Image

എറണാകുളം ജില്ലയില്‍ 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Published on 09 August, 2018
എറണാകുളം ജില്ലയില്‍ 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിന്നും 951 പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ഡാമുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. ഡാമുകള്‍ തുറന്നുവിടുന്നതിന് മുന്നോടിയായി തീരപ്രദേശത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. മൂന്നാം നമ്ബര്‍ ഷട്ടര്‍ 50 സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളം വീതം നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തിലാണ് ഷട്ടര്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇടമലയാര്‍ തുറന്നതിനാലാണ് ട്രയല്‍ റണ്‍ വൈകിയത്. ശക്തമായ മഴ തുടരുന്നതോടെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്.

സംസ്ഥാനത്ത് 22 ഡാമുകള്‍ ഒറ്റയടിക്ക് തുറക്കുന്നത് ആദ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ഥിതി അതീവ ഗുരുതരമാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകള്‍ പോകരുതെന്നും കര്‍ക്കടകവാവുബലി ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക