Image

റഷ്യയ്‌ക്കെതിരെ പുതിയ വിലക്കെര്‍പ്പെടുത്താന്‍ യുഎസ്

ഏബ്രഹാം തോമസ് Published on 13 August, 2018
റഷ്യയ്‌ക്കെതിരെ പുതിയ വിലക്കെര്‍പ്പെടുത്താന്‍ യുഎസ്
വാഷിങ്ടന്‍: റഷ്യയ്‌ക്കെതിരെ ഉടനെ പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം വെളിപ്പെടുത്തി. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കഴിയുന്ന ഒരു മുന്‍ റഷ്യന്‍ ചാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുള്ള ശിക്ഷാ നടപടിയായാണു വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത്.

മാര്‍ച്ച് 4 നു നടന്ന സംഭവത്തില്‍ മുന്‍ ചാരന്‍ സെര്‍ഗി സ്‌ക്രിപല്‍, മകള്‍ യൂലിയ എന്നിവരെ നെര്‍വ് ഏജന്റ് നല്‍കി കൊല്ലാന്‍ ശ്രമിച്ചത് റഷ്യയാണെന്ന് ബ്രിട്ടിഷ് അധികാരികള്‍ ആരോപിച്ചിരുന്നു. റഷ്യ ഈ ആരോപണം നിഷേധിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍ റഷ്യയിലേയ്ക്ക് പ്രതിവര്‍ഷം നടത്തുന്ന 7 ബില്യന്‍ ഡോളറിന്റെ കയറ്റുമതിയുടെ പകുതിയെ ബാധിക്കും എന്നു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ട്രംപ് ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്‍ജിനുകള്‍, ഇലക്ട്രോണിക്‌സ് സര്‍ക്യൂട്ടുകള്‍, ടെസ്റ്റിങ് എക്വിപ്‌മെന്റുകള്‍ തുടങ്ങിയ ദേശീയ സുരക്ഷയ്ക്ക് ഉപയോഗിക്കുവാന്‍ സാധ്യതയുള്ള സാമഗ്രികളുടെ ലൈസന്‍സുകള്‍ നിരോധിക്കുകയാണ് ചെയ്യുക. തങ്ങള്‍ കയറ്റി അയയ്ക്കുന്ന സാധനങ്ങളുടെ നിയമപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് കയറ്റുമതിക്കാര്‍ ബോദ്ധ്യപ്പെടുത്തണം. ഈ കടമ്പ കടക്കുക അത്ര എളുപ്പമല്ലെന്ന് വാണിജ്യ വിദഗ്ദ്ധര്‍ പറയുന്നു.

തിരഞ്ഞെടുപ്പിലെ ഇടപെടലിനും മറ്റു നടപടികള്‍ക്കും ഇത്തരമൊരു നിരോധം റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ മുന്‍പ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചെറുത്ത് നിന്നതാണ്. ഇത്തവണ മറ്റു പോംവഴി ഇല്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ട്രംപ് വഴങ്ങിയതെന്ന് നിരീക്ഷകര്‍ പറയുന്നു. 1991 ലെ ഒരു നിയമം അനുസരിച്ച് ട്രംപിന് നടപടി കൈക്കൊള്ളേണ്ടി വന്നു. കാരണം കെമിക്കലോ ബയോളജിക്കലോ ആയ ഒരു ആയുധം റഷ്യ ഉപയോഗിച്ചു എന്ന നിഗമനത്തില്‍ ഭരണകൂടം എത്തിച്ചേര്‍ന്നിരുന്നു.

സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഒരു അറിയിപ്പില്‍ സാലിസ്ബറി ഇംഗ്ലണ്ടില്‍ നടന്ന ആക്രമണത്തില്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോ നിര്‍ബന്ധിതനായി എന്നു പറഞ്ഞു. വിലക്കേര്‍പ്പെടുത്തുന്നത് ഓഗസ്റ്റ് 22 മുതല്‍ നിലവില്‍ വരും. ഇതിനു മുന്‍പ് രണ്ടു തവണ മാത്രമേ ഇത്തരം സാംഗ്ഷനുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളൂ. 2013 ല്‍ സിറിയ സ്വന്തം ജനങ്ങള്‍ക്കെതിരെ രാസായുധം പ്രയോഗിച്ചപ്പോഴും കിംഗ് ജോംഗ് ഉന്നിന്റെ അര്‍ധസഹോദരനെ കൊലപ്പെടുത്തി എന്നാരോപിച്ചപ്പോഴും. നിരോധിക്കപ്പെട്ട ഒരു നെര്‍വ് ഏജന്റ് ഉപയോഗിച്ച് മലേഷ്യയില്‍ കൊലപാതകം നടത്തിയതായാണ് ആരോപണം.

റഷ്യയ്‌ക്കെതിരായ നിരോധനത്തില്‍ ചില ഇളവുകള്‍ അനുവദിക്കും എന്ന് യുഎസ് അധികാരികള്‍ പറഞ്ഞു. രാജ്യാന്തര ശൂന്യാകാശനിലയത്തിലേക്ക് ആളുകളെയും സാധനങ്ങളും അയയ്ക്കുവാന്‍ യുഎസ് ആശ്രയിക്കുന്ന യന്ത്രസാമഗ്രികളും കമേര്‍ഷ്യല്‍ എയര്‍ ക്രാഫ്റ്റുകളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികളും നിരോധനത്തില്‍ വരികയില്ല.

2013 മുതല്‍ റഷ്യയുമായുള്ള വ്യാപാരം കുറഞ്ഞു വരികയായിരുന്നു. കാരണം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഏതാണ്ട് തണുത്തുറഞ്ഞിരിക്കുക യായിരുന്നു. കഴിഞ്ഞ വര്‍ഷം റഷ്യയിലേക്ക് മിലിട്ടറി യന്ത്ര സാമഗ്രികള്‍ അയയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. മനുഷ്യാവകാശ ലംഘനങ്ങളും പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിനോട് അടുത്തു ബന്ധമുള്ള ജനാധിപത്യ പ്രഭുക്കളുടെ നിയമ ദുരുപയോഗവുമായിരുന്നു കാരണങ്ങള്‍.

സ്‌ക്രിപലിന് വിഷം നല്‍കിയ സംഭവത്തിന് ശേഷം പശ്ചിമ രാഷ്ട്രങ്ങള്‍ 150 ല്‍ അധികം നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇവരില്‍ യുഎസ് പുറത്താക്കിയ 60 പേരും ഉള്‍പ്പെടുന്നു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ യുഎസ് കോണ്‍സുലേറ്റും അടച്ചു പൂട്ടാന്‍ ഉത്തരവിട്ടു.

ജൂണില്‍ രണ്ടു ബ്രിട്ടിഷ് പൗരന്മാര്‍ക്ക് ഈ നെര്‍വ് ഏജന്റുമായി സമ്പര്‍ക്കം ഉണ്ടായി. ഇവരില്‍ ഒരാള്‍ മരിച്ചു. പുച്ചിനും റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ട്രംപ് ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം ഇരുവരും ഹെല്‍സങ്കിയില്‍ സന്ധിച്ചു. യുഎസ് ഇന്റലിജെന്‍സ് ഏജന്‍സികള്‍ മോസ്‌കോ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്ന നിഗമനത്തില്‍ എത്തിയതിനുശേഷം ഇങ്ങനെ ഒരു കൂടിക്കാഴ്ച നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക