Image

ആ തോക്ക് ഇപ്പോള്‍ ആരുടെ കൈവശമു ണ്ട്? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 16 August, 2018
ആ തോക്ക് ഇപ്പോള്‍ ആരുടെ കൈവശമു ണ്ട്? (ഏബ്രഹാം തോമസ്)
ഡാലസ്, ടെക്‌സസ്: ഒരു തോക്കിന്റെ തിരോധാനം ചിലരെങ്കിലും ഗൗരവമായി എടുക്കുമെന്ന് കരുതാം. പരസ്യമായി ആരും പ്രതികരിക്കുവാന്‍ തയ്യാറാകുന്നില്ല. സര്‍വീസ് പിസ്റ്റളായി മുന്‍ കൗണ്ടി ഷെരീഫ് ലുപെ വാല്‍ഡെഡ് ഉപയോഗിച്ചിരുന്ന ആയുധം കഴിഞ്ഞ ഡിസംബര്‍ 31ന് അവര്‍ സേവനത്തില്‍ നിന്ന് അവര്‍ വിരമിച്ചതിന് ശേഷം ആരുടെ കയ്യിലാണ്, എവിടെയാണ് എന്ന ചോദ്യങ്ങള്‍ ഉത്തരം കിട്ടാത്തവയായി ശേഷിക്കുന്നു. വാല്‍ഡെഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലോണായി എടുത്ത് ഉപയോഗിച്ചിരുന്ന ബെരെറ്റ 9 എം എം പിസ്റ്റള്‍ അവര്‍ ഡിപ്പാര്‍ട്ടുമെന്റിന് തിരിച്ച് നല്‍കിയോ അതോ ആയുധം ഇപ്പോഴും അവരുടെ കൈവശമാണോ എന്ന് ഇനിയും അറിവായിട്ടില്ല.

ടെക്‌സസ് അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനമാണ്. ടെക്‌സസ് ഗവര്‍ണറാകാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി വാല്‍ഡെഡ് മത്സരിക്കുകയാണ്. ഉത്തരവാദിത്വബോധം പ്രകടിപ്പിക്കാത്ത ഒരു വ്യക്തിക്ക് ഒരു വലിയ സംസ്ഥാനത്തെ എങ്ങനെ നയിക്കുവാന്‍ കഴിയും എന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. സ്ഥാനാര്‍ത്ഥി ആയതിന് ശേഷം ചിലര്‍ സ്വകാര്യ വിവരങ്ങള്‍ ചികഞ്ഞെടുത്ത് വാല്‍ഡസ് സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ നികുതി അടയ്ക്കുവാന്‍ മറന്നുപോയ കഥ വെളിപ്പെടുത്തി. അപാകതകള്‍ കുറെയധികം ആരോപിക്കപ്പെട്ടതാണ് അവരുടെ ഷെരീഫ് കാലം.

ഡാലസ് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത് തോക്കിന്റെ തിരോധാനം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത് 2017 ഡിസംബര്‍ 31ന് ശേഷമാണെന്നാണ്. കൃത്യമായ തീയതി വ്യക്തമാക്കുന്നില്ല. ഈ വസന്തകാലത്ത് ഇതെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ജൂലൈയില്‍ പിസ്റ്റള്‍ കാണാനില്ല എന്ന വിവരം രേഖകളില്‍ ഉള്‍പ്പെടുത്തി. അതിന് ശേഷം വലിയ പുരോഗതി ഇക്കാര്യത്തില്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല.
ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്ന 557 അധികാരികള്‍ക്ക് വെടികോപ്പുകള്‍ കൈവശം വയ്ക്കുവാന്‍ അനുവാദമുണ്ട്. ഇവരെല്ലാവരും ഡിപ്പാര്‍ട്ടുമെന്റിന്റെ തോക്കുകളല്ല കൈവശം വയ്ക്കുന്നത്. ഒരു ഓഡിറ്റ് നടത്തിയപ്പോഴാണ് ഒരു തോക്ക് കാണാനില്ലെന്ന് കണ്ടെത്തിയത്. ഈ തോക്ക് വാല്‍ഡെസിന് നല്‍കിയതാണെന്നും കണ്ടെത്തി.

നിയമപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയുടെയും ഏജന്‍സിയുടെയും സര്‍വപ്രാധാനവും നിര്‍ണ്ണായകവുമായ ഉത്തരവാദിത്വം സുരക്ഷിതമായി വെടിക്കോപ്പുകള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതുമെന്ന് നിരീക്ഷകര്‍ പറയുന്നു. ഇക്കാര്യത്തില്‍ വാല്‍ഡസും അവര്‍ നയിച്ചിരുന്ന ഡിപ്പാര്‍ട്ടുമെന്റും പരാജയപ്പെട്ടു എന്നവര്‍ കുറ്റപ്പെടുത്തുന്നു. മാസങ്ങളായി തോക്ക് കാണാനില്ല എന്ന് ഡിപ്പാര്‍ട്ടുമെന്റിന് അറിയാമായിരുന്നിട്ടും ഈ വിവരം മൂടി വച്ചു എന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. അത് പോലെ വാല്‍ഡെസ് സ്വയം മുന്നോട്ടു വന്ന് തനിക്കറിയാവുന്ന വിവരങ്ങള്‍ തുറന്ന് പറയണം. റിട്ടയര്‍ ചെയ്തപ്പോള്‍ തോക്ക് തിരികെ നല്‍കിയോ എന്നറിയിക്കണം. തിരികെ നല്‍കിയില്ലെങ്കില്‍ തെറ്റ് സംഭവിച്ചു എന്ന് ഏറ്റ് പറയണം.
വിരോധാഭാസമെന്ന് പറയട്ടെ, ഗവര്‍ണ്മര്‍ ഗ്രെഗ് ആബട്ട് ഗണ്‍ സേഫ്ടി വിഷയം കൈകാര്യം ചെയ്യുന്ന രീതി വാല്‍ഡെസ് നിശിതമായി വിമര്‍ശിച്ചിരുന്നു. ഉത്തരവാദിത്തമില്ലാതെ തോക്കുകള്‍ സൂക്ഷിക്കുന്ന മാതാപിതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് വാല്‍ഡെസ് ലേഖനം എഴുതിയിരുന്നു. അങ്ങനെ ചെയ്യുന്ന മാതാപിതാക്കളെ ശിക്ഷിക്കണമെന്നും വാദിച്ചു. ഈ വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും വോട്ടര്‍മാര്‍ ഗൗരവത്തിലെടുക്കണമെങ്കില്‍ അവര്‍ സ്വയം മാതൃക കാട്ടണമെന്ന് ചിലര്‍ വാദിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റിന് അവര്‍ക്ക് നല്‍കി തോക്കിനെക്കുറിച്ച് വിവരമില്ല എന്നറിഞ്ഞ ഉടനെ മുന്നോട്ട് വന്ന് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയേണ്ടതായിരുന്നു.

ഈ തോക്ക് എവിടെയാണെന്നോ ആരുടെ കൈവശം ആണെന്നോ ഡിപ്പാര്‍ട്ടുമെന്റിന് അറിയില്ല എന്ന വസ്തുത നിയമം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന അധികാരികള്‍ക്കും പൊതു ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കുമെന്ന് ചില മാധ്യമങ്ങള്‍ പറഞ്ഞു.

ആ തോക്ക് ഇപ്പോള്‍ ആരുടെ കൈവശമു ണ്ട്? (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക