Image

പുലിക്കുട്ടികളെ പ്രണാമം; നേതാക്കന്മാരെ ഇവരെ കണ്ടു പഠിക്കു!

ഫ്രാന്‍സിസ് തടത്തില്‍ Published on 18 August, 2018
പുലിക്കുട്ടികളെ പ്രണാമം; നേതാക്കന്മാരെ ഇവരെ കണ്ടു പഠിക്കു!
ന്യൂജേഴ്‌സി: ചിക്കാഗോയിലെ രണ്ടു പുലിക്കുട്ടികള്‍; അരുണ്‍ സൈമണ്‍ നെല്ലാമറ്റം. അജോമോന്‍ പൂത്തുറ ഇവരാണ്ഇന്ന് എല്ലാവരുടെയും ഹീറോ. വെറും നാലേ നാലു ദിവസം കൊണ്ട് കേരളത്തിലെ പ്രളയദുരിത ബാധിതര്‍ക്കായി ഇവര്‍ നടത്തിവരുന്ന ധനസമാഹാരണ യജ്ഞം ഇതിനകം  9 ലക്ഷം ഡോളറിനോട് അടുക്കുന്നു. ഓര്‍ക്കുക വെറും ഒരു ലക്ഷം ഡോളര്‍ മാത്രം ലക്ഷ്യമിട്ടുഫേസ് ബുക്ക് വഴി തുടങ്ങിയ ഇവരുടെ അക്കൗണ്ടിലേക്കു ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോഴും പണമൊഴുക്ക് തുടരുകയാണ്. ഇത്രയും തുക സംഹരിച്ചതാകട്ടെ വെറും 15000 താഴെ ആളുകളില്‍ നിന്ന് മാത്രമെന്നത് മറ്റൊരു സവിശേഷതയാണ്.

ഈ യുവാക്കള്‍ എന്റെ മുമ്പില്‍ വന്നിരുന്നുവെങ്കില്‍ അവരുടെ കാലുതൊട്ടു വന്ദിക്കുമായിരുന്നു. മക്കളെ നിങ്ങളാണ് ജന്മനാടിനെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍. നിങ്ങളാണ് ഞങ്ങള്‍ക്ക് മാതൃക. ഞങ്ങള്‍പത്ര മാധ്യങ്ങള്‍ വഴി ആയിരവും പത്തനായിരവുമൊക്കെ ഡോളറുകള്‍ പിരിച്ചെടുത്തത് പെരുപ്പിച്ചുകാട്ടാന്‍ രൂപയിലേക്കു മാറ്റി ലക്ഷവും 10 ലക്ഷവുമൊക്കെയാക്കി മാറ്റുമ്പോഴേക്കും നിങ്ങള്‍  ആ തുക ഒരു പക്ഷെ 10 ലക്ഷം ഡോളര്‍ (ഒരു മില്യണ്‍) ആക്കി മാറ്റിയെന്നിരിക്കും. കഴിയുമെങ്കില്‍ ആ വിദ്യ ഞങ്ങള്‍ക്കും പറഞ്ഞു തരൂ. നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

പ്രിയപ്പെട്ട അമേരിക്കയിലെയും കാനഡയിലെയും സംഘടന നേതാക്കളെ, സംഘടനകളുടെ സംഘടനയായ ഫോമാ, ഫൊക്കാന, ഡബ്യു. എം. സി. തുടങ്ങിയവയിലെ നേതാക്കളെ നിങ്ങള്‍ ദയവു ചെയ്ത് ഇവരില്‍ നിന്ന് പഠിക്കൂ. പത്ര വാര്‍ത്തകള്‍ക്കു പിന്നാലെ അവര്‍ ഒരിക്കലും പോയില്ല. പത്രങ്ങള്‍ അവരുടെ പിന്നാലെ പോകുകയാണ് ചെയ്തത്.

അവര്‍ക്ക് അത്തരം അറിവുകള്‍ ഇല്ലായിരുന്നു. അവര്‍ ഉപയോഗിച്ചത് അവര്‍ക്കറിയാവുന്ന സോഷ്യല്‍ മീഡിയ മാത്രമാണ്. സോഷ്യല്‍ മീഡിയ വഴി ഇവര്‍ നടത്തി വന്ന ധനസമാഹാരണ പ്രവര്‍ത്തങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ ഇമലയാളി അവരെ ബന്ധപ്പെട്ടപ്പോഴാണ് അവര്‍ തുടങ്ങിയ ധന സമാഹരണ യജ്ഞത്തിന്റെ വിജയഗാഥയെക്കുറിച്ചറിയാനിടയായത് .

ഇന്നലെ വരെ മൂന്നര ലക്ഷമായിരുന്നു പണമെത്തിയതെങ്കില്‍ ഇന്നത് 8 ലക്ഷത്തിലേക്കു അടുക്കുന്നു. ഇമലയാളിയില്‍ ഇവരെക്കുറിച്ചുള്ള വാര്‍ത്ത വന്നതോടെ സംഭവം വൈറല്‍ ആയി. തുടര്‍ന്ന് വിവിധ മാധ്യമങ്ങള്‍ ഇതേറ്റെടുത്തു. അതോടെ പണമൊഴുക്കിന്റെ ഗതിവേഗം ടോപ് ഗിയറിലായി.

ക്‌നാനായ കാത്തലിക്ക് യുവജന വേദി ഓഫ് ചിക്കാഗോയും കൂടി ചേര്‍ന്നതോടെ ധനസമാഹാരം റോക്കറ്റ് വേഗത്തിലായി. ഒറ്റ ദിവസം കൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കിയ അവര്‍ മൂന്നു ലക്ഷം പിന്നിട്ടപ്പോള്‍ ലക്ഷ്യം വീണ്ടും അഞ്ചു ലക്ഷമാക്കി പുനര്‍നിര്‍ണയിച്ചു. ഇപ്പോഴത് ഒരു മില്യന്‍. അവരുടെ പ്രയത്‌നങ്ങള്‍ ലക്ഷങ്ങള്‍ ഇനിയും പിന്തള്ളട്ടെ എന്നാശംസിക്കുന്നു.

ഇവിടെ ആരെയും കുറച്ചു കാണിക്കാനുള്ള അവസരമായിട്ടല്ല മറിച്ചു കൂടുതല്‍ ഊര്‍ജസ്വലതയോടെയും അല്‍മാര്‍ത്ഥതയോടെയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമേ എന്ന് അഭ്യര്‍ത്ഥിക്കാനാണ് ഞാന്‍ ഈ ലേഖനമെഴുതുന്നത്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ പേമാരിയില്‍ കലിതുള്ളി താണ്ഡവമാടിക്കൊണ്ടിരിക്കുന്നത്.

ഈ അവസരത്തില്‍ അമേരിക്കന്‍ മലയാളികള്‍ ഓണാഘോഷം നടത്തുക എന്നത് തികച്ചും അനൗചിത്യപരമായ കാര്യമായിരിക്കുമെന്നും അങ്ങെനെ ചെയ്യുന്നത് ലജ്ജാകരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി എഴുതിയ ലേഖനത്തിനു ആശാവഹമായ പ്രതികരണമാണ് ലഭിച്ചത്. എന്റെ അറിവില്‍ ന്യു ജേഴ്‌സിയിലും ന്യൂയോര്‍ക്കിലുമുള്ള ഒട്ടുമിക്ക അസോസിയേഷനുകളും ഓണാഘോഷം മാറ്റിവച്ചുവെന്നു മാത്രമല്ല അതിനു ചെലവാകേണ്ടിയിരുന്നതുകയും അതിലേറെ തുക വേറെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചു കഴിഞ്ഞു. അമേരിക്കയിലെയും കാനഡയിലെയും മലയാളി അസോസിയേഷനുകള്‍ ഈ നിര്‍ദ്ദേശം ഇരു കൈ നീട്ടി സ്വീകരിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ട്.

നമ്മുടെ മക്കള്‍ നമ്മളേക്കാള്‍ ഉദാരമതികളാണെന്നും നാട്ടിലെ ദുരന്തത്തെക്കുറിച്ചു അവരെ ബോധ്യപ്പെടുത്തണമെന്നും കഴിഞ്ഞ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. അതില്‍ ഏറെ സത്യമുണ്ടെന്നാണ് ചിക്കാഗോയിലെ യുവാക്കള്‍ തെളിയിച്ചിരിക്കുന്നത്. നമ്മള്‍ മാതാപിതാക്കള്‍ ലജ്ജിതരാകാതെ നമ്മുടെ മക്കളില്‍ നിന്നു പഠിക്കുന്നതില്‍ തെറ്റില്ല. അവര്‍8 ലക്ഷം ഡോളര്‍ സമാഹരിച്ചത് 15000 താഴെ വരുന്നവരില്‍ നിന്നാണെങ്കില്‍ ഫൊക്കാന ഫോമാ സംഘടനകള്‍ 10,000 ഡോളര്‍ പോലും എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.

അതേസമയം ഒരു ലക്ഷം  ലക്ഷ്യമിട്ട നമ്മുടെ ഈ കുഞ്ഞുങ്ങള്‍ 9 ലക്ഷത്തോടടുക്കുന്നത് നമ്മുടെ പോക്കറ്റില്‍ കിടക്കുന്ന പണം കൊണ്ടല്ല. അവര്‍ അധ്വാനിച്ചുണ്ടാക്കിയപണമാണത്. പലരും 500 മുതല്‍ 1000 ഡോളര്‍ വരെ അവര്‍ക്കു സംഭാവന ചെയ്തു. നമ്മളാകട്ടെ കഷ്ട്ടിച്ചു ഞെരിഞ്ഞു 10 മുതല്‍ 50 ഡോളര്‍ വരെ കൊടുക്കുന്നു. ചിലര്‍ 500 1000 മൊക്കെ നല്‍കുന്നുണ്ട്.

ഇവിടെ നല്‍കുവാനുള്ള മനസാണ് പ്രധാനം. നല്‍കുന്നതാര്‍ക്ക് എന്നതും പ്രധാനമാണ്. പുര കത്തുമ്പോള്‍ ബീഡിക്കു തീ പിടിപ്പിക്കാന്‍ പോകുന്നവര്‍ക്ക് മനസറിഞ്ഞു എങ്ങനെ കൊടുക്കും. എന്തും ഏതും പുബ്ലിസിറ്റിക്കുവേണ്ടിയായാല്‍ ജനം പിന്‍കാലുകൊണ്ടു ചവിട്ടും. പബ്ലിസിറ്റി വേണം . വ്യക്തികള്‍ക്കല്ല. മറിച്ചു ഉദ്ദേശങ്ങള്‍ക്കു വേണ്ടിയാകണം. ഇവിടെ വ്യക്തികളുടെ പടങ്ങള്‍ വച്ച് പത്ര വാര്‍ത്ത നല്‍കുന്നതോ ഫ്‌ലയര്‍ അടിക്കുന്നതിനോ പ്രസക്തിയില്ല. അതുകൊണ്ടു കേരളത്തിലെ ദുരിത ബാധിതര്‍ക്കൊപ്പം നമുക്കു നില്‍ക്കാം. പേമാരി കെട്ടടങ്ങുമ്പോള്‍ എല്ലാം തകര്‍ന്നടിഞ്ഞ ദൈവത്തിന്റെ സ്വന്തം നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ നമുക്കൊരുത്തര്‍ക്കും കടമയുണ്ട്. നമ്മുടെ സ്വന്തം സഹോദരങ്ങളാണ് പ്രളയക്കെടുതിയില്‍ പെട്ടിരിക്കുന്നതെന്ന തിരിച്ചറിവുണ്ടാകണം. നമുക്കൊരുമിച്ചു ദൈവത്തിന്റെ സ്വന്തം നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ കൈകോര്‍ക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക