Image

റ്റാമ്പായിലെ ഓഗസ്റ്റ് 18 എം.എ.സി.എഫ് ഓണംപരിപാടി പ്രളയദുരിത സമാഹരണത്തിനായി ഉപയോഗിക്കുന്നു

Published on 17 August, 2018
റ്റാമ്പായിലെ ഓഗസ്റ്റ് 18 എം.എ.സി.എഫ് ഓണംപരിപാടി പ്രളയദുരിത സമാഹരണത്തിനായി ഉപയോഗിക്കുന്നു
റ്റാമ്പായിലെ മലയാളികള്‍ എം.എ.സി.എഫിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 18-നു അന്താരാഷ്ട്ര വടംവലിയും, ഓണം പരിപാടികളും മുന്‍ നിശ്ചയപ്രകാരം നടത്തുന്നു. ഓണം പരിപാടികളില്‍ നിന്നും സമാഹരിക്കുന്ന തുക നാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ ഉപയോഗിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മിക്ക വര്‍ഷങ്ങളിലേയും ഓണാഘോഷത്തിനിടയില്‍ ചുഴലിക്കാറ്റിന്റെ ഭീഷണി ഫ്‌ളോറിഡയിലുണ്ടാകാറുണ്ട്. കഴിഞ്ഞവര്‍ഷം (2017) സമാഹരിച്ച തുക "ഇര്‍മ' ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിച്ചവര്‍ക്കായി എം.എ.സി.എഫ് സംഭാവന നല്‍കിയിരുന്നു.

പത്തുലക്ഷം രൂപ, കേരളത്തിലുള്ള പത്ത് സംഘടനകള്‍ക്കായി ഓരോ ലക്ഷം രൂപ വീതം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളിലുള്ള പത്ത് സംഘടനകള്‍ക്കായിരിക്കും സഹായം എത്തിക്കുന്നത്.

ഓഗസ്റ്റ് 18-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഐ.സി.സി ഹാളില്‍ അന്താരാഷ്ട്ര വടംവലി മത്സരവും, ഉച്ചയ്ക്ക് 11.30 മുതല്‍ ഓണസദ്യയും ആരംഭിക്കും. മലയാളിയുടെ ഓണാഘോഷ ചടങ്ങുകളുടെ പ്രധാന പരിപാടികളല്ലാതെയുള്ള എല്ലാ ആര്‍ഭാടങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ക്‌നാനായ ടിവിയില്‍ പരിപാടികള്‍ തത്സമയം കാണുവാന്‍ സാധിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ഓണസദ്യയുടെ നിരക്ക് മെമ്പേഴ്‌സിനു 10 ഡോളറും, അല്ലാത്തവര്‍ക്ക് 15 ഡോളറുമാണ്. 6 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഓണസദ്യ സൗജന്യമാണ്.

ജന്മനാടിന്റെ നൊമ്പരങ്ങളില്‍ കൈത്താങ്ങായി, കഴിയുന്ന സഹായം ഈ ഓണക്കാലത്ത് നല്‍കുക. നമ്മുടെ സഹോദരങ്ങളുടെ ചുണ്ടില്‍ വീണ്ടും പുഞ്ചിരി വിടരാന്‍ നമുക്കാകുന്നത് ചെയ്യാം. കഴിയുന്നത്ര തുക സമാഹരിച്ച് കഴിയാവുന്നതിന്റെ പരമാവധി സഹായം എത്തിക്കുവാന്‍ എം.എ.സി.ഫ് പ്രതിജ്ഞാബദ്ധമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി കരിമ്പന്നൂര്‍ (പ്രസിഡന്റ്), ടിറ്റോ ജോണ്‍ (സെക്രട്ടറി).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക