Image

ഇടുക്കിയില്‍ മൂന്നാമതും റെഡ്‌ അലര്‍ട്ട്‌

Published on 09 August, 2018
ഇടുക്കിയില്‍ മൂന്നാമതും റെഡ്‌ അലര്‍ട്ട്‌

ഇടുക്കി :  ഇടുക്കിയില്‍ വീണ്ടും റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.നിലവില്‍ 2400 അടിയാണ്‌ ജലനിരപ്പ്‌.ടയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടക്കില്ല. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക്‌ ഒഴുക്കുന്ന അളവില്‍ തന്നെ ഇന്ന്‌ രാത്രിയും ജലം പുറത്തേക്ക്‌ ഒഴുക്കുന്നത്‌ തുടരുമെന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മൂലമറ്റത്ത്‌ വൈദ്യുതി ഉദ്‌പാദിപ്പിക്കാന്‍ ആവശ്യമായതിനേക്കാള്‍ ഏതാണ്‌ അഞ്ചിരട്ടി വെള്ളമാണ്‌ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ വീണ്ടും റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചത്‌. റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ച്‌ 24 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാവൂ എന്നാണ്‌ ചട്ടം.

26 വര്‍ഷത്തിന്‌ ശേഷമാണ്‌ ഇടുക്കി അണക്കെട്ട്‌ തുറന്നത്‌. ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ആണ്‌ ഉയര്‍ത്തിയത്‌. അഞ്ച്‌ ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ്‌ തുറന്നത്‌. ഉച്ചയ്‌ക്ക്‌ 12.30 ഓടെയാണ്‌ ഷട്ടര്‍ ഉയര്‍ത്തി തുടങ്ങിയത്‌. നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവെക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്‌. എന്നാല്‍ വെള്ളം പുറത്തേക്ക്‌ ഒഴുക്കിവിട്ടിട്ടും ഡാമില്‍ ജലനിരപ്പ്‌ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12.30ന്‌ ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2399.04 അടിയായിരുന്നു ജലനിരപ്പ്‌. എന്നാല്‍ മണിക്കൂറുകള്‍ക്ക്‌ ശേഷം, 4.30ന്‌ 2399.58 അടിയായി ജലനിരപ്പ്‌ ഉയര്‍ന്നു.

ഷട്ടര്‍ തുറന്ന്‌ 9 മണിക്കൂറായിട്ടും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയരുന്നു.

സെക്കന്റില്‍ 50 ഘനയടി വെള്ളമാണ്‌ അണക്കെട്ടില്‍ നിന്ന്‌ പുറത്തുപോകുന്നത്‌. അതേസമയം പെരിയാര്‍ തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്‌ സര്‍ക്കാര്‍ അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ ഇതിനോടകം 22 അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്‌. അതേസമയം മഴക്കെടുതിയില്‍ സംസ്ഥാനത്ത്‌ 23 മരണം റിപ്പോര്‍ട്ട്‌ ചെയ്‌തു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രി എം എം മണി അറിയിച്ചു

വിവിധ ജില്ലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ആരോഗ്യ സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മഴയെത്തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും വേണ്ട മുന്‍കരുതലുകളെടുക്കാനും ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.

ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്‌. എല്ലാ ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ജില്ലാ പ്രോഗ്രാം മാനേജര്‍മാരും മതിയായ സൗകര്യങ്ങളൊരുക്കി വരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക