Image

ആന്ധ്രപ്രദേശിന്‌ പ്രത്യേക പദവി: ഹിറ്റ്‌ലറുടെ വേഷത്തില്‍ പാര്‍ലമെന്റില്‍ തെലുങ്ക്‌ദേശം എം.പിയുടെ പ്രതിഷേധം

Published on 09 August, 2018
ആന്ധ്രപ്രദേശിന്‌ പ്രത്യേക പദവി: ഹിറ്റ്‌ലറുടെ വേഷത്തില്‍ പാര്‍ലമെന്റില്‍  തെലുങ്ക്‌ദേശം എം.പിയുടെ പ്രതിഷേധം

ആന്ധ്രാപ്രദേശിന്‌ പ്രത്യേക പദവി ആവശ്യപ്പെട്ടു അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ വേഷത്തില്‍ പാര്‍ലമെന്റില്‍ ടി.ഡി.പി എം.പിയുടെ പ്രതിഷേധം. ചിറ്റൂരില്‍ നിന്നുള്ള എം.പിയായ നരമല്ലി ശിവപ്രസാദ്‌ ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത്‌ ഇതാദ്യമായല്ല. മുന്‍പ്‌ ശ്രീരാമന്‍റേയും, സ്‌ത്രീയുടേയും, അലക്കുകാരന്‍റേയും, സ്‌കൂള്‍ കുട്ടിയുടേയും, സായി ബാബയുടേയും, മാന്ത്രികന്‍റേയുമൊക്കെ വേഷത്തില്‍ അദ്ദേഹം എത്തിയിരുന്നു.

ആവശ്യങ്ങളും പ്രതിഷേധങ്ങളും അറിയിക്കുന്നതിന്‌ നാടകീയമായ സമരരീതികള്‍ അദ്ദേഹം മുന്‍പും നടപ്പാക്കിയിട്ടുണ്ട്‌. ആന്ധ്രയിലെ ഗ്രാമീണ കലാരൂപമായ `ബുരകഥാ'കാരന്റെ വേഷത്തില്‍ കൈയ്യിലൊരു വീണയുമായി 2016-ല്‍ അദ്ദേഹം തിരുപ്പതിയില്‍ ഒരു പ്രതിഷേധം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനത്തിനെതിരെയായിരുന്നു അത്‌.

ഒരു വശത്ത്‌ നിലവിളിക്കുന്ന കര്‍ഷകരുടെയും മറുവശത്ത്‌ സമ്പന്നരായ കച്ചവടക്കാരുടെയും പ്രിന്റ്‌ ചെയ്‌ത ഷര്‍ട്ട്‌ ധരിച്ചാണ്‌ 2016-ല്‍ അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയത്‌. ആന്ധ്രയിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ഈ സമരം.2014-ല്‍ ഒരു നാടോടി ഗായകന്റെ വേഷത്തിലും മറ്റൊരിക്കല്‍ പാമ്പാട്ടിയുടെ വേഷത്തിലും ശിവപ്രസാദ്‌ സമരം നടത്തിയിട്ടുണ്ട്‌.

തെലുഗു സിനിമകളില്‍ അഭിനയിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്‌തിട്ടുള്ള നടന്‍ കൂടിയാണ്‌ ശിവപ്രസാദ്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക