Image

കൊട്ടിയൂര്‍- അമ്ബായത്തോട് വനത്തില്‍ വീണ്ടും ഉരുള്‍പൊട്ടി

Published on 16 August, 2018
കൊട്ടിയൂര്‍- അമ്ബായത്തോട് വനത്തില്‍ വീണ്ടും ഉരുള്‍പൊട്ടി

കൊട്ടിയൂര്‍ മേഖലയില്‍ വീണ്ടും ഉരുള്‍ പൊട്ടിയതോടെ ജനം കടുത്ത ഭീതിയില്‍. അമ്ബായത്തോടിന് സമീപം വനത്തില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടലുണ്ടായത്. വനത്തിലെ ഒരു മലയിടിഞ്ഞ് മണ്ണും കല്ലും ഇരുനൂറിലേറെ മരങ്ങളും പുഴയില്‍ ഒഴുകിയെത്തി. ബാവലിപ്പുഴക്ക് കുറുകേ കല്ലും മണ്ണും ഒഴുകിയെത്തിയപ്പോള്‍ അണക്കെട്ടുപൊട്ടിയപോലെ വെള്ളം ഉയര്‍ന്നത് ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കി. രണ്ടാമത്തെ ഉരുള്‍പൊട്ടലോടെ വീണ്ടും ഈ മേഖല അപകടാവസ്ഥയിലായിരിക്കയാണ്. മരങ്ങള്‍ വന്ന് പാലങ്ങള്‍ ഒട്ടേറെ അടഞ്ഞു പോയതും അപകടത്തിന് ആക്കം കൂട്ടുകയാണ്. വടക്കേ വയനാട് മേഖലയില്‍ പെയ്യന്ന മഴവെള്ളം ഈ മലകളില്‍ കുതിര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത് മഴ വീണ്ടും ശക്തി പ്രാപിക്കുകയാണ്. മലയുടെ ഒരു ഭാഗം പിളന്നാണ് ഈ അവസ്ഥയിലേക്കെത്തിയതെന്ന് അറിയുന്നു. ഉരുള്‍പൊട്ടല്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലേക്കുള്ള ഒറ്റപ്പെട്ട യാത്ര പോലും പഞ്ചായത്ത് അധികൃതരും ജനങ്ങളും ചേര്‍ന്ന് തടയുകയാണ്. വനത്തിനകത്ത് ഇനിയും ഉരുള്‍പൊട്ടാനുള്ള സാധ്യതയുണ്ട്.ചപ്പമലയിലും ഇന്ന് രാവിലെ ഉരുള്‍പൊട്ടലുണ്ടായി,. പലരും ഇപ്പോള്‍ സ്വയം മാറി താമസിച്ചു വരികയാണ്.

എവിടെ നിന്നാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാവുക എന്ന് പ്രവചിക്കാനാവാത്ത അവസഥയാണിവിടെ. മലയില്‍ നിന്നും ഉരുള്‍പൊട്ടി പുഴ പോലെ തന്നെ പുതിയ അരുവികള്‍ ഉണ്ടായിക്കൊണ്ടിരിക്കയാണ്. അതോടെ അവിടങ്ങളിലും ഭീഷണി നിലനില്‍ക്കുന്നു. അമ്ബായത്തോട് മലയില്‍ ക്വാറികളും മറ്റും പ്രവര്‍ത്തിക്കുന്നില്ല. ഈ വനത്തില്‍ കയ്യേറ്റങ്ങളുമില്ല. എന്നിട്ടും ഉരുള്‍പൊട്ടിയത് ശക്തമായ മഴകൊണ്ടാണെന്നാണ് അനുമാനിക്കപ്പെടുന്നത്. കൊട്ടിയൂര്‍ മേഖല ആകെ ഭീഷണിയിലാണ്. എവിടെയാണ് സുരക്ഷിതത്വം എന്നൊന്നും പ്രവചിക്കാനാവുന്നില്ല. ആയിരക്കണക്കിന് വീടുകള്‍ കുന്നിന്‍ മുകളിലും മലയടിവാരത്തും പുഴയോരത്തുമായുണ്ട്. അവരെല്ലാം ഭയവിഹ്വലരാണ്. വയനാട്ടില്‍ പെയ്ത മഴയാണ് ഈ മലയിലുണ്ടായ ഉരുള്‍ പൊട്ടലിന് മുഖ്യ കാരണമെന്ന് പറയുന്നു. വീണ്ടും ഭീതിയിലാക്കി മഴ തിമിര്‍ത്ത് പെയ്യുകയാണ്.

കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള രണ്ട് വഴികളും ഇതിനകം അടഞ്ഞിരിക്കയാണ്. ബാവലിപുഴക്ക് കുറുകേയുള്ള പാലങ്ങളും ഭീഷണിയിലാണ്. ഇവിടുത്തെ പ്രധാന പാലമായ പാമ്ബറപ്പാന്‍ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞിട്ടുണ്ട്. പാലത്തിലൂടെ ജലം സുഗമായി ഒഴുകാനുള്ള നടപടികളും സ്തംഭിച്ചിരിക്കയാണ്. ഫയര്‍ ഫോഴ്‌സ് അധികൃതര്‍ എത്തിയിരുന്നുന്നെങ്കിലും സൈന്യത്തിന് സമാനമായി അവര്‍ക്ക് പ്രവര്‍ത്തിക്കാനാവുന്നില്ല. ഈ പാലത്തിന് അപകടം സംഭവിച്ചാല്‍ മറുകരയിലെ മൂവായിരത്തോളം പേരാണ് ഒറ്റപ്പെട്ട് പോവുക. എന്നാല്‍ അതിന്റെ ഗൗരവം ജില്ലാ ഭരണാധികാരികള്‍ എടുക്കുന്നില്ലെന്ന് നാട്ടുകാരില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. തൊട്ടടുത്ത് അയ്യം കുന്ന് പഞ്ചായത്തില്‍ കുണ്ടൂര്‍ പാലത്തെ രക്ഷിക്കാനിറങ്ങിയ സേന എന്തുകൊണ്ട് കൊട്ടിയൂരിലെ പാമ്ബറപ്പാന്‍ പാലം സംരക്ഷിക്കാന്‍ ഇറങ്ങുന്നില്ല എന്ന ചോദ്യം അവശേഷിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക