Image

മഴക്കെടുതി: വിവിധ പ്രവാസി സംഘടകള്‍ സഹായഹസ്തവുമായി രംഗത്ത്

Published on 11 August, 2018
മഴക്കെടുതി: വിവിധ പ്രവാസി സംഘടകള്‍ സഹായഹസ്തവുമായി രംഗത്ത്

കുവൈത്ത് : കേരളത്തില്‍ അപ്രതീക്ഷിതമായുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാന്‍ കുവൈത്തിലെ വിവിധ പ്രവാസി സംഘടനകള്‍ രംഗത്തുവന്നു. 

കുവൈത്ത് കെ എംസിസി 12 ഏരിയകള്‍ കേന്ദ്രീകരിച്ച് ഫണ്ട് ശേഖരണം നടത്താന്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതായി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍ ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കുവൈത്തിലുള്ള മുഴുവന്‍ മനുഷ്യസ്‌നേഹികളും ഈ കാരുണ്യ പദ്ധതിയുമായി സഹകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സഹായിക്കാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍:503 37788, 97622788.

പ്രളയ ദുരന്തത്തില്‍ കുവൈത്തിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) ഉത്കണ്ഠ രേഖപ്പെടുത്തുകയും മരണമടഞ്ഞ കുടുംബാഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും വ്യക്തിപരമായും സംഘടനാപരമായും സഹായങ്ങള്‍ എത്തിക്കാന്‍ പരിശ്രമിക്കണമെന്ന് അംഗങ്ങളോട് ആവശ്യപ്പെടുന്നതായും ഭാരവാഹികള്‍ ഇറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു. 

കുവൈത്തിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂടായ്മയായ എംഎംഎഫ് ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച കോഴിക്കോട്ടുവച്ചു തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് ഒരു ലക്ഷം രൂപയുടെ ഡിഡി കൈമാറുമെന്ന് മലയാളി മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ ടി.വി. ഹിക്മത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക