Image

മാധ്യമങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ സഭയുടെ വിശ്വാസത്തെ തകര്‍ക്കാനാവില്ല: കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ

ഡോ. ജോര്‍ജ് കാക്കനാട്ട് Published on 12 August, 2018
മാധ്യമങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ സഭയുടെ വിശ്വാസത്തെ തകര്‍ക്കാനാവില്ല: കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ
സ്റ്റാംഫോര്‍ഡ്, കണക്ടിക്കട്ട്: യേശു ക്രിസ്തു ആരെന്നു ബോധ്യപ്പെട്ട സഭാ വിശ്വാസികള്‍ക്ക് ആരെങ്കിലും എന്തെങ്കിലും പറയുന്നതു കൊണ്ടോ മാധ്യമങ്ങളില്‍ എന്തെങ്കിലും പറയുന്നതു കേട്ടോ സഭയിലുള്ള വിശ്വാസത്തിനു കോട്ടം തട്ടുകയില്ലെന്നു സീറോ മലങ്കര സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. കണക്ടിക്കട്ടിലെ സ്റ്റാംഫോര്‍ഡിലുള്ള ഹില്‍ട്ടന്‍ ഹോട്ടലില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ അഞ്ചു വരെ നടന്ന പത്താമത് സീറോ മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവില്‍ അധിഷ്ഠിതമായ സഭയുടെ ശരീരമാണ് നാം ഓരോരുത്തരും. വിമര്‍ശനങ്ങള്‍ ഉയരുന്നത് സഭയെക്കുറിച്ചു ആകുമ്പോള്‍ അത് നാം ഓരോരുത്തരെയും കുറിച്ചു കൂടിയാണെന്ന വിശ്വാസികളായ നാം ഓരോരുത്തരും ഓര്‍ക്കണം, അതുകൊണ്ട് ഒരു യഥാര്‍ത്ഥ വിശ്വാസി സഭയുടെ വിശ്വാസത്തില്‍ നിന്നു വ്യതിചലിക്കുന്നവനാകരുത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭയുടെ പരമോന്നത സ്ഥാനങ്ങളിലെ ശിശ്രുഷകളില്‍ വ്യാപാരിക്കുന്നവര്‍ക്ക് ബലഹീനതകളും കുറവുകളും ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. അതൊക്കെ തിരുത്തിപറയുകയോ ന്യായികരിക്കുകയോ ഒന്നുമല്ല ഒരു യഥാര്‍ത്ഥ വിശ്വാസി ചെയ്യേണ്ടത്. മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചില തെറ്റായ സന്ദേശങ്ങള്‍ കേട്ട് വ്യതിചലിക്കേണ്ടതല്ല നമ്മുടെ വിശ്വാസം. മാധ്യമങ്ങളല്ല യേശു ക്രിസ്തുവാണ് നമ്മുടെ വിശ്വാസ കേന്ദ്രം. അവനില്‍ വിശ്വസിക്കുന്നവന്‍ അവന്‍ പറയുന്ന വഴികളിലൂടെ നടക്കണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദൈവത്തില്‍നിന്ന് കൂടുതല്‍ ലഭിച്ചിട്ടുള്ളവര്‍ കൂടുതല്‍ ചുമതലാബോധമുള്ളവര്‍ ആയിരിക്കണമെന്ന് താന്‍ ഉള്‍പ്പെട്ട വൈദിക ശ്രഷ്ഠരെ ഉദ്ദേശിച്ചു അദ്ദേഹം പറഞ്ഞു. സഭാ ചരിത്രത്തിലെ വലിയ പ്രതിസന്ധികളെ ദൈവത്തിലാശ്രയിച്ച് തരണം ചെയ്യാന്‍ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇന്നുള്ള പ്രശ്‌നങ്ങളില്‍ നിന്നും സഭ അനായാസം കരകയറുമെന്ന കാര്യം ഉറപ്പാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു സഭ അവന്റേതാണെന്ന്... "നിങ്ങള്‍ നീതിപൂര്‍വ്വം സമചിത്തപാലിക്കുകയും പാപം വര്‍ജിക്കുകയും ചെയ്യുവിന്‍." 1 കൊറി .15;34.

ചിലര്‍ക്ക് ദൈവത്തെപ്പറ്റി ഒരു അറിവും ഉണ്ടാകില്ല.ദൈവത്തെ അറിയാത്ത അത്തരക്കാരെ സൂക്ഷിക്കുക! അതിനായി നാം യഥാര്‍ത്ഥ വിശ്വാസത്തില്‍ നിലകൊള്ളണം. നിങ്ങള്‍ ശ്രവിക്കുന്ന സുവിശേഷം നല്‍കുന്ന പ്രത്യാശയില്‍ നിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടുകൂടെ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിലനില്‍ക്കേണ്ടിയിരിക്കുന്നു. ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ വ്യക്തമാക്കി.

വേദന നല്‍കുന്ന വഴികള്‍ ഹൃദയത്തില്‍ നിറയുമ്പോള്‍ സുവിശേഷം നല്‍കുന്ന പ്രത്യാശയില്‍ നിന്നു വ്യതിചലിക്കാതെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം. അതായിരിക്കണം നമ്മുടെ വിശ്വാസത്തിന്റെ ഉറവിടം. ലോകത്തിന്റെ ആത്മാവ് നമ്മെ എവിടേക്കും നയിക്കും. പക്ഷെ ദൈവാത്മാവ് നയിക്കുന്ന വഴിയേ ആയിരിക്കണം നാം സഞ്ചരിക്കേണ്ടത്. പ്രയാസങ്ങള്‍ വരുമ്പോള്‍ പ്രത്യാശയില്‍ വന്നില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ യേശു കല്‍പിച്ച വഴികളിലൂടെ സഞ്ചരിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല ഒരു ക്രിസ്ത്യാനിക്ക്. വചനത്തിലൂടെ വിശ്വാസത്തിന്റെ രഹസ്യം കര്‍ത്താവ് വെളിപ്പെടുത്തിത്തന്നിട്ടുള്ളതാണ്. പത്രോസിനുള്ള മറുപടിയായി കര്‍ത്താവു പറഞ്ഞ വചനം ഓര്‍ക്കുക. " യോനായുടെ പുത്രനായ ശിമെയോനെ നീ പാറയാകുന്നു., അതിന്മേല്‍ ഞാന്‍ എന്റെ ആലയം പണിയും." പത്രോസിന്റെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായിട്ടാണ് യേശു തന്റെ സഭയുടെ സിംഹാസനത്തില്‍ പത്രോസിനെ ഉപവിഷ്ട്‌നാക്കിയത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിസന്ധിക്കിടയില്‍ നാം അവലംബിക്കുന്ന വിശ്വാസം എവിടെ നില്‍ക്കുന്നു എന്ന് പരിശോധിക്കണം. നമുക്ക് നല്‍കപ്പെട്ട ഏറ്റവും വലിയ കൃപ ദൈവത്തിന്റെ സ്വന്തം പുത്രനെ നമുക്ക് രക്ഷകനായി ലഭിച്ചു എന്നതാണ്. പ്രയാസങ്ങള്‍ വരുമ്പോള്‍ പ്രത്യാശയെക്കുറിച്ചു മറന്നുപോയാല്‍ അസ്വസ്ഥതയില്‍ നിന്ന് അസ്വസ്ഥതകളിലേക്കു പോകാന്‍ സാധ്യതയുണ്ട്. അദ്ദേഹം പറഞ്ഞു.

സഭയെ അക്രമിക്കുന്നവരുടെ കൂടെ നാം കൂടി പോയാല്‍ എന്ത് സംഭവിക്കും? വിശ്വാസത്തെ ആരു സംരക്ഷിക്കും? സാവൂളിനോട് യേശു പറഞ്ഞതെന്താണെന്നു മനസിലാക്കുന്നത് നല്ലതാണു. "നീ പീഡിപ്പിക്കുന്ന നസ്രായനനായ യേശുവാണ് ഞാന്‍." സാവൂളിനോട് യേശു പറഞ്ഞതിതാണ്. യേശുവിനെ സാവൂള്‍ എന്നെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ? ഇല്ല. എന്നാല്‍ യേശുവിന്റെ ശരീരമാകുന്ന സഭയെയാണ് സാവൂള്‍ പീഡിപ്പിച്ചതെന്നാണ് യേശു അര്‍ത്ഥമാക്കുന്നത്. അതായത് സാവൂള്‍ സഭയെ പീഢിപ്പിച്ചപ്പോള്‍ യേശുവിനെത്തന്നെയാണ് പീഢിപ്പിച്ചതെന്നാണ് യേശുവിന്റെ വചനത്തിന്റെ ര്തനച്ചുരുക്കമെന്ന് ബാവ വ്യക്തമാക്കി.

പരിശുദ്ധാത്മാവിന്റെ ശക്തിയെ കുറച്ചുകാണരുതെന്നു ഉത്‌ബോധിപ്പിച്ച ബാവ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അത്ഭുതമാണ് പരിശുദ്ധാത്മാവിന്റെ ശക്തിയെന്നും പറഞ്ഞു.മീന്‍ പിടുത്തക്കാരെ വരെ സുവിശേഷകരായി രൂപാന്തരപ്പെടുത്തിയ ആ ആത്മാവിന്റെ ശക്തിയില്‍ ഓരോരുത്തരും ശരണപ്പെടണമെന്നും ആത്മീയ യാത്രയെ തടസപ്പെടുത്തുന്ന ഭാരങ്ങള്‍ ഏറ്റെടുക്കരുതെന്നും അവ വേണ്ടെന്നു വയ്ക്കണമെന്നും കാതോലിക്കാബാവ ഉപദേശിച്ചു. വിശ്വാസ പരിശീലനമാണ് സഭയുടെ നിയോഗം. അതുകൊണ്ട് നിങ്ങള്‍ ലോകം മുഴുവനും പോയി സുവിശേഷം അറിയിക്കണം. നിങ്ങള്‍ കണ്ടതും കേട്ടതും സൂക്ഷിച്ചു വീക്ഷിച്ചതുമായ കാര്യങ്ങള്‍ പോയി ലോകത്തെ അറിയിക്കുക. ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ഉത്‌ബോധിപ്പിച്ചു.

സഭാ മക്കളുടെ ഒന്നിച്ചുള്ള കൂടിവരവ് പരിശുദ്ധാത്മാവില്‍ നവീകരിക്കപ്പെടുന്നതിനും സഭാ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു യേശുവിന്റെ സാന്നിധ്യം തങ്ങള്‍ ജീവിക്കുന്ന മേഖലകളില്‍ സാക്ഷ്യമാകുന്നതിനും സഹായിക്കട്ടെ എന്നു പറഞ്ഞ പിതാവ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത് സുവിശേഷത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനും, അതിലൂടെ ഇന്നലെയും ഇന്നും നാളെയും ജീവിക്കുന്ന യേശുവിന്റെ സാന്നിധ്യം മറ്റുള്ളവരിലേക്ക് പകരുവാനുമാണെന്നും വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക