്യില്‍ വെച്ചെന്ന കുറ്റം കൂടി താലിബിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്.

എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച്‌ താലിബ് സ്വയം തലയിടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന വിശദീകരണമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ശേഷ് പോള്‍ വാലിദ് നല്‍കുന്നത്. സംഭവത്തിന് സഹതടവുകാര്‍ ദൃക്‌സാക്ഷികളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ആത്മഹത്യാശ്രമത്തിന് താലിബിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക