Image

ദുരിതമഴ തുടരുന്നു: പമ്പയില്‍ ഒരാള്‍പ്പൊക്കം വെള്ളം

Published on 10 August, 2018
ദുരിതമഴ തുടരുന്നു: പമ്പയില്‍ ഒരാള്‍പ്പൊക്കം വെള്ളം
കോഴിക്കോട്‌:സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദുരിതപ്പെയ്‌ത്തിനാണ്‌ കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്‌. വടക്കന്‍ കേരളമെന്നോ തെക്കന്‍ കേരളമെന്നോ വ്യത്യാസമില്ലാതെപെരുമഴ തകര്‍ത്ത്‌ പെയ്യുന്നു. ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും മണ്ണിടിച്ചലുമടക്കം  ജനങ്ങള്‍  നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്‌.

ഭീതിയല്ല ജാഗ്രതയാണ്‌ വേണ്ടതെന്ന്‌ സര്‍ക്കാര്‍ ഓരോ നിമിഷവും ഓര്‍മ്മപ്പെടുത്തുന്നു.
ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത്‌ തുടരുന്ന ദുരിതപ്പെയ്‌ത്തില്‍ ഇതുവരെ 25 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്‌. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെ
ന്നും വരുന്ന 48 മണിക്കൂറുകള്‍ കൂടി സംസ്ഥാനത്ത്‌ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്‌. സൈന്യമടക്കം രക്ഷാപ്രവര്‍ത്തനത്തിന്‌ വിവിധ ജില്ലകളിലായി രംഗത്തുണ്ട്‌. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്ന്‌ കഴിഞ്ഞു. ചെറുതോണി പാലം വെളളത്തിനടിയിലായി.

ചെറുതോണി നഗരത്തിലേക്കും വെള്ളം കയറി. ചെറുതോണി ബസ്‌ സ്റ്റാന്‍ഡ്‌ ഭാഗികമായി തകര്‍ന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക്‌ അതീവ ജാഗ്രതാ നിര്‍ദേശമാണ്‌ അധികൃതര്‍ നല്‍കിയിരിക്കുന്നത്‌. മഴ തുടരുന്നത്‌ ആശങ്ക വര്‍ധിപ്പിക്കുകയാണ്‌.

ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നതോടെ വെള്ളപ്പൊക്ക ഭീതിയിലാണ്‌ എറണാകുളം അടക്കമുള്ള സ്ഥലങ്ങള്‍. എന്നാല്‍ ഭയപ്പെടാനായി ഒന്നുമില്ലെന്നും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വെളളപ്പൊക്ക സാധ്യത പരിഗണിച്ച്‌ എറണാകുളത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്‌ ഉച്ചയ്‌ക്ക്‌ ശേഷം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌.

അതിനിടെ പത്തനംതിട്ട കൊച്ചുപമ്പ അണക്കെട്ട്‌ തുറന്നതിനെ തുടര്‍ന്ന്‌ പമ്പാ നദിയിലെ ജലനിരപ്പ്‌ ഒരാള്‍പ്പൊക്കത്തില്‍ ഉയര്‍ന്നു. പമ്പയിലെ കടകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ശബരിമലയിലും കനത്ത മഴ തുടരുകയാണ്‌.

കേരളം, കര്‍ണാടക, ലക്ഷദ്വീപ്‌ തീരങ്ങളില്‍ കനത്ത കാറ്റ്‌ വീശിയടിക്കാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്‌. പടിഞ്ഞാറ്‌ ദിശയില്‍ നിന്ന്‌ മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്‌. മത്സ്യത്തൊഴിലാളികള്‍ക്ക്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌.

ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കുന്നു. റെക്കോര്‍ഡ്‌ മഴയാണ്‌ കേരളത്തില്‍ പെയ്‌തുകൊണ്ടിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അഞ്ച്‌ വര്‍ഷത്തിനിടെ സംസ്ഥാനത്ത്‌ പെയ്‌ത ഏറ്റവും വലിയ മഴയാണിത്‌. ജൂണ്‍ ഒന്ന്‌ മുതല്‍ ഓഗസ്റ്റ്‌ 9 വരെ കേരളത്തിന്‌ ലഭിച്ചത്‌ 1805.31 മില്ലിമീറ്റര്‍ മഴയാണ്‌.

ഇടുക്കി ജില്ലയിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ മുപ്പതോളം വിദേശികള്‍ അടക്കമുള്ളവര്‍ കുടുങ്ങിക്കിടക്കുകയാണ്‌. ഇവരുമായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ട്‌ സുരക്ഷിതത്വം ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഇടുക്കിയി വിനോദ സഞ്ചാരത്തിന്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. പലയിടത്തും യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കാരണം കോഴിക്കോട്‌, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്‌ ജില്ലകളിലെ പലയിടത്തും റോഡുകള്‍ തകരുകയും വാഹന ഗതാഗതം പൂര്‍ണാമായും തടസ്സപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. നൂറുകണക്കിന്‌ കുടുംബങ്ങളെ ആണ്‌ ഈ ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ ഇതിനകം തന്നെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക