Image

പ്രളയക്കെടുതിയില്‍ പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിന് കൈമാറണമെന്ന് രമേശ് ചെന്നിത്തല, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് കൈകൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും ചെന്നിത്തല

Published on 18 August, 2018
പ്രളയക്കെടുതിയില്‍ പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിന് കൈമാറണമെന്ന് രമേശ് ചെന്നിത്തല, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് കൈകൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും ചെന്നിത്തല

 പ്രളയക്കെടുതിയില്‍ പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിന് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് കൈകൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യത്തെ വിളിക്കണമെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി തന്നെ പുച്ഛിച്ചു തള്ളിയതായും ചെന്നിത്തല വെളിപ്പടുത്തി.

പ്രളയക്കെടുതി നമ്മെ ബാധിച്ചുതുടങ്ങിയിട്ട് ഇത് നാലാം ദിവസമാണ്. സംസ്ഥാനത്തുടനീളം അതിദയനീയമായ കാഴ്ചയാണ്. ഈ ദീനരോദനങ്ങള്‍ക്കു മുന്നില്‍ നിസഹായരായി നില്‍ക്കാനേ നമുക്കാകൂ. പ്രത്യേകിച്ചും ചെങ്ങന്നൂര്‍, തിരുവല്ല, പന്തളം, റാന്നി, ആറന്‍മുള, പറവൂര്‍, അങ്കമാലി, ആലുവ, ചാലക്കുടി തുടങ്ങിയ മേഖലകളിലെല്ലാം അതിദയനീയമായ കാഴ്ചയാണ്.

ഇപ്പോള്‍ ഏറ്റവും ഗുരുതരമായ പ്രശ്നമുണ്ടായിരിക്കുന്നത് കുട്ടനാട്ടിലാണ്. അവിടെനിന്ന് നൂറുകണക്കിന് പേരാണ് ഞങ്ങളെ വിളിക്കുന്നത്.പ്രതിപക്ഷ നേതാവിന്റെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് വിദേശത്തുനിന്ന് ഉള്‍പ്പെടെ നൂറുകണക്കിന് സഹായാഭ്യര്‍ഥന വരുന്നു. ഇവയെല്ലാം മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കൈമാറുകയാണ് ചെയ്യുന്നത്.

പ്രളയക്കെടുതിയില്‍ ജനം വലഞ്ഞുതുടങ്ങിയിട്ട് നാലു ദിവസമായിട്ടും കാര്യമായ പരിഹാരമുണ്ടാക്കാന്‍ കഴിയാത്തത് വേദനാജനകമാണ്. കേരളം ഒന്നിച്ചു കൈകോര്‍ത്തു നിന്നിട്ടും എല്ലാവരെയും രക്ഷിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. ഇത്രവലിയ സേനാസംവിധാനമുള്ള രാജ്യമാണ് നമ്മുടേതെന്ന് ഓര്‍ക്കണം.

നാലും അഞ്ചും ദിവസമായി കുടിവെള്ളവും മരുന്നും ഭക്ഷണവും കിട്ടാതെ വലയുന്ന എത്രയോ പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. പതിനായിരക്കണക്കിനു പേര്‍ വെള്ളത്തിനു നടുവില്‍ ഒറ്റപ്പെട്ടിരിക്കുന്നു. ഇത്തരം ദയനീയമായ ഒരു അവസ്ഥ കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഈ ദാരുണ സാഹചര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം പൂര്‍ണമായും സര്‍ക്കാരിനോടു യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം സര്‍ക്കാരിനെ അറിയിക്കുന്നുണ്ട്. മുഖ്യമന്ത്രി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം പോയി ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതലായി സൈന്യത്തിന്റെ സഹായം തേടുകയാണ് വേണ്ടതെന്ന് ശരിക്ക് അറിയാവുന്ന ആളാണ് ഞാന്‍. നേരത്തെ അസമിന്റെ ചുമതലുണ്ടായിരുന്ന സമയത്ത് അവിടെ പ്രളയം ബാധിച്ചപ്പോള്‍ അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഞാന്‍ കണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ പൂര്‍ണമായും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നത് സൈന്യത്തിനു മാത്രമാണ്. സര്‍ക്കാര്‍ കലക്ടര്‍മാരോടും അവര്‍ തഹസില്‍ദാര്‍മാരോടും തഹസില്‍ദാര്‍മാര്‍ വില്ലേജ് ഓഫിസര്‍മാരോടും പറഞ്ഞാല്‍ മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. ഇത് അറിയാവുന്നതുകൊണ്ടാണ് സേനയെ വിളിക്കണമെന്ന് ആദ്യം മുതലേ പറയുന്നത്.

ഇന്നു മുതലാണ് കുറച്ചെങ്കിലും സൈന്യം ഊര്‍ജിതമായി രംഗത്തിറങ്ങിയത്. ഈ സാഹചര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. മറിച്ച്‌ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ശബ്ദം സര്‍ക്കാരിനു മുന്നിലെത്തിക്കാന്‍ എനിക്കു ബാധ്യതയുണ്ടെന്നുള്ള ഉറച്ച ബോധ്യമുണ്ട്. ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രിയോടു പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ പുച്ഛിച്ചു തള്ളി. എന്നെ പുച്ഛിക്കുന്നതില്‍ കുഴപ്പമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക