Image

എനിക്ക് നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല; പരിഹസിച്ചവര്‍ക്ക് ദുല്‍ഖറിന്റെ മറുപടി

Published on 19 August, 2018
എനിക്ക് നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല; പരിഹസിച്ചവര്‍ക്ക് ദുല്‍ഖറിന്റെ മറുപടി
നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ ഉലയുന്ന കേരളത്തിന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി സഹായ ഹസ്തങ്ങള്‍ നീളുകയാണ്. കേരളത്തില്‍ ഇല്ലെങ്കിലും തങ്ങളാലാകുന്ന വിധം സാമ്പത്തികമായും മറ്റു തരത്തിലും പിന്തുണയറിയിക്കുന്നവരും നിരവധിയാണ്. ഇത്തരത്തില്‍ കേരളത്തില്‍ ഈ സമയം ഉണ്ടാകാനാവാത്തതിന്റെ വിഷമം പങ്കുവെച്ച ദുല്‍ഖര്‍ സല്‍മാനെതിരെ സോഷ്യല്‍ മീഡിയയില്‍ കുറച്ചു പേര്‍ പരിഹാസവുമായെത്തി. 'എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും തന്നാലാവുന്നത് ചെയ്യുമെന്നും, രാജ്യത്തിന് പുറത്താണെന്നും ഈ സമയം കേരളത്തില്‍ ഇല്ലാത്തതില്‍ വിഷമം ഉണ്ടെന്നു'മാണ് ദുല്‍ഖര്‍ കുറിച്ചത്. ഇതിനായിരുന്നു പരിഹാസം. പ്രളയം കെടുതി അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം ദുല്‍ഖര്‍ നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ നേരിടുന്ന പരിഹാസങ്ങള്‍ക്കും ദുല്‍ഖര്‍ മറുപടി നല്‍കി. 'നാട്ടില്‍ ഇല്ല എന്നതുകൊണ്ട് ഞാന്‍ ഒരു സഹായവും ചെയ്യുന്നില്ലെന്ന് കരുതുന്നവരോട്, എനിക്ക് നിങ്ങളാരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന ഈ സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുന്‍വിധികളും മാറ്റിവെയ്ക്കണം. ഇത്തരം കമന്റുകളിടുന്ന പലരെയും ദുരിതാശ്വാസത്തിന്റെ പരിസരത്തെങ്ങും കാണാനെ കഴിയില്ല, അതുകൊണ്ട് മറ്റുള്ളവരെ ആക്രമിക്കുക വഴി നിങ്ങള്‍ അവരേക്കാള്‍ മികച്ചതാകുന്നെന്ന് കരുതരുത്' ദുല്‍ഖര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക