Image

അപ്പര്‍കുട്ടനാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും ഇന്നു വൈകുന്നേരത്തോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍

Published on 19 August, 2018
അപ്പര്‍കുട്ടനാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും ഇന്നു വൈകുന്നേരത്തോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍

 അപ്പര്‍കുട്ടനാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും ഇന്നു വൈകുന്നേരത്തോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍ പറഞ്ഞു. ഇതിനായി നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബോട്ടുകള്‍ക്ക് പുറമേ നേവിയുടെ പതിനഞ്ച് ബോട്ടുകള്‍ വ്യോമ മാര്‍ഗം ഇറക്കും.

എന്‍ഡിആര്‍എഫിന്റെ 12 ബോട്ടുകള്‍ രാവിലെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആര്‍മിയുടെ 10 ബോട്ടുകള്‍ ഇന്നലെ രാത്രി എത്തിയിരുന്നു. നേവിയുടെ രണ്ട് ബോട്ടുകള്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. 39 മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്. ബിലീവേഴ്സ് ചര്‍ച്ചിന്റെ അഞ്ച് സ്പീഡ് ബോട്ടുകളും ഏഴ് സ്വകാര്യ സ്പീഡ് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഭക്ഷണം മാത്രം മതി എന്നാവശ്യപ്പെടുന്നവര്‍ക്കായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളും ഭക്ഷണം എത്തിക്കുന്നുണ്ട്. കൂടാതെ ഒഎന്‍ജിസിയുടെ ഹെലികോപ്ടറും എത്തുന്നുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.

ജില്ലയില്‍ ആകെ 515 ക്യാമ്ബുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 75,451 പേര്‍ വിവിധ ക്യാമ്ബുകളിലായി ഉണ്ട്. ക്യാമ്ബുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെ ചുമലപ്പെടുത്തുകയും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിന് പുറമേ വിദ്യാഭ്യാസ വകുപ്പിലെയും കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥരെയാണ് കൂടുതലായും നിയോഗിച്ചിട്ടുള്ളത്. കൂടാതെ മറ്റ് വകുപ്പില്‍ നിന്നുകൂടി ഉദ്യോഗസ്ഥരെ നിയമിക്കും. ക്യാമ്ബില്‍ കഴിയുന്നവര്‍ക്കായി ഭക്ഷണവും വസ്ത്രവും എത്തിക്കുന്നതിനായി ഫുഡ് ഹബ് തുടങ്ങിയിട്ടുണ്ട്. അടൂര്‍ വഴിയാണ് ദുരിതാശ്വാസ സഹായങ്ങള്‍ കൂടുതലായി എത്തുന്നത് എന്നതിനാല്‍ അവിടെയാണ് പ്രധാന ഫുഡ് ഹബ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വളരെയേറെ സഹായങ്ങള്‍ ഇവിടേക്ക് എത്തുന്നുണ്ട്.

ക്യാമ്ബിലുള്ളവര്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിനായി മെഡിക്കല്‍ ഹബും സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമേ നൂറിലധികം ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ ഹബിന്റെ പ്രവര്‍ത്തനത്തിനായി ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും വിട്ടു തരുന്നുണ്ട്. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രയത്നമാണ് നടന്നു വരുന്നതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക