Image

മഴക്കെടുതി: കേരളത്തിന് വിവിധ പ്രവാസി സംഘടനകളുടെ സഹായഹസ്തം

Published on 15 August, 2018
മഴക്കെടുതി: കേരളത്തിന് വിവിധ പ്രവാസി സംഘടനകളുടെ സഹായഹസ്തം
കുവൈത്ത് : കേരളത്തിലെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വിവിധ പ്രവാസി സംഘടനകള്‍ മുന്നോട്ടുവരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക ദുരിതാശ്വാസനിധി രൂപീകരിക്കാന്‍ കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ കേന്ദ്ര പ്രവര്‍ത്തകസമിതിയുടെ അടിയന്തര യോഗം തീരുമാനിച്ചു.

കെകെഐസി മെംബര്‍ ചുരുങ്ങിയത് ഒരു ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കണം. ഇതിനു പുറമെ മനുഷ്യസ്‌നേഹികളായ പൊതു സമൂഹത്തിന്റെ പിന്തുണ തേടും. ഫണ്ടില്‍ നിന്ന് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ബാക്കി തുക വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്റെ യും പ്രാദേശിക ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ നേരിട്ടുള്ള സഹായപദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തും.

കെഎഇ കുവൈത്ത് ഒന്നര ലക്ഷം രൂപ സഹായം നല്‍കും

കുവൈത്തിലെ കാസര്‍ ഗോഡ് ജില്ലക്കാരുടെ പൊതു വേദിയയായ കാസര്‍ ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കേരളത്തിലെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച ഒന്നര ലക്ഷം രൂപയുടെ സഹായം അടുത്ത ദിവസം കണ്ണൂര്‍ , വയനാട് , കോഴിക്കോട് , ജില്ലകളിലെ ദുരിതാശ്വസ കേന്ദ്രങ്ങളിലെ ആളുകള്‍ക്കുവേണ്ടി വിനിയോഗിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

പ്രസ്തുത ജില്ലകളിലെ കളക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും സഹായം നല്‍കുക. ഇതുമായി ബന്ധപ്പെട്ടു കെ ഇ എ ഭാരവാഹികള്‍ കളക്ടര്‍മാരുമായി ആശയവിനിമയം നടത്തുകയും ദുരിത ബാധിതര്‍ക്കാവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. അതോടപ്പം ആവശ്യമനുസരിച്ച് വസ്ത്രങ്ങളും എത്തിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക