Image

'ഞാനും കേരളത്തിലേയ്ക്ക് വരികയാണ്; ഇവിടെ ഇരുന്നിട്ട് ഇരിക്കാന്‍ കഴിയുന്നില്ല'

അനില്‍ പെണ്ണുക്കര Published on 17 August, 2018
'ഞാനും കേരളത്തിലേയ്ക്ക് വരികയാണ്; ഇവിടെ ഇരുന്നിട്ട് ഇരിക്കാന്‍ കഴിയുന്നില്ല'
വാഷിംഗ്ടണില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരനും ,ബ്ലോഗറും കൂടിയായ പ്രവര്‍ത്തിക്കുന്ന ഡോ.എസ്.എസ്. ലാലിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ ഒരു വിദഗ്ധ സംഘം കേരളത്തിലേക്ക് തിങ്കളാഴ്ച എത്തുന്നു . ലോകാരോഗ്യ സംഘടനയുടെ ജനീവ ആസ്ഥാനത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ ,ഡബ്ല്യു.എച്ച്.ഒയുടെ ഇന്ത്യന്‍ സാരഥിയായ ഡോ. ഹെന്‍ട്രിക് യാന്‍ മെക്കേഡോം എന്നിവരുടെ പിന്തുണയോടെയാണ് ഡോ.എസ്.എസ്. ലാലിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നതെന്ന് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു . തനിക്ക് നാട്ടിലേക്ക് പോകണമെന്നും നാടിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആകണമെന്നും കുറിച്ച വാക്കുകള്‍ ഓരോ പ്രവാസികളുടേതും കൂടിയാണ് .
അദ്ദേഹത്തിന്റെ വാക്കുകള്‍ ...

'ഞാനും കേരളത്തിലേയ്ക്ക് വരികയാണ്. ഇവിടെ ഇരുന്നിട്ട് ഇരിക്കാന്‍ കഴിയുന്നില്ല. കുഞ്ഞു കുട്ടികള്‍ തൊട്ട് സജി ചെറിയാന്‍ എം.എല്‍.എ. വരെ സഹായത്തിനായി കരയുന്നത് ടെലിവിഷനില്‍ കാണുന്നു.
വിദഗ്‌ദ്ധോപദേശം ഒന്നും നല്‍കാനല്ല ഞാന്‍ വരുന്നത്. ഒരുപാട് നല്ല വിദഗ്ദ്ധര്‍ നാട്ടില്‍ത്തന്നെയുണ്ട്. ഞാന്‍ വരുന്നത് അവിടെയുള്ളവര്‍ക്കൊപ്പം നില്‍ക്കാന്‍. എനിക്കാവുന്ന ഒരു കൈ സഹായംചെയ്യാന്‍. പിന്നെ ചില പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍.

ആഗോള വിദഗ്ധരുമായൊക്കെ ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. ജനീവയില്‍ ലോകാരോഗ്യസംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ: സൗമ്യ സ്വാമിനാഥന്‍, ഇന്ത്യന്‍ ഓഫീസിന്റെ മേധാവി ഡോ: ഹെന്റിക് യാന്‍ ബെകെഡാം എന്നിവരുമായി സംസാരിച്ചു. അവരൊക്കെ കേരളത്തിന്റെ അവസ്ഥയില്‍ വ്യാകുലരാണ്. കേരളത്തിന്റെ ആവശ്യാനുസരണം പൊതുജനാരോഗ്യ വിദഗ്ദ്ധരെ അയയ്ക്കാന്‍ അവര്‍ തയാറാണ്. ആരോഗ്യമന്ത്രിയ്ക്ക് അവരുടെയൊക്കെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
തിങ്കളാഴ്ച്ച കാലത്ത് തിരുവനന്തപുരത്ത് എത്തും. ആരോഗ്യവകുപ്പിന്റെയും ഐ.എം.എ. യുടെയും ഓഫീസുകളില്‍ ഞാന്‍ ഉണ്ടാകും.

ഞാനും സംസ്ഥാന ആരോഗ്യവകുപ്പില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരു ഡോക്ടറാണ്. അവിടെയാണ് എന്റെയും തുടക്കം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് പഠിച്ചത്. പൊതുജനത്തിന്റെ നികുതിയുടെ തണലില്‍ ഏതാണ്ട് സൗജന്യ വിദ്യാഭ്യാസം. അദ്ദേഹം പറയുന്നു .

'വെള്ളത്തില്‍ കുടുങ്ങിക്കിടക്കുന്ന ഓരോ ജീവനും നമ്മുടെ ഓരോരുത്തരുടേയും ജീവനു് തുല്യമാണ്. ഇതുവരെ മരിച്ചവരും ചികിത്സ കിട്ടാത്തവരും നമ്മുടെ ചോരയാണ്. ഇതുപോലൊരു പ്രളയത്തെ നേരിടുന്നതില്‍ നമുക്ക് മുന്‍ അനുഭവവും പരിചയവുമില്ല. അതിനാല്‍ ഇത് നേരിടുന്നതില്‍ അവിടവിടെ പരാജയങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ, ഇനി കാത്തിരിക്കാന്‍ സമയമില്ല. സഹായിക്കാന്‍ കഴിയുന്ന എല്ലാ സംവിധാനങ്ങളെയും സമീപിക്കണം. പട്ടാളത്തിനെയും അടിയന്തിരമായി സഹായത്തിന് വിളിക്കണം. അന്താരാഷ്ട്ര സംവിധാനങ്ങളുടെയും സഹായമഭ്യര്‍ത്ഥിക്കണം.

സംസ്ഥാന ഗവണ്മെന്റ് നമ്മുടെ മുഴുവന്‍ പേരുടെയും ഗവണ്‍മെന്റാണ്. കേന്ദ്ര ഗവണ്മെന്റ് നമ്മുടെ മുഴുവന്‍ കേരളീയരുടേയും കൂടി ഗവണ്മെന്റാണ്. രാജ്യത്തിന്റെ പട്ടാളം നമ്മള്‍ ഓരോ മലയാളിയുടേയും കൂടി പട്ടാളമാണ്. വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്ന ഓരോ മാദ്ധ്യമവും നമ്മുടേതാണ്.

ആരോപണ പ്രത്യാരോപണങ്ങള്‍ക്കും കണക്കെടുപ്പുകള്‍ക്കും ഇപ്പോള്‍ ഒരു വിലയുമില്ല. അപകടത്തില്‍പ്പെട്ടു നില്‍ക്കുന്നവര്‍ക്ക് അതൊന്നും സഹായകമാവില്ല.

നമ്മള്‍ ഇരുട്ടിന്റെ ഈ ദിവസങ്ങളെയും മറികടക്കും. ഈ പ്രശ്‌നങ്ങളെല്ലാം പരമാവധി പരിഹരിച്ച് നമ്മള്‍ ഇനിയും മുന്നേറും. നമുക്ക് അതിനുള്ള ബുദ്ധിയും കരുത്തുമുണ്ടു്.

ആരോഗ്യമന്ത്രി ശ്രീമതി. ശൈലജ ടീച്ചറുമായി സംസാരിച്ചു. രാത്രിയായിട്ടും അവര്‍ ജോലിയിലാണ്. നിരവധി ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ഫോണുകള്‍ക്കും ഇടയിലാണ് മന്ത്രിയെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. എങ്കിലും സമയമെടുത്ത് അവര്‍ എന്നോടും സംസാരിച്ചു. പ്രളയക്കെടുതികള്‍ക്കിടയില്‍ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ വളരെ ചിട്ടയായി നടക്കുന്നതായി മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും എല്ലാം കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്ന കാര്യം അഭിമാനത്തോടെയാണ് മന്ത്രി പറഞ്ഞത്.

മെച്ചപ്പെട്ട ആശുപത്രികളും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുള്ള കേരളത്തില്‍ ചികിത്സാരംഗത്ത് ഈയവസരത്തില്‍ പ്രത്യേകിച്ച് ന്യൂനതകള്‍ ഒന്നും ഇല്ല എന്നത് ആശ്വാസമുള്ള കാര്യമാണ്.

അടുത്ത കാലത്ത് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുള്ളതും നേതൃത്വഗുണങ്ങളുള്ളതും തീരുമാനമെടുക്കാന്‍ ധൈര്യമുള്ളതുമായ ഒരു ആരോഗ്യ മന്ത്രി നമുക്കുണ്ടെന്ന കാര്യം അഭിമാനത്തിന് വകനല്‍കുന്നു. മുന്നില്‍ നിന്ന് നയിക്കുന്ന ശീലമുള്ള മന്ത്രി. പ്രതിപക്ഷത്തെ നേതാക്കളെല്ലാം സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നതായി വളരെ സന്തോഷത്തോടെ മന്ത്രി പറഞ്ഞപ്പോള്‍ കേരളത്തെപ്പറ്റി വീണ്ടും അഭിമാനം തോന്നി.

സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് മനുഷ്യരുടെ സുരക്ഷയിലാണ്. അതിനുള്ള ഏര്‍പ്പാടുകളും മികച്ചതാണ്. പട്ടാളമുള്‍പ്പെടെ സഹായത്തിനുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകം മുഴുവനുമുള്ള മലയാളികള്‍ കൈയയഞ്ഞ് സഹായിക്കുന്നതും ആശ്വാസത്തിന് വക നല്‍കുന്നു.

അമേരിക്കന്‍ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.ജി. യുടെയും ഐ.എം.എ. യുടെയും നേതാക്കളുമായി ഞാന്‍ സംസാരിച്ചു. ഈ സംഭാഷാണം തുടരും. ഈ സംഘടനകള്‍ക്ക് ഒരുമിച്ചുചേര്‍ന്ന് ഇപ്പോഴും ഇനിയുള്ള ദിവസങ്ങളിലും എന്തുതരം സഹായം ചെയ്യാന്‍ കഴിയുമെന്നും അവയുടെ നേതാക്കള്‍ ആലോചിക്കുന്നുണ്ട്.

നാട്ടില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഒരു ഭാഷയേ പാടുള്ളൂ. സഹകരണത്തിന്റെ ഭാഷ. ഒരു ചര്‍ച്ചയേ പാടുള്ളൂ. പരസ്പര സഹായത്തിന്റെ ചര്‍ച്ച.ഒരുമിക്കാന്‍ മാത്രമുള്ള സമയം. ഒരുപക്ഷേ അതിനുള്ള സമയമേ ബാക്കിയുള്ളൂ.
'ഞാനും കേരളത്തിലേയ്ക്ക് വരികയാണ്; ഇവിടെ ഇരുന്നിട്ട് ഇരിക്കാന്‍ കഴിയുന്നില്ല'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക