Image

മഹാപ്രളയത്തിന്റെ മഹാസമാധി (ജോര്‍ജ് തുമ്പയില്‍)

Published on 20 August, 2018
മഹാപ്രളയത്തിന്റെ മഹാസമാധി (ജോര്‍ജ് തുമ്പയില്‍)
പ്രളയം കേരളത്തെ വിഴുങ്ങിയ വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു. കേരളത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം എന്ന റെക്കോഡുമായി ചരിത്രത്തിലേക്ക് കയറി നില്‍ക്കുന്ന ഈ പ്രളയം തുടച്ചു നീക്കിയത് എന്റെ സഹോദരങ്ങളെയാണല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളിലൊരു വിങ്ങല്‍. മുപ്പതിനായിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്നും ഏകദേശം 50,000 ഹെക്ടര്‍ സ്ഥലം ഇല്ലാതായെന്നും 3000 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ പ്രളയത്തിന്റെ ഭീകരത വ്യക്തമായിരിക്കുന്നു. ടിവി ചാനലുകള്‍ തുറക്കുമ്പോള്‍ രക്ഷിക്കണേ എന്ന കരച്ചിലുകള്‍. കുഞ്ഞുകുട്ടികള്‍ മുതല്‍ സ്ത്രീകള്‍ വരെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ലൈവില്‍ വന്നു സംസാരിക്കുന്നത്. വീടുകളുടെ ഒന്നാം നില പൂര്‍ണ്ണമായും മുങ്ങിയിരിക്കുന്നു. രണ്ടാം നിലയില്‍ കുടങ്ങിക്കിടക്കുന്നവരെ കനത്ത ഒഴുക്കു മൂലം രക്ഷിക്കാന്‍ കഴിയുന്നില്ല. നിസ്സഹായതയോടെ ജീവനു വേണ്ടി വിലപിക്കുന്നവരെ കണ്ടപ്പോള്‍ മനസാക്ഷി മരവിച്ചു പോയിയെന്നു പറയാം. ഇതു നടക്കുന്നത് കേരളത്തില്‍ തന്നെയോയെന്നു ഒരു നിമിഷം സംശയിച്ചു പോയി. 44 നദികളുമായി കേരളത്തെ ഫലഭൂയിഷ്ടവും ജലസമ്പന്നവുമാക്കിയിരുന്ന ജലപ്രവാഹങ്ങള്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഒരു ജന്മം കൊണ്ടു സമ്പാദിച്ച വീടിനെ പോലും മുക്കി കളഞ്ഞു എന്ന സത്യം തിരിച്ചറിയാന്‍ പോലും പലര്‍ക്കും കഴിയുന്നില്ല. അന്യദേശത്ത് ഇരുന്ന് ടിവി ചാനലുകളിലൂടെ കാണുന്ന എന്നെ പോലെയുള്ള മറുനാടന്‍ മലയാളികള്‍ക്ക് ഇത് അവിശ്വനീയമെന്നാണ് തോന്നിയത്. അപ്പോള്‍ അതൊക്കെയും നേരില്‍ അനുഭവിച്ചവരുടെ കാര്യം പറയാനുണ്ടോ?

മഹാപ്രളയത്തെക്കുറിച്ചൊക്കെ കേട്ടിട്ടുണ്ട്. വീഡിയോകള്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ ഇതു പോലൊരു പ്രളയം എന്റെയൊന്നും ഓര്‍മ്മകളില്‍ പോലുമുണ്ടായിട്ടില്ല. എന്റെ മാതാപിതാക്കള്‍ 1924-ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് പറയുമ്പോള്‍, ഇനിയിതൊന്നും സംഭവിക്കില്ലെന്ന് എത്രയോ തവണ അവര്‍ ആവര്‍ത്തിച്ചിരിക്കുന്നു. എന്നാല്‍, അവരുടെയൊക്കെയും (അവരു രണ്ടു പേരും ഇന്നില്ല) ആ വിശ്വാസങ്ങള്‍ക്കു മേലെയാണ് മലവെള്ളം കുത്തിയൊഴുകി വന്നതെന്നു പറയേണ്ടി വരും.

വെള്ളം കയറാത്ത കേരളത്തിലെ വീടുകള്‍ വളരെ ചുരുക്കമാണ്. എറണാകുളവും, എന്തിനു പറയുന്നു, നമ്മളൊക്കെ നാട്ടിലേക്ക് വന്നിറങ്ങുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പോലും മുങ്ങിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ പെയ്ത മഴയെക്കുറിച്ചും ഒഴുകിയെത്തിയ ജലത്തെക്കുറിച്ചും ഒരു നിമിഷം മനസ്സിലൊന്നു സങ്കല്‍പ്പിച്ചു നോക്കി.

രക്ഷാപ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായിരിക്കുന്നു. ഇനിയിപ്പോള്‍, പുനരധിവാസത്തിന്റെ നാളുകളാണ്. പകര്‍ച്ചവ്യാധികള്‍ പടരാതെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒപ്പം, പെയ്തുവെള്ളം കുത്തിയൊഴുക്കി കൊണ്ടു വന്ന ചപ്പുചവറുകള്‍ നീക്കം ചെയ്യുക എന്നത് വലിയൊരു പ്രയത്‌നമായി അവശേഷിക്കുന്നു. അതിലുമുപരി കിണറുകളുടെ ക്ലോറിനേഷനുകളാണ് ശ്രദ്ധിക്കേണ്ടത്. കുടിവെള്ളമില്ലാതെ, എത്രയോ വീടുകളാണ് ഇപ്പോള്‍ ഒറ്റപ്പെട്ടു കിടക്കുന്നത്. എത്രയോ പേരുടെ വിലയേറിയ വസ്തുവകകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാവണം. ഇവര്‍ക്കൊന്നും തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാവണമെന്നില്ല. അതൊക്കെ വച്ചു നോക്കുമ്പോള്‍ പ്രളയം കശക്കിയെറിഞ്ഞത് മലയാളത്തിന്റെ ജനജീവിതത്തെയാകണം.

അണക്കെട്ടുകള്‍ തുറന്നു വിട്ടപ്പോള്‍ പറഞ്ഞില്ല, കേട്ടില്ല എന്നൊക്കെ പരാതികള്‍ ഉയരുന്നുണ്ട്. എന്റെ മണ്ഡലത്തില്‍ മാത്രം ഹെലികോപ്ടര്‍ ഇറക്കിയില്ല എന്നൊക്കെ പല പ്രമുഖരും പറയുന്നതും കേട്ടു. ദുരിതാശ്വാസ നിധിയില്‍ കൈയിട്ടുവാരാന്‍ മത്സരമായിരിക്കുമെന്നും അറിഞ്ഞു. എന്നാല്‍ ഇതൊക്കെയും പറയേണ്ട സമയമല്ല ഇപ്പോള്‍. ദുരിതം വരുമ്പോള്‍ രാഷ്ട്രീയവും ജാതിയും മതവും നോക്കരുത്. എല്ലാം അതിജീവിക്കണമെങ്കില്‍ മനുഷ്യന്‍ ഒന്നായി അണിചേരണം. അതാണ് സംസ്ക്കാരം കാണിച്ചു തന്നിട്ടുള്ളത്, ചരിത്രം പഠിപ്പിച്ചു തന്നിട്ടുള്ളത്. ഇവിടെയിരുന്നു കൊണ്ട് ഇങ്ങനെയൊക്കെ പറയാനെ ഞങ്ങള്‍ക്കു കഴിയുന്നുള്ളു.

അമേരിക്കന്‍ മലയാളികളുടെ നിരവധി വീടുകള്‍ കേരളത്തില്‍ അടഞ്ഞു കിടപ്പുണ്ട്. അതിലൊക്കെയും വിലയേറിയ വസ്തുവകകളും കാണും. അതിലൊക്കെയും വെള്ളംകയറിയിട്ടുണ്ടാവണം, പ്രത്യേകിച്ച് ചെങ്ങന്നൂര്‍ ഭാഗത്തുള്ളിടത്ത്. അവിടെ കൃത്യമായ പരിപാലനം നടക്കുന്നുണ്ടന്ന് നമ്മള്‍ ഉറപ്പുവരുത്തണം. അതിനു വേണ്ടി ഒരു സന്ദര്‍ശത്തിനു തുനിഞ്ഞാലും തെറ്റില്ല. ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റര്‍ റിസ്ക്ക് റിഡക്ഷന്‍ ചീഫ് ആയ മലയാളി മുരളി തുമ്മാരക്കുടി നിരവധി ലേഖനങ്ങള്‍ പ്രളയവുമായി ബന്ധപ്പെട്ട് അടുത്തിടെ എഴുതിയിട്ടുണ്ട്. അദ്ദേഹം ഇക്കാര്യത്തില്‍ വളരെ നീണ്ട പഠനങ്ങള്‍ നടത്തിയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ നാം വിനിയോഗിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നിടത്തോളമാളുകള്‍ സംഭാവനയും നല്‍കണം. കാരണം, കേരളം പടുതുയര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ വിയര്‍പ്പു വീണ മണ്ണിനാണ് ഇപ്പോള്‍ കഷ്ടതകളുടെ പ്രളയമുണ്ടായിരിക്കുന്നത്. നമുക്ക് ഒന്നായി അണി ചേരാം. ഒന്നിച്ചൊന്നായി മുന്നേറാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക