Image

മെഗാ ലോട്ടറി നറുക്കെടുപ്പ്; ഹോളിക്കെതിരെ മോശം പരാമര്‍ശം; ബിബിസി മാപ്പു പറഞ്ഞു

Published on 30 March, 2012
മെഗാ ലോട്ടറി നറുക്കെടുപ്പ്; ഹോളിക്കെതിരെ മോശം പരാമര്‍ശം; ബിബിസി മാപ്പു പറഞ്ഞു
അറ്റ്‌ലാന്റ: ലോകത്തിലെ ഏറ്റവും വലിയ ലോട്ടറികളിലൊന്നിന്റെ നറുക്കെടുപ്പ് യുഎസിലെ അറ്റ്‌ലാന്റയില്‍ നടന്നു. 640 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയുള്ള മെഗാ മില്യണ്‍ ലോട്ടറിയടിച്ച ഭാഗ്യവാനാരാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2-4-23-38-46, മെഗാബാള്‍ 23 എന്ന നമ്പറിനാണ് ജാക്‌പോട്ട് അടിച്ചിരിക്കുന്നത്. 42 സംസ്ഥാനങ്ങള്‍ പങ്കെടുത്ത നറുക്കെടുപ്പില്‍ മേരിലാന്‍ഡില്‍ നിന്നുള്ള ടിക്കറ്റിനാണ് സമ്മാനമടിച്ചിരിക്കുന്നത്. ടിക്കറ്റ് വില്‍പനയിലൂടെ 1.5 ബില്യണ്‍ ഡോളറാണ് സമാഹരിച്ചെതന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
(Lottery ticket-holders in Kansas, Illinois and Maryland each selected the winning numbers and will split a $640 million jackpot that was believed to be the world's largest such prize, a lottery official said today. The winning Mega Millions numbers: 2, 4, 23, 38, 46 and Mega 23.)
വിജയിക്ക് സമ്മാനത്തുക 26 വര്‍ഷവും തുല്യ ഗഡുക്കളായി സ്വീകരിക്കുന്നതിനോ ഒറ്റതവണ സ്വീകരിക്കുന്നതിനോ സൗകര്യമുണ്ടാകും. ഒറ്റത്തവണയാണ് സ്വീകരിക്കുന്നതെങ്കില്‍ 460 മില്യണ്‍ ഡോളര്‍ മാത്രമെ സമ്മാനത്തുതകയായി ലഭിക്കുകയുള്ളൂ. 2007ല്‍ രണ്ടുപേര്‍ക്ക് സമ്മാനത്തുകയായി 390 മില്യണ്‍ ഡോളര്‍ നല്‍കിയതായിരുന്നു മെഗാ മില്യണ്‍ ജാക്‌പോട്ടിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക.

ഹോളിക്കെതിരെ മോശം പരാമര്‍ശം; ബിബിസി മാപ്പു പറഞ്ഞു

ലണ്ടന്‍: ഹിന്ദു ആഘോഷമായ ഹോളിയെക്കുറിച്ച് മോശമായി പരാമര്‍ശിച്ചതിന് പ്രമുഖ വാര്‍ത്താ ചാനലായ ബിബിസി മാപ്പു പറഞ്ഞു. 29ന് ബിബിസി വെബ്‌സൈറ്റില്‍ യുഎസ്എയിലെ ഉഠായില്‍ ഹിന്ദുക്കള്‍ ഹോളി ആഘോഷഷിക്കുന്നതിന്റെ വീഡിയോ നല്‍കിയതാണ് വിവാദമായത്. ഈ ആഴ്ചയിലെ വ്യത്യസ്ത വീഡിയോ വിഭാഗത്തില്‍ നല്‍കിയിരിക്കുന്ന ഹോളി ആഘോഷത്തിന്റെ വീഡിയോക്ക് ഫില്‍ത്തി ഫെസ്റ്റിവല്‍ എന്ന തലക്കെട്ട് നല്‍കിയതാണ് വിവാദമായത്. സംഭവത്തിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ ബിബിസി എഡിറ്റര്‍ മാര്‍ക് ബാര്‍ലെക്‌സ് മാപ്പു പറഞ്ഞ് കത്തയച്ചതായി യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ രാജന്‍ സെഡ് പറഞ്ഞു. നിറങ്ങളുടെ ഉത്സവമായ ഹോളിയെ വൃത്തികെട്ട ഉത്സവം എന്ന് അധിക്ഷേപിക്കുകവഴി ബിബിസി ഹിന്ദുസമുദായത്തെ ഒന്നടങ്കം അപമാനിക്കുകായായിരുന്നുവെന്ന് രാജന്‍ സെഡ് വ്യക്തമാക്കി. എന്നാല്‍ വീഡിയോയുടെ തലക്കെട്ടില്‍ തെറ്റു പറ്റിയതാണെന്നും ഫില്‍ത്തി ഫെസ്റ്റിവല്‍ എന്ന തലക്കെട്ട് പിന്‍വലിച്ച് ഫെസ്റ്റിവല്‍ ഓഫ് കളര്‍ എന്ന് തിരുത്തി നല്‍കിയിട്ടുണ്‌ടെന്നും മാര്‍ക് ബാര്‍ലെക്‌സ് പറഞ്ഞു.

റോംനിയ്ക്കു തന്നെ സാധ്യതയെന്ന് ഒടുവില്‍ ഗിന്‍ഗ്രിച്ച്

വാഷിംഗ്ടണ്‍:യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത മുന്‍ മാസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനിയ്ക്കു തന്നെയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിമോഹികളില്‍ മുന്‍നിരയിലുണ്ടായിരുന്ന ന്യൂട്ട് ഗിന്‍ഗ്രിച്ച്. ചൊവ്വാഴ്ച വിസ്‌കോസിനില്‍ നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗിന്‍ഗ്രിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ നിന്ന് പിന്‍മാറില്ലെന്നും ഗിന്‍ഗ്രിച്ച് പറഞ്ഞു. സ്ഥാനാര്‍ഥിത്വത്തിനാവശ്യമായ 1,144 ഡെലിഗേറ്റുകളുടെ പിന്തുണ റോംനിയ്ക്ക് നേടാനാവുമെന്നാണ് കരുതുന്നത്. ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പാവുന്ന അവസരത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ സന്തോഷമേയുള്ളൂ. എന്നാല്‍ ആദ്യം ഡിലിഗേറ്റുകളുടെ പിന്തുണ അദ്ദേഹം ഉറപ്പാക്കട്ടെ. അതുവരെ പോരാട്ടം തുടരും-ഗിന്‍ഗ്രിച്ച് പറഞ്ഞു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ നല്ല തുടക്കമിട്ട മുന്‍ ഹൗസ് സ്പീക്കര്‍ കൂടിയായ ഗിന്‍ഗ്രിച്ച് ഇപ്പോള്‍ റോംനിയ്ക്കും റിക് സാന്റോറത്തിനും പിന്നില്‍ മൂന്നാമതാണ്.

നാന്‍സി പവല്‍ ഇന്ത്യയിലെ യുഎസ് സ്ഥാനപതി

വാഷിംഗ്ടണ്‍: ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായി നാന്‍സി ജെ. പവലിനെ നിയമിക്കാനുള്ള പ്രസിഡന്റ് ബറാക് ഒബാമയുടെ നാമനിര്‍ദേശം യുഎസ് സെനറ്റ് അംഗീകരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഏകദേശം രണ്ടുമാസം മുന്‍പ് ഒബാമയുടെ ഇതു സംബന്ധിച്ച നാമനിര്‍ദേശം ഉണ്ടായെങ്കിലും സെനറ്റ് അംഗീകാരം ലഭിക്കാത്തതു മൂലം നിയമനം വൈകുകയായിരുന്നു.

ഇന്ത്യയിലെ ആദ്യ വനിതാ യുഎസ് സ്ഥാനപതിയാണ് അറുപത്തിനാലുകാരിയായ നാന്‍സി.പാക്കിസ്ഥാനിലെയും നേപ്പാളിലെയും സ്ഥാനപതി ആയിരുന്ന അവര്‍ നേരത്തെ കൊല്‍ക്കത്തയിലും ന്യൂഡല്‍ഹിയിലും നയതന്ത്ര ജോലികള്‍ നോക്കിയിട്ടുണ്ട്. ഒട്ടാവയിലും പ്രവര്‍ത്തിച്ചിരുന്നു.യുഎസ് വിദേശകാര്യവകുപ്പില്‍ ഫോറിന്‍ സര്‍വീസ് ഡയറക്ടര്‍ ജനറലും ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തിമോത്തി ജെ. റോമര്‍ രാജിവച്ച ഒഴിവിലാണ് പുതിയ നിയമനം.

ഗുലാം ഫായിക്ക് യുഎസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷ

വാഷിംഗ്ടണ്‍: യു.എസില്‍ കാശ്മീരിനു വേണ്ടി വാദിച്ചുകൊണ്ടിരുന്ന പാകിസ്താന്‍ വംശജന്‍ ഗുലാം നബി ഫായിക്ക് ഒരു യു.എസ് കോടതി രണ്ടു വര്‍ഷത്തെ തുടവുശിക്ഷ വിധിച്ചു. പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്കു വേണ്ടി യു.എസില്‍ പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിനാണ് ശിക്ഷ. ഗൂഡാലോചന, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. വിര്‍ജീനിയയിലെ അലക്‌സാഡ്ര ഈസ്‌റ്റേണ്‍ ഡിസ്ട്രിക്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. ജുണ്‍ 25ന് നടക്കുന്ന മകളുടെ ബിരുദദാന ചടങ്ങിനു ശേഷം ഫായി കീഴടങ്ങുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. 2011 ജൂലൈയിലാണ് 62കാരനായ ഫായി അറസ്റ്റിലായത്. ഐഎസ്‌ഐയുടെ ഏജന്റാണ് താനെന്ന് സമ്മതിച്ച ഫായി പാകിസ്താന്‍ സര്‍ക്കാരില്‍ നിന്നും 35 ലക്ഷം ഡോളര്‍ കൈപ്പറ്റിയതായും സമ്മതിച്ചിരുന്നു. ഡിസംബറിലാണ് ഫായിയെ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

അമേരിക്കയുടെ 'ശബ്ദ'മാകാന്‍ മലയാളി പെണ്‍കൊടി
യും

വാഷിംഗ്ടണ്‍: എന്‍ബിസിചാനലിന്റെ സംഗീത റിയാലിറ്റി ഷോ ആയ 'ദ വോയ്‌സി'ലൂടെ താരമാവാന്‍ ഒരു മലയാളി പെണ്‍കൊടി. മലയാളിയായ ഷാരോണ്‍ മത്തായി ആണ് പ്രാഥമിക മത്സരങ്ങളില്‍ 24 പേരെ പിന്തള്ളി ഒന്നാമതെത്തിയത്. ഷാരോണിന്റെ പരിപാടി ഏപ്രില്‍ രണ്ടു മുതല്‍ ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും. അഡെലെയുടെ പ്രശസ്തമായ റൂമര്‍ ഹാസ് ഇറ്റ് എന്ന ഗാനമാണ് ഷാരോണ്‍ പ്രാഥമിക റൗണ്ടില്‍ ആലപിച്ചത്.

ബ്ലൈന്‍ഡ് ഓഡിഷിനിംഗ് എന്ന പേരുള്ള പ്രാഥമിക റൗണ്ടാണ് 'ദ വോയ്‌സി' ന്റെ പ്രത്യേകത. ഈ റൗണ്ടില്‍ ജഡ്ജിമാര്‍ പാട്ടുകാര്‍ക്ക് പുറം തിരിഞ്ഞിരുന്നാണ് പാട്ട് വിലയിരുത്തുക. പാട്ടിഷ്ടപ്പെട്ടാല്‍ ബട്ടനമര്‍ത്തിയ ശേഷം മത്സരാര്‍ഥിക്ക് നേരെ തിരിയാം. അങ്ങനെ തിരിയുന്ന ജഡ്ജിയായിരിക്കും മത്സരാര്‍ഥിയുടെ ഗുരുസ്ഥാനീയന്‍. ഒന്നിലധികം ജഡ്ജിമാര്‍ തിരിഞ്ഞാല്‍ ഗുരുവിനെ മത്സരാര്‍ഥിക്ക് തന്നെ തിരഞ്ഞെടുക്കാം.പ്രശ്‌സ്ത അമേരിക്കന്‍ ഗായകന്‍ ആഡം ലെവിനെയാണ് തന്റെ പാട്ടിഷ്ടപ്പെട്ട മൂന്ന് ജഡ്ജിമാരില്‍ നിന്ന് ഷാരോണ്‍ തിരഞ്ഞെടുത്തത്. നേരത്തേ ഗ്ലീ പ്രൊജക്ട് എന്ന റിയലിറ്റി ഷോയിലും ഷാരോണ്‍ പങ്കെടുത്തിരുന്നു. ഷാരോണിന്റെ അച്ഛന്‍ മനോരോഗ വിദഗ്ധനും അമ്മ നഴ്‌സുമാണ്.
മെഗാ ലോട്ടറി നറുക്കെടുപ്പ്; ഹോളിക്കെതിരെ മോശം പരാമര്‍ശം; ബിബിസി മാപ്പു പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക