Image

കലിമഴക്കാലത്തെ മാപ്പില്ലാത്ത മഹാപരാധങ്ങള്‍ (എ.എസ് ശ്രീകുമാര്‍)

Published on 19 August, 2018
കലിമഴക്കാലത്തെ മാപ്പില്ലാത്ത മഹാപരാധങ്ങള്‍ (എ.എസ് ശ്രീകുമാര്‍)
പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ചില പിതൃശൂന്യരും മനുഷ്യത്വ ഹീനരും കേരളത്തിലുണ്ട്. കേരളീയര്‍ ഒന്നടങ്കം പ്രളയക്കയത്തിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന തക്കം നോക്കി വൃത്തികേടുകള്‍ കാണിക്കുന്ന സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പല രീതിയില്‍ അരങ്ങേറുന്ന ഈ കുടിലതകളില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ളതാണ് നാണിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. പ്രകൃതി ക്ഷോഭം താങ്ങാനാവാതെ നിസഹായരായ മനുഷ്യര്‍ മരണത്തോട് മല്ലിടുമ്പോഴും ആള്‍പ്പൊക്കത്തില്‍ വെള്ളം കയറിയ വീടുകളില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉറക്കമില്ലാതെ നരകിച്ച് വിലപിക്കുമ്പോഴും ഇവര്‍ക്ക് ഇതൊക്കെ എങ്ങനെ ചെയ്യാന്‍ കഴിയുന്നുവെന്നതാണ് നമ്മെ അമ്പരപ്പിക്കുന്നത്. ഇവരെ മനുഷ്യ മൃഗങ്ങള്‍ എന്ന് വിളിക്കുന്നില്ല. കരണം അത് മൃഗങ്ങള്‍ക്ക് അപമാനകരമാണ്. 

കടുത്ത പോമാരിയില്‍ ആളൊഴിഞ്ഞ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം തുടര്‍ക്കഥയായി. തകര്‍ന്ന് തോടായ റോഡുകളില്‍ ചരക്കുനീക്കം സ്തംഭിച്ചപ്പോള്‍ അവശ്യസാധനങ്ങള്‍ പൂഴ്ത്തിവച്ച്, കൃത്രിമ ക്ഷാമം സൃഷ്ടിത്ത് കഴുത്തറപ്പന്‍ വിലയ്ക്ക് വില്‍ക്കുന്ന പകല്‍ കൊള്ളക്കാരെയും നാം കണ്ടു. വെള്ളക്കുഴിയില്‍ നിന്ന് മറുകരയിലെത്തിക്കാന്‍ യാചിച്ചവരോട് പണം പിടുങ്ങിയ ദുരിതാശ്വാസ വ്യാജന്‍മാര്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല. കോളേജ് ഹോസ്റ്റലില്‍ കുടുങ്ങിയ നിരാലംബരായ നേഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ അനാശാസ്യത്തിന് ക്ഷണിച്ച ഞരമ്പുരോഗികളെയും ഈ മഹാമാരിക്കാലം സമൂഹത്തിന് കാട്ടിക്കൊടുത്തു. അത്തരം ചില റിപ്പോര്‍ട്ടുകളിലേയ്ക്ക്...ഇത് കുറിക്കുമ്പോള്‍ വല്ലാത്ത ലജ്ജ തോന്നുന്നു...മനസില്‍ പ്രതിഷേധാഗ്നിയാളുന്നു...

ഈ ലേഖകന്‍ താമസിക്കുന്ന ചങ്ങനാശേരിക്കടുത്ത് തെങ്ങണ എന്ന സ്ഥലത്ത് ഒരു പച്ചക്കറി ഹോള്‍സെയില്‍ കടയില്‍ ഇന്നലെ (ആഗസ്റ്റ് 18) വൈകുന്നേരം നടന്ന സംഭവമിങ്ങനെ...ഒരു മധ്യവയസ്‌ക എത്തി അരക്കിലോ വീതം ചേന, പച്ച ഏത്തക്കായ്, ബീന്‍സ്, തക്കാളി എന്നിവ വാങ്ങി. എത്രയായി എന്ന് ചോദിച്ചപ്പോള്‍ ''250 രൂപ'' എന്ന് എടുത്തു കൊടുപ്പുകാരന്‍ പറഞ്ഞു. ഇതുകേട്ട് അവര്‍ അന്ധാളിച്ചുപോയി. തനിക്കിത് വേണ്ടാ എന്ന് പറഞ്ഞപ്പോള്‍ ''തിരക്കുള്ള സമയത്ത് എന്നെക്കൊണ്ട് മെനക്കെടുത്തിച്ചതാ...അമ്മച്ചി സാധനമങ്ങെടുത്തിട്ട് പൈസാ തന്നേച്ച് പോ...'' എന്നായി ജോലിക്കാരന്റെ ഭീഷണി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം.

പരിസരത്തു നിന്നവര്‍ സംഭാഷണം കേട്ടു. പഞ്ചായത്തുമെമ്പറും തക്കസമയത്ത് അവിടെയുണ്ടായിരുന്നു. നാട്ടുകാര്‍ വട്ടം കൂടി. ജോലിക്കാരന്‍ ചൂളി. പഞ്ചായത്തുമെമ്പര്‍ അറിയിച്ചതനുസരിച്ച് പോലീസുമെത്തി. കാര്യങ്ങള്‍ തിരക്കി. സാധനങ്ങള്‍ക്ക് മൂന്നിരട്ടി വിലയിട്ടോളാന്‍ മുതലാളി പറഞ്ഞെന്നായിരുന്നു മറുപടി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അടുത്തുനിന്ന് ഒരു പിക്കപ്പ് വാന്‍ വിളിച്ച് നാട്ടുകാരുടെ സഹായത്തോടെ കടയിലെ മുഴുവന്‍ സാധനങ്ങളും തൂത്തുവാരി കയറ്റി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുകയായിരുന്നു. പിന്നെ കട പൂട്ടി സീല്‍ ചെയ്തു. ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തിന് ഈ ലേഖകനും സാക്ഷി. എങ്ങനുണ്ട് കച്ചവടം.

കിട്ടിയ തക്കത്തിന് വില കൂട്ടി വില്‍ക്കുന്ന, ദുരിതാശ്വാസ ക്യാമ്പിലേക്കാണെന്ന് പറഞ്ഞിട്ടും മനസാക്ഷിക്കുത്തില്ലാതെ വേണമെങ്കില്‍ കൊണ്ടുപോയാല്‍ മതി എന്ന് തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കാരന്‍ പറഞ്ഞതും വാര്‍ത്തയായി. ഈ ദുരിതങ്ങള്‍ക്കിടയിലും ജനത്തെ പരമാവധി പിഴിഞ്ഞ് കാശുണ്ടാക്കാനും ഒപ്പം സാധനങ്ങള്‍ പൂഴ്ത്തി വച്ച് കൃത്രിമ ക്ഷാമാമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നു എന്ന പരാതികളും വ്യാപകമാണ്. വരാന്‍ പോവുന്ന ക്ഷാമത്തെ മുന്നില്‍ കണ്ട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് മറ്റു ചിലര്‍. ആളുകള്‍ ആവശ്യത്തിലുമധികം സാധനങ്ങള്‍ വീട്ടില്‍ സ്‌റ്റോക്ക് ചെയ്യാന്‍ തുടങ്ങിയതോടെ പലയിടങ്ങളിലും കടകള്‍ കാലിയായി. വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ജില്ലകളിലും സമീപജില്ലകളിലേയും അവസ്ഥ ഇതാണ്. അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും മിക്കയിടത്തും കിട്ടാനില്ല. രണ്ട് ദിവസം കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളിലുള്‍പ്പെടെ സാധനങ്ങള്‍ തീര്‍ന്നിരിക്കുന്ന അവസ്ഥയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ ചിലപ്പോള്‍ പട്ടിണിയിലമര്‍ന്നേക്കാം.

കൊച്ചിയില്‍ ഭക്ഷ്യസാധനങ്ങള്‍ക്കു സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അമിത വില ഈടാക്കിയെന്ന പരാതി സംഘര്‍ഷത്തിന് ഇടയാക്കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു പൊതുവിതരണ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പൂഴ്ത്തി വച്ച ഒന്‍പതു ചാക്ക് അരി പിടിച്ചെടുത്തു. തൃക്കാക്കര ‘ഭാരത മാതാ കോളെജിനും പൊലീസ് സ്‌റ്റേഷനും സമീപമുള്ള രണ്ടു സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് അരിക്കും പഞ്ചസാരയ്ക്കു അമിത വില ഈടാക്കിയത്. രണ്ടും ഒരാളുടെ ഉടമസ്ഥതയിലുള്ള കടകളാണ്. ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമമുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നു രാവിലെ മുതല്‍ നല്ല തിരക്കായിരുന്നു. ഇതിനിടെയാണു വിലയെ ചൊല്ലി തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. തുടര്‍ന്നു തൃക്കാക്കര പൊലീസും ഹെല്‍ത്ത് അധികൃതരും പൊതുവിതരണ ഉദ്യോഗസ്ഥരും എത്തി. തുടര്‍ന്നാണു ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അരി പിടിച്ചത്. ഉടമയ്‌ക്കെതിരെ കേസെടുത്തു. ജില്ലയില്‍ പച്ചക്കറിക്ക് അമിത വില ഈടാക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ ചെങ്ങന്നൂരിന്‍ നിന്നാണ് മറ്റൊരു സെന്‍സേഷണല്‍ വാര്‍ത്ത. ഹോസ്റ്റലിനുള്ളില്‍ കുടുങ്ങിപ്പോയ നേഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്കു നേരെ രക്ഷപ്പെടുന്നതിനിടെ ആക്രമണമുണ്ടായതായി ആരോപണം. തിരുവന്‍വണ്ടൂര്‍ ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥിനികളെ ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്രദേശവാസികളായ നാല് സ്ത്രീകള്‍ ആക്രമിച്ചെന്നാണ് വിദ്യാര്‍ഥിനികള്‍ പറഞ്ഞത്. 

രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ എത്തിയാല്‍ വീടുകള്‍ തകരുമെന്ന് പറഞ്ഞാണ് സ്ത്രീകള്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. വിദ്യാര്‍ഥിനികളുടെ നേര്‍ക്ക് കസേര വലിച്ചെറിയുകയും ഒരാളുടെ വസ്ത്രം വലിച്ചുകീറുകയുമായിരുന്നു. നാല് സ്ത്രീകള്‍ക്കെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടികള്‍ സമീപത്തുള്ള കുറച്ചു ചെറുപ്പക്കാരോട് രക്ഷിക്കാനുള്ള സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ മുണ്ട് പൊക്കി കാണിച്ചത്രെ. കെട്ടിപ്പിടിക്കട്ടെ എന്ന് ചോദിച്ചുവെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി. ഇവനെയൊക്കെ തെരുവു പട്ടികളെപ്പോലെ വന്ധീകരിച്ച് ചെവി മുറിച്ച് അടയാളമുണ്ടാക്കി വിടണം...നാട്ടുകാര്‍ക്ക് ഇത്തരം വിടന്‍മാരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍.

ഇനി മറ്റൊരു ആക്രമണ വാര്‍ത്ത...കണ്ണൂര്‍ കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് സംഭവം. ഇവിടെ ഡി.വൈ.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അടിപിടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അഭിലാഷ്, വൈശാഖ്, അനൂപ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഇരുപതോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു സംഘം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയിരുന്നു. 

ഇവര്‍ പ്രത്യേക ടാഗും യൂനിഫോമും ധരിച്ചാണ് എത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മതമോ ജാതിയോ, രാഷ്ട്രീയമോ വെളിപ്പെടുത്തുന്ന തരത്തിലുള്ള വേഷവുമായോ അടയാളങ്ങളുമായോ സന്നദ്ധ പ്രവര്‍ത്തനം നടത്തരുതെന്നും ടാഗ് ഊരി മാറ്റണമെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.  ഇതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. അതൊടുവില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് കല്ലേറുമുണ്ടായി. സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന രണ്ടു കാറുകളും തകര്‍ത്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വേദനയുടെ വേലിയേറ്റമുണ്ടാക്കുന്ന ഈ സന്ദര്‍ഭത്തില്‍ പലയിടത്തും മോഷണ പരമ്പര നടക്കുന്നു. വീടുകളും കടകളും അടഞ്ഞു കിടക്കുന്നത് മുലാക്കി വളരെ സാവകാശത്തിലാണ് മോഷണം. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ വേഗത്തിലെത്തില്ലല്ലോ. പരിസരങ്ങളില്‍ ആളനക്കമില്ലതാനും. ആലുവായിലാണ് കടകളില്‍ ഏറ്റവും കൂടുതന്‍ മോഷണം നടന്നത്. തിരുവല്ല, ആറന്‍മുള എന്നിവിടങ്ങളിലും മോഷണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളമിറങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീട്ടിലെത്തിയവര്‍ക്കാണ് മോഷണം ഞെട്ടലുളവാക്കിയത്. കലിമഴക്കെടുതിക്കാലത്തെ ഇത്തരം വൃത്തികേടുകളുടെയും ആഭാസത്തരങ്ങളുടെയും വാര്‍ത്തകള്‍ ഇനിയും കേള്‍ക്കേണ്ടിവന്നേക്കാം...

കലിമഴക്കാലത്തെ മാപ്പില്ലാത്ത മഹാപരാധങ്ങള്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക