Image

ഇ- മലയാളി ഓണം സ്‌പെഷല്‍-2: ആത്മാവിനെ ത്രസിപ്പിക്കുന്ന ഓണത്തിന്റെ ഗന്ധം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 11 August, 2018
ഇ- മലയാളി ഓണം സ്‌പെഷല്‍-2: ആത്മാവിനെ ത്രസിപ്പിക്കുന്ന ഓണത്തിന്റെ ഗന്ധം  (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ഓണം ഒരു ആഘോഷമാണോ അതോ ഒരു ആചാരമാണോ? ബാല്യവും കൗമാരവും പിന്നിട്ട ഇടവഴികളില്‍ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്‍കിയ ആഘോഷങ്ങളില്‍ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും എണ്ണപ്പെടുന്നുള്ളൂ.

ഒരുകൂട്ടം മലയാളികള്‍ ഒരു ആഘോഷമാക്കുബോള്‍ മറ്റൊരുകൂട്ടം ആചാരം ആയി തന്നെ കൊണ്ടുപോകുന്നുണ്ട്. കേരളം ആഘോഷങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സംസ്ഥാനവും ജനതയുമാണ്. ഓണവും, വിഷുവും, ഈസ്റ്ററും, ക്രിസ്തുമസും, റംസാനും ഒരേമനസ്സോടെ ആദരവോടെ തന്നെ നമ്മള്‍ ആഘോഷിക്കുന്നു .

മറ്റെവിടെയുണ്ട് ഇത്ര ഒത്തൊരുമയോടെ ആഘോഷങ്ങളെ കൊണ്ടാടുന്നവര്‍? പക്ഷേ നാട്ടിലെ ഓണവും മറുനാടന്‍ മലയാളിയുടെ ഓണവും തമ്മില്‍ വ്യത്യാസമുണ്ടോ? മലയാളികള്‍ എവിടെ ചെന്നാലും മലയാളിത്തം മറക്കുന്നില്ല എന്നതുകൊണ്ടു തന്നെ ഉത്സവങ്ങളുടെ ഉത്സവമായ ഓണം എന്നും അവര്‍ക്ക് പ്രിയങ്കരം തന്നെ.

ലോകമൊട്ടാകെ മലയാളിയുള്ള എല്ലാ മുക്കിലും, മൂലയിലും ഓണം ആഘോഷിക്കപ്പെടുന്നു. കേരള തനിമയോടും പാരമ്പരാഗത ആചാരങ്ങളോടും അത്യാവേശവുമായി ഓണനാളുകള്‍ ആഘോഷിക്കുകയാണ്. കേരളത്തില്‍ ഓണം മുന്ന് ദിവസം മാത്രമേ ഉള്ളുയെങ്കില്‍ അമേരിക്കയില്‍ രണ്ടുമാസത്തോളം ഓണഘോഷമാണ്.

ഓഗസ്റ്റ് 11-ന് ഫ്ലോറിഡയിലെ മാറ്റ് അസോസിയേഷന്‍ മുതല്‍ സെപ്റ്റംബര്‍ 29 വരെ ഓരോ ഓണാഘോഷത്തിന് ക്ഷണം ഉണ്ട്.

ഞാന്‍ പറഞ്ഞത് പ്രവാസികള്‍ ഓണത്തെ എന്നും ഉത്സവങ്ങളുടെ ഉത്സവമായി തന്നെ ആചരിക്കുന്നു എന്നതാണ്. പ്രവാസ ജീവിതത്തിന്റെ കൃത്രിമങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും ഇറങ്ങി നടന്ന് പ്രവാസിയുടെ സ്നേഹകൂട്ടായ്മകളില്‍ പങ്കെടുക്കുമ്പോള്‍ അതിനു നാട്ടിലേക്കാളേറെ മനോഹാരിത.

കുട്ടികാലത്തെ ഓണാഘോഷങ്ങളുടെ മധുരസ്മരണകള്‍ ഇന്നും നമ്മേ കൊഴിഞ്ഞു പോയ കാലങ്ങളിലേക്ക്കൈപിടിച്ചു കൊണ്ടുപോകുന്നു. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഓണം സമ്മാനിക്കുന്നത് നിറങ്ങളുടെ ലോകം മാത്രമല്ലല്ലോ, ഓണത്തെക്കുറിച്ചുള്ള എത്ര പഴക്കമുള്ള ഓര്‍മ്മയും വര്‍ണ്ണാഭമാണ്. സമ്പല്‍ സമൃദ്ധിയുടെ മണിയൊച്ചകള്‍ കിലുങ്ങുന്ന പൊന്നും ചിങ്ങമാസം, അത്തം കഴിഞ്ഞാല്‍ പത്തു നാളേക്ക് ഓണമായി.

അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കുന്നു. നാടും നഗരവും
അണിഞ്ഞൊരുങ്ങുകയായി. പൂക്കളും പൂമ്പാറ്റകളും പകിട്ടാര്‍ന്ന വൈവിധ്യമുള്ള വേഷങ്ങള്‍ ധരിച്ച കുട്ടികളും . മുല്ലപ്പൂവിന്റെയും, പിച്ചിപ്പൂവിന്റെയും പരിമളം നിറഞ്ഞ കുളിര്‍ കാറ്റില്‍ ഓണക്കോടി ഉടുത്ത് ഒരുങ്ങിയ അമ്മമാരുടെ തിരുവാതിര, ചന്തത്തിലുള്ള ചുവടുവെപ്പില്‍ മിക്കവാറും വീട്ടമ്മമാരായ അവര്‍ എല്ലാ ദുരിതങ്ങളും മറന്നുള്ള ആട്ടം ആരെയും ഹരം കൊള്ളിക്കും.

ഒത്തുകൂടാന്‍ ആവേശവുമായി എത്തുന്ന ഒരുകൂട്ടം ബന്ധുക്കള്‍, പട്ടം പറപ്പിക്കുകയും, ഊഞ്ഞാലിലാടുകയും ചെയ്യുന്ന കുട്ടികള്‍, തുമ്പിതുള്ളല്‍, യുവാക്കളുടെ കടുവാകളി,വടംവലി, പന്തുകളി, കാതില്‍ കുണുക്കിട്ടു വീറോടെ പൊരുതുന്ന ചീട്ടുകളി സംഘങ്ങള്‍, ആറ്റില്‍ വള്ളംകളി, തുടങ്ങി ഗ്രാമവും നഗരവും നിറഞ്ഞ ആഘോഷത്തിന്റെ ലഹരിയിലാണ്ട് മതിമറന്ന ഉല്ലാസത്തിന്റെ പ്രസരിപ്പുകളെവിടെയും.

ഓണക്കോടിയും ഓണസദ്യയും ഈ ആഘോഷത്തിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ചടങ്ങുകളാണ്. എന്നാല്‍ വിഭവങ്ങളുടെ കാര്യത്തില്‍ പല ദേശങ്ങളിലും വ്യത്യാസങ്ങള്‍ കാണം. കറികളുടെ കാര്യത്തിലും ചിട്ടവട്ടങ്ങളിലുമെല്ലാം ഈ വ്യത്യാസം പ്രകടമാണ്. എങ്കിലും ഉപ്പേരിയും പായസവും ശര്‍ക്കര വരട്ടിയും പപ്പടവുമില്ലാത്ത ഓണസ്സദ്യ ഇല്ലതന്നെ. എല്ലാം ഒത്തുചേരുമ്പോള്‍ മഴവില്ലിനെ തോല്‍പ്പിക്കുന്ന തരത്തില്‍ നിറങ്ങളുടെ ആറാട്ട് തീര്‍ക്കുകയാണ് ഓരോ ഓണവും.

ഒരുപക്ഷേ പ്രവാസികളയ നമ്മള്‍ ആയിരിക്കും ഓണം പോലെയുള്ള വിശേഷങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വാദ്യകരമാക്കുക. ഗൃഹാതുരത്വം പേറുന്ന ഓരോ മലയാളിയും തങ്ങളുടെ പാരമ്പര്യത്തിലൂന്നിയുള്ള അവസ്ഥകളില്‍ ഏറെ അലയുന്നതു കാണാം. അത് ഓണമായാലും വിഷു ആയാലും ക്രിസ്മസ് ആയാലും അങ്ങനെയാണ്.

ഒരര്‍ത്ഥത്തില്‍ ഓണാഘോഷത്തിന്റെ വിശുദ്ധിയില്‍ വിട്ടുവീഴ്ചകള്‍ വരുത്താതെ വികാരമുള്‍ക്കൊണ്ടുള്ള ആഘോഷങ്ങള്‍ നടത്തുന്നത് മറുനാടന്‍ മലയാളികളും പ്രവാസി മലയാളികളുമാണ്. ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ നഷ്ടപ്പെടുന്നത് പലതും തിരിച്ചുപിടിക്കാനുള്ള ആത്മാര്‍ത്ഥതയും സ്നേഹവും കലര്‍ന്ന അവരുടെ ശ്രമം കൂടിയാണ് അവര്‍ക്ക് ഓണം.

അത്തപ്പൂക്കളമൊരുക്കാന്‍ കൂട്ടുകാരുമൊത്ത് നാടായ നാടൊക്കെ നടന്നു പറിച്ച പൂക്കളുടെ നറുമണം മുതല്‍ പപ്പടം കാച്ചുന്നതിന്റെയും പായസത്തിന്റെയും, പലഹാരത്തിന്റെയും, സദ്യയുടെയും ഓണക്കോടിയുടെ പുതുമണം ഇന്നും ആത്മാവിനെ  ത്രസിപ്പിക്കുന്നതാണ്. ഇത് അനുഭവിച്ച ഏത് ഒരാളും ലോകത്തിന്റെ ഏത് കോണിലിരുന്ന് ഓണനാളില്‍ ആഞ്ഞൊരു ശ്വാസമെടുത്താല്‍ മൂക്കിന്‍ തുമ്പത്ത് ആ ഗന്ധം അതേ ഊക്കോടെ എത്തും.

ഒത്തുചേരലുകളും ഒന്നിച്ചുള്ള ഊഞ്ഞാലാട്ടവും വടംവലിയും പുലികളിയും ഒരുക്കങ്ങളും ഓര്‍ക്കാന്‍ തുടങ്ങിയാല്‍ സമാനതകള്‍ ഒരു പാടുണ്ട് ഓരോ മലയാളിയുടെയും വികാരങ്ങളെത്തൊട്ടുണര്‍ത്തുന്ന ഓണസ്മരണകളില്‍. എങ്ങനെ നോക്കിയാലും നമ്മുടെ മനസിനെ മൊത്തത്തില്‍ തഴുകിത്തലോടി ആനന്ദലഹരിയില്‍ ആഴ്ത്തിയാണ് ഓരോ ഓണവും കടന്നു പോകുന്നത്. നല്ല കാലത്തിന്റെ ഓര്‍മ്മ പുതുക്കല്‍! അതുതന്നയല്ലേ ഒരു ഓണം!
ഇ- മലയാളി ഓണം സ്‌പെഷല്‍-2: ആത്മാവിനെ ത്രസിപ്പിക്കുന്ന ഓണത്തിന്റെ ഗന്ധം  (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക