Image

തോണി കയറി വരുന്ന ഓണം (സരോജ വര്‍ഗ്ഗീസ്, ന്യുയോര്‍ക്ക്)

Published on 19 August, 2018
തോണി കയറി വരുന്ന ഓണം (സരോജ വര്‍ഗ്ഗീസ്, ന്യുയോര്‍ക്ക്)
പ്രവാസികളായ മലയാളിമക്കള്‍ക്ക് ഈ വര്‍ഷത്തെ ഓണപ്പരിപാടികളില്‍ ചിന്താവിഷയമാകേണ്ടത്, ഭേദചിന്തകള്‍ വെടിഞ്ഞ്, സുഖദു:ഖഭാവങ്ങളില്‍ ഭാഗഭാക്കാകണമെന്ന സ്‌നേഹസന്ദേശം പ്രാവര്‍ത്തികമാക്കികൊണ്ട് ആഘോഷങ്ങളെ നിയന്ത്രിക്കുകയെന്നാണ്. ഈ വര്‍ഷത്തെ ഓണക്കാലത്ത് മലയാള മണ്ണില്‍ പ്രകൃതിദേവി പോലും രൗദ്ര ഭാവത്തിലെത്തിയിരിക്കയാണ്. നിത്യേന കേള്‍ക്കുകയും കാണുകയും ചെയ്യുന്ന പ്രളയക്കെടുതികളും അവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും ഹൃദയഭേദകമായിരിക്കുന്നു. കേരളത്തിലെ നദികളെല്ലാം തന്നെ അതിരുകള്‍ ലംഘിച്ച് സംഹാരതാണ്ഡവം നടത്തുന്ന കാഴ്ച്ച പേടിപ്പെടുത്തുന്നതാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൊന്നോണനാള്‍ പിറക്കുമ്പോഴേക്കും പ്രളയക്കെടുതി ശമിച്ചാല്‍ തന്നെ, കണ്ണീരില്‍ കുതിര്‍ന്ന പ്രജകളെ ആയിരിക്കാം മഹാബലിക്ക് കാണാന്‍ കഴിയുന്നത്. പുത്തന്‍ ഉടുപ്പുകളും അണിഞ്ഞ് സമൃദ്ധമായ സദ്യയും ഒരുക്കി ഉത്സുകരായി പുത്തന്‍ ഉണര്‍വോടെ തിരുവോണനാളുകളെ എതിരേല്‍ക്കാന്‍ കാത്തിരുന്ന കേരളീയരില്‍ ഒരു നല്ല വിഭാഗം തങ്ങളുടെ കഷ്ടനഷ്ടങ്ങളുടെ നാടുവിലാണിന്ന്.

പവിത്ര പാരമ്പര്യത്തിന്റെ പ്രതീകങ്ങളായ ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുത്തിരുന്ന ആറന്മുള ജലോത്സവത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള മുത്തുക്കുടകള്‍ പിടിച്ച് ഒരേ ഈണത്തിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകള്‍ പാടി ഓണം ഒരു വര്‍ണ്ണകാഴ്ച്ച്ചയാക്കി മാറ്റിയിരുന്നു. ഇന്ന് കേരളം മുഴുവന്‍ പ്രളയത്തില്‍ മുങ്ങി കിടക്കുമ്പോള്‍ വഞ്ചിപ്പാട്ടിനും, വള്ളം കളി മത്സരത്തിനും എന്ത് പ്രസക്തി. മഹാബലി ഒരു സങ്കല്‍പ്പ കഥാപാത്രമെന്നു വിശ്വസിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭരണകാലം നാടിന്റെ സുവര്‍ണ്ണ കാലമായിരുന്നു എന്ന് നമ്മള്‍ മനസ്സിലാക്കുന്നു. ഇന്ന് രാഷ്ട്രീയ കലാപങ്ങളും, വര്‍ഗീയതയും, സ്ത്രീപീഡനവും നിത്യസംഭവങ്ങളായിരിക്കെ ഈ പ്രളയം പ്രകൃതിയുടെ ശിക്ഷയാകാം. ആദര്‍ശശാലിയായ ഒരു രാജാവിനുള്ള എതിരേല്‍പ്പ് ആത്മാര്‍ത്ഥത തീരെയില്ലാത്ത ഒരു ജനത വര്‍ഷം തോറും നടത്തുന്നതില്‍ പ്രകൃതി പോലും കൂട്ടുനില്‍ക്കുന്നില്ലെന്നു കാണാം. മഹാബലി ഭരിച്ച കേരളം, നമ്മള്‍ വിട്ടു പോന്ന കേരളം ഇന്ന് അവിടെയില്ല. അത്തപ്പൂക്കളും, തിരുവാതിരകളിയും, തുമ്പിതുള്ളലും, ഓണക്കോടിയുമെല്ലാം പ്രവാസിയുടെ മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തുമ്പോഴും നമ്മുടെ കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് അങ്ങനെയൊരു വികാരം പ്രകടമല്ല.

അന്യനാട്ടില്‍ പ്രവാസിയായി കഴിയേണ്ടിവരുന്ന ഏതൊരു മലയാളിയും ജാതിമത വര്‍ഗ്ഗവര്‍ണ്ണ വ്യത്യാസമെന്യേ ജന്മനാട്ടിലെ തന്റെ ബാല്യകാല സ്മരണകളില്‍ തങ്ങി നില്‍ക്കുന്ന, ഹൃദയത്തില്‍ ആനന്ദത്തിന്റെ തിരമാലകള്‍ ഉയര്‍ത്തുന്ന ഓണക്കാലനാളുകളിലേക്ക് സ്വപ്നത്തേരിലേറി പറക്കാറുണ്ട്. എന്നാല്‍ ഏതു നിമിഷവും ജീവന് തന്നെ ഭീഷണിയാകുന്ന ഒരവസ്ഥയാണ് ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍. ആഘോഷങ്ങളേക്കാള്‍ ഇപ്പോള്‍ എല്ലാവരും പരസ്പരം സഹായിക്കുന്നതിലാണ് ശ്രദ്ധപതിപ്പിക്കേണ്ടത്. ഓണത്തിന്റെ സന്ദേശവും എല്ലാവരും ഒന്ന് പോലെ കഴിയുകയെന്നാണ്. അമേരിക്കന്‍ മലയാളികള്‍ അവരുടെ ഓണാഘോഷങ്ങള്‍ മാറ്റി വച്ച് നാട്ടിലുള്ളവര്‍ക്ക് സാമ്പത്തികമായി സഹായം എത്തിക്കുക എന്ന ദൗത്യത്തിലാണ്.

ഓണപൂക്കളിട്ട് കളമെഴുതാന്‍ ഇന്ന് മണ്ണില്ല . ഓണക്കോടി ഉടുത്ത് നടക്കാന്‍ കരയില്ല. കേരളത്തിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയില്‍ പെട്ടുപോയി. ഇവിടെ സ്‌നേഹത്തിന്റെ തോണിയിറക്കി എല്ലാവര്‍ക്കും ജീവന്റെ സുരക്ഷ ഉറപ്പിക്കാനുള്ള പ്രവര്‍ത്തനമായിരിക്കണം ഈ വര്‍ഷത്തെ ഓണാഘോഷം. മനുഷ്യനിലുള്ള നന്മയുടെ സൂര്യന്‍ ഉദിച്ച് , വേദനയുടെ വെള്ളപ്പൊക്കം വറ്റിച്ച് വീണ്ടും പൊന്നോണ ദിവസങ്ങള്‍ ദൈവം പ്രദാനം ചെയ്യുമെന്ന് വിശ്വസിക്കാം. എല്ലാവര്‍ക്കും ഒരേ മനസ്സോടെ സഹായഹസ്തങ്ങള്‍ നീട്ടി അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാം. ആഘോഷങ്ങളേക്കാള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ദൈവപ്രീതി ലഭിക്കുന്നു. ഈ അവസരത്തില്‍ നമ്മുടെ നാട്ടിലെ എല്ലാവരും സുരക്ഷിതരാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
Join WhatsApp News
മേക്കപ്പ് മത്തായി 2018-08-19 19:17:52
ആഘോഷമായി ഓണം നടത്താൻ എന്തെങ്കിലും വിധത്തിൽ ശ്രമിക്കുന്ന അസ്സോസിയേഷൻസ് ഇപ്പോ ഇറങ്ങും പിരിവുമായി. 'ആഘോഷം നടത്തുന്നത് സഹായിക്കാനാണ്' അതായിരിക്കും അടുത്ത മുദ്രാവാക്യം. 

കേരളത്തിൽ ഭൂകമ്പം വന്നാലും, ഫോട്ടോ എടുക്കാൻ കിട്ടുന്ന ഒരവസരവും അമേരിക്കയിൽ ഇവർ പാഴാക്കുകയില്ല. ആൽമരവും അവർക്കൊരു തണൽ!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക