Image

എന്തൊരു ഒരുമിച്ചു നില്‍ക്കലാണിത്! (രേന്യ ദാസ് )

Published on 19 August, 2018
എന്തൊരു ഒരുമിച്ചു നില്‍ക്കലാണിത്! (രേന്യ ദാസ് )
കഴിഞ്ഞ ഒരാഴ്ചക്കാലം നാട്ടിലെ വാര്‍ത്തകള്‍ കേട്ട് ദൂരെ ഒരിടത്ത് വിഷമിച്ചും ഉറക്കം പോയുമിരുന്നപ്പോഴൊക്കെയും സ്വന്തം ആധി എഴുതി ഇടേണ്ട ഇടമല്ല ഇപ്പോഴിതെന്ന്, അപകടത്തിലായവരെ ജീവിതത്തിലേക്ക് കരകയറ്റാന്‍ നിരന്തരം വിവരങ്ങള്‍ കൈമാറുന്ന സ്ഥലമാണെന്ന ബോധ്യത്തില്‍ മിണ്ടാതിരിക്കയായിരുന്നു. എത്രയോ പേരുടെ പോസ്റ്റുകള്‍ വായിച്ച് കണ്ണു നിറഞ്ഞിരിക്കയായിരുന്നു.

വീട്ടിലുള്ള ഒന്നാം ക്ലാസുകാരിയുടെ കുടുക്ക പൊട്ടിച്ചും കയ്യിലുള്ളതെല്ലാം എണ്ണിപ്പെറുക്കിയും നാട്ടിലേയ്ക്കയയ്ക്കുമ്പോ മതിയായില്ല എന്നൊരു തോന്നലുണ്ടാവുന്നുണ്ട്.

വെള്ളം കേറിത്തുടങ്ങുന്ന ഇടത്താണല്ലോ വീടെന്നോര്‍ത്ത് ആവലാതിയോടെ വിളിക്കുമ്പോ ഇവിടെ ആളുകള്‍ക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള തിരക്കാണ്, നീ പിന്നെ വിളിക്കെന്ന് പറഞ്ഞ് എത്ര തവണയാണ് അച്ഛന്‍ ഫോണ്‍ കട്ട് ചെയ്തത്.
വെള്ളം ഇറങ്ങിയ വീട്ടിലേക്ക് തിരികെപ്പോവാതെ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ ആളുകളെ സഹായിക്കാന്‍ നില്‍ക്കുമ്പോ അവിടെ എന്തായിന്നുള്ള അന്വേഷണത്തിന് , ഇവിടെ ഒരു കുഴപ്പോമില്ല, മൂന്നു നാലു ദിവസത്തേക്ക് കൂടെയുള്ള ഭക്ഷണമുണ്ട് എല്ലാര്‍ക്കും, വിഷമിക്കാതിരിക്കെന്ന് ഇങ്ങോട്ടേയ്ക്കാശ്വസിപ്പിക്കുന്ന കൂട്ടുകാരന്‍ ഉള്ളു നിറയ്ക്കുന്നുണ്ട്. എത്ര പക്വതയോടെ കരുത്തോടെയാണ് മനുഷ്യര്‍ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത്.

എല്ലാത്തിനും കൈയ്യക്കത്തോടെ നേതൃത്വം കൊടുത്തൊരു ഗവണ്‍മെന്റ്, ഉദ്യോഗസ്ഥര്‍, രക്ഷകരായ മത്സ്യത്തൊഴിലാളികള്‍, ഈ തിരക്കിനിടയിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്ന തൊഴിലാളികളെ മറക്കരുതെന്നും അവരെ വീടുകളിലേക്ക് സുരക്ഷിതരായി അയയ്ക്കണമെന്നും ഓര്‍മപ്പെടുത്തിയവര്‍, വിവരങ്ങള്‍ നിരന്തരം കൈമാറിയവര്‍, രാപകലില്ലാതെ ഓടി നടന്ന് സഹായമെത്തിച്ചവര്‍, പേടിപ്പെടുത്തുന്ന ആകുലതകള്‍ക്കിടയിലും സ്‌നേഹ നിമിഷങ്ങള്‍ പങ്കു വച്ചവര്‍.

പറയാന്‍ പാടുണ്ടോ എന്നറിയില്ല, ന്നാലും അത്തരം ആയിരക്കണക്കിന് മനുഷ്യര്‍ക്കൊപ്പം പറ്റുന്ന പോലെ എന്തേലുമൊക്കെ ചെയത് അങ്ങട്ടും ഇങ്ങട്ടും ഒന്നിച്ചു നിന്നു സഹായിക്കുന്ന നിമിഷങ്ങളെ നേരിട്ടനുഭവിക്കാന്‍ കഴിയുന്നില്ലല്ലോന്നുള്ളൊരു കുഞ്ഞു വിഷമം ഉണ്ട്.

ഇതെന്തൊരു കെട്ട ലോകമാണെന്ന് പ്രതീക്ഷകെട്ട് ചിന്തിക്കുന്ന നേരങ്ങള്‍ ഇനിയുമുണ്ടാകാമെങ്കിലും, അല്ല, ഇത് നന്മ നിറഞ്ഞ മനുഷ്യരുടെ കൂടെ ഇടമാണെന്ന് തിരുത്താന്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് എത്രയെത്ര കോരിത്തരിപ്പിക്കുന്ന നിമിഷങ്ങളാണ് എല്ലാ വേദനകള്‍ക്കിടയിലും നമുക്ക് കിട്ടിയത്!

എന്തൊരു ഒരുമിച്ചു നില്‍ക്കലാണിത്! 
എന്തൊരു ഒരുമിച്ചു നില്‍ക്കലാണിത്! (രേന്യ ദാസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക