Image

നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്കാരുടെയും അനുവാദം വേണ്ട: മോഹന്‍ലാല്‍

Published on 08 August, 2018
നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്കാരുടെയും അനുവാദം വേണ്ട: മോഹന്‍ലാല്‍

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് തിരിശീലയിട്ടുകൊണ്ട് മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിന് എത്തി. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായി എത്തിയത് കാണികളില്‍ ആവേശമുണര്‍ത്തി. ഒരുകുടുംബം പോലെ ഇടപഴകുന്നതിനാല്‍ താന്‍ മുഖ്യതിഥിയാണെന്ന തോന്നല്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്ത് വച്ച ചടങ്ങ് നടത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം ഈ നഗരത്തിലാണ്. ഇവിടെ നിന്നാണ് എന്റെ മുഖത്ത് ആദ്യ ക്ലാപ്പ് അടിച്ചത്. ഏതൊരു കലകാരനും പുരസ്‌കാരങ്ങള്‍ വലിയ അംഗീകാരമാണ്. പുരസ്‌കാരത്തിനുള്ള മത്സരത്തില്‍ ഞാന്‍ അഭിനയിച്ച ചിത്രങ്ങളും ഉണ്ടാകാറുണ്ട്. ചില സമയത്ത് അവ അംഗീകാരം നേടിതന്നു. മറ്റുചില അവസരങ്ങള്‍ വഴിമാറി പോയി. അവാര്‍ഡ് ലഭിച്ച ആളുകളോട് എനിക്ക് ഇതുവരെ അയൂയതോന്നിയിട്ടല്ല. മറിച്ച് എനിക്ക് അദ്ദേഹത്തോളം അഭിനയിക്കാന്‍ സാധിച്ചില്ലല്ലോ എന്ന് തോന്നാറുണ്ട്. മറ്റുള്ളവര്‍ക്ക് പുരസ്‌കാരം കിട്ടുമ്പോള്‍ എനിക്ക് ആത്മവിമര്‍ശനത്തിനുള്ള അവസരം ഒരുങ്ങുകയാണ്. ഇത്തവണ ഇന്ദ്രന്‍സിന് കിട്ടിയപ്പോള്‍ അദ്ദേഹത്തോളം എനിക്ക് അഭിനയിച്ച് എത്താന്‍ സാധിച്ചില്ലല്ലോ എന്നാണ് തോന്നിയത്. അത് പുരസ്‌കാരത്തിന് വേണ്ടിയുള്ള മോഹമല്ല. സാക്ഷാത്കാരത്തിന് വേണ്ടിയുള്ള അഭിനിവേശമാണ്.

എനിക്ക് ഇവിടെ വന്ന് നിങ്ങളെ കാണാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളിലേറെയായി  ഞാന്‍ നിങ്ങള്‍ക്കിടയിലുള്ളയാളാണ്. പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് എന്റെ അവകാശമാണ്. സിനിമയില്‍ സമര്‍പ്പിച്ച എന്റെ അരങ്ങിനും ഒരുതിരശ്ശീലയുണ്ട് എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം. ആ തിരശ്ശീല വീഴുന്നതു വരെ ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകും മോഹന്‍ലാല്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കലാകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്യത്തെ സംരക്ഷിക്കാന്‍ ജാഗരൂകമായ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക