Image

കോഴ വാഗ്ദാനം : ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വി.കെ.സിങ്

Published on 31 March, 2012
കോഴ വാഗ്ദാനം : ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വി.കെ.സിങ്
ന്യൂഡല്‍ഹി: സൈന്യത്തിലേക്ക് ഗുണനിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ 14 കോടി രൂപ കോഴ വാഗ്ദാനം ലഭിച്ചുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി കരസേനാ മേധാവി ജനറല്‍ വി.കെ.സിങ്. തനിക്ക് കോഴ വാഗ്ദാനം ചെയ്തത് റിട്ട. ലെഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍സിങ് ആണെന്നും വി.കെ.സിങ് വ്യക്തമാക്കി. ആരോപണത്തെക്കുറിച്ച് വിശദമാക്കി സി.ബി.ഐ. അന്വേഷണ സംഘത്തിന് അയച്ച പരാതിയിലാണ് കരസേനാ മേധാവി ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

ആരോപണം സംബന്ധിച്ച് സി.ബി.ഐ. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണിയോട് കരസേനാ മേധാവി ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും പരാതി രേഖാമൂലം നല്‍കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. എന്നാല്‍ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണം ആരംഭിച്ച സി.ബി.ഐ. മുന്‍ വര്‍ഷങ്ങളിലെ വാഹന ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. ഡല്‍ഹിയിലും ബാംഗ്ലൂരിലും നാലിടത്ത് സി.ബി.ഐ. സംഘം കഴിഞ്ഞദിവസം റെയ്ഡ് നടത്തുകയും ചെയ്തു.


രണ്ടു കേസുകളാണ് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ട്രക്ക് വാങ്ങിയ ഇടപാടിനെക്കുറിച്ചും ജനറല്‍ വി.കെ. സിങ്ങിന്റെ കോഴ ആരോപണത്തെക്കുറിച്ചും. 'ടട്ര' ട്രക്കുകള്‍ക്കും വെക്ട്ര ഗ്രൂപ്പിനും വേണ്ടി റിട്ട. ലെഫ്. ജനറല്‍ തേജീന്ദര്‍സിങ് കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് മാര്‍ച്ച് അഞ്ചിന് സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഒരു പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലും വി.കെ.സിങ് ആരോപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക