Image

തിരുവനന്തപുരത്തും മഴ തുടരുന്നു, വീടുകള്‍ വെള്ളത്തിനടിയില്‍

Published on 15 August, 2018
തിരുവനന്തപുരത്തും മഴ തുടരുന്നു, വീടുകള്‍ വെള്ളത്തിനടിയില്‍

തിരുവനന്തപുരത്ത് കനത്ത മഴയില്‍ വ്യാപകനാശനഷ്ടം. ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടുകളില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചു. കരമനയാറിന്റെ തീരത്തുള്ള നിരവധി വീടുകളില്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്.

നഗരത്തിലെ ചാല മാര്‍ക്കറ്റ്, ജഗതി, കണ്ണമ്മൂല തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. തോരാതെ പെയ്യുന്ന മഴയില്‍ പലയിടത്തും വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ രണ്ടു മരണം സ്ഥിരീകരിച്ചു. ചിറയിന്‍ കീഴില്‍ വീടിന്റെ ചുവരിടിഞ്ഞു വീണ് വൃദ്ധന്‍ മരിച്ചു. ചിറയിന്‍ കീഴ് താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്റെ പിതാവ് ഗോപാലനാണ് മരിച്ചത്. ശ്രീകാര്യത്ത് കാറ്റില്‍ ഒടിഞ്ഞ തെങ്ങ് വീണ് കണ്ണന്‍ എന്ന യുവാവും മരണമടഞ്ഞു. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ആറടിയായി ഉയര്‍ത്തിയതോടെ കരമന, വീരണകാവ്, കള്ളിക്കാട്, മൈലക്കര, എന്നീ പ്രദേശങ്ങളിലെ വീടുകള്‍ പലതും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയുമുണ്ട്.

നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കനത്ത് മഴ തുടരുന്നതിനാല്‍ അടിയന്തിരജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. കരമനയാറ്റില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തിരുവനന്തപുരം താലൂക്കില്‍ മാത്രം ആറ് ദുരിതാശ്വാസ ക്യാമ്ബുകളാണ് തുറന്നിരിക്കുന്നത്. ജില്ലയില്‍ പല മേഖലകളിലും വൈദ്യുതി ബന്ധം തകരാറിലായി. ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ചിലയിടങ്ങളില്‍ ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക