Image

കേരളത്തെ സഹായിക്കേണ്ട, കേരളീയര്‍ അനുഭവിക്കട്ടെയെന്ന് പ്രചാരണം (എ.എസ് ശ്രീകുമാര്‍)

Published on 20 August, 2018
കേരളത്തെ സഹായിക്കേണ്ട, കേരളീയര്‍  അനുഭവിക്കട്ടെയെന്ന് പ്രചാരണം (എ.എസ് ശ്രീകുമാര്‍)
കേരളം പ്രളയക്കെടുതിയില്‍ എല്ലാത്തരത്തിലും നട്ടം തിരിയുമ്പോള്‍ ചെങ്ങന്നൂര്‍ എരമല്ലിക്കരയിക്കരയിലെ ശ്രീ അയ്യപ്പ കോളജ് വിദ്യാര്‍ഥിനികളെ അപമാനിച്ച ചില പ്രദേശവാസികളുടെയും അതേ വിദ്യാര്‍ത്ഥിനികളെ കൈയേറ്റം ചെയ്ത സ്ത്രീകളെുടെയും വ്യാജ വാര്‍ത്താ പ്രചാരകരുടെയും കൊള്ള ലാഭക്കാരുടെയും ദുരന്തം മുതലെടുത്ത് മോഷണം നടത്തുന്നവരുടെയുമൊക്കെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടുകഴിഞ്ഞു. ഇത് മറ്റൊന്നാണ്. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ കേരളത്തെ സഹായിക്കരുത് എന്നാഹ്വാനം ചെയ്യുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണം കൊഴുക്കുന്നു. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തിലും നടക്കുന്നുണ്ട് ഇത്തരത്തിലുള്ള വിഷപ്രചാരണം.

''മലയാളികള്‍ ബീഫ് കഴിക്കുന്നവരാണ്. അതുകൊണ്ട് അവരെ സഹായിക്കരുത്...'' എന്നൊക്കെയാണ് പ്രചാരണത്തിന്റെ ഒരു തറ ലെവല്‍. ഉത്തരേന്ത്യയില്‍ നിന്നും ഇതുപോലുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ കണ്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ പ്രൊഫൈന്‍ പിക്ചറോടു കൂടിയ ശെല്‍വ എന്നയാളുടെ പോസ്റ്റ് ഇങ്ങനെയാണ്...''കേരളത്തിന് ആരും സംഭാവന നല്‍കരുത്. അവിടുത്തെ പകുതിയിലധികവും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. ശബരിമലയോടുള്ള സമീപനത്തിന് അവര്‍ ഇങ്ങനെ അനുഭവിക്കുക തന്നെ വേണം...'' ശ്രുതി ദത്ത എന്ന സ്ത്രീയുടെ കമന്റ് തുടങ്ങുന്നത് ''തെരുവു നായ്ക്കളെ കൊല്ലുന്ന കേരളീയര്‍ അനുഭവിക്കണം...'' എന്നാണ്. ''ആര്‍.ഐ.പി കേരളൈറ്റ്‌സ്...'' എന്ന് പറഞ്ഞാണവര്‍ തന്റെ ദുഷിച്ച കമന്റ് അവസാനിപ്പിക്കുന്നത്.  ശ്രുതി ദത്തയുടെ പ്രൊഫൈന്‍ പിക്ചര്‍ പട്ടിയുടെതാണ്. ട്രോള്‍ സഹിക്കവയ്യതെ ഇവര്‍ പിന്നീട് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

ആകാശത്തുനിന്ന് ഒരു പക്ഷി കണ്ണൂരിനെ നിരീക്ഷിക്കുന്ന ഫോട്ടോഷോപ്പ് ഇമേജോടുകൂടിയ ഒരു പോസ്റ്റില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു...''ഇതാ നോക്കൂ ദൈവത്തിന്റെ നീതി. ഗുരു മാതയെ പരസ്യമായി കൊന്നതിനുള്ള ശിക്ഷയായി വെള്ളപ്പൊക്കമുണ്ടാക്കി ദൈവം കണ്ണൂരിനെ നശിപ്പിച്ചിരിക്കുന്നു. മുകളിലിരിക്കുന്നയാള്‍ അന്ധനല്ല, അതിനാല്‍ ശിക്ഷ വൈകിപ്പിക്കയുമില്ല...'' കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാരും ഡി.വൈ.എഫ്.ഐയും പരസ്യമായി പശുവിനെ കൊന്ന് ബീഫ് ഫെസ്റ്റ് നടത്തി മോദിക്കെതിരെ പ്രതിഷേധിച്ചതാണ് ഈ ഫെയ്‌സ് ബുക്ക് മത ഭ്രാന്തനെ ചൊടിപ്പിച്ചത്. ഇത്തരത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് വിദ്വേഷ പ്രചാരണം നടക്കുമ്പോള്‍ ചില മലയാളികളും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുന്നു.

സുരേഷ് കൊച്ചാട്ടില്‍ എന്നയാളുടെ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വോയിസ് ക്ലിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റും കേരളത്തെ സഹായിക്കരുതെന്ന് പറയുന്നതാണ്. മലയാളികള്‍ വന്‍ പണക്കാരാണ് എന്നും അവര്‍ക്ക് സഹായം വേണ്ടെന്നുമാണ് ഇയാളുടെ കണ്ടെത്തല്‍. പണം സേവാഭാരതിയുടെ അക്കൗണ്ടിലേക്ക് അയക്കണമത്രേ. ആര്‍.എസ്.എസിന്റെ പോഷക സംഘടനയാണ് സേവാ ഭാരതി. പോസ്റ്റ് ഇങ്ങനെയാണ്: ''കേരളത്തിലെ പ്രളയബാധിതരെല്ലാം അതിസമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് പണത്തിന്റെ ആവശ്യമേ ഇല്ല. അവര്‍ക്ക് വേണ്ടി സാനിറ്ററി നാപ്കിനുകളോ മെഴുകുതിരികളോ വാങ്ങി നല്‍കേണ്ട കാര്യമില്ല. ഇവിടെ എല്ലാ വീടുകളിലും വൈദ്യുതിയുണ്ട്...''

''അതുകൊണ്ട് മെഴുകുതിരിയും തീപ്പെട്ടിയുമെല്ലാം ലിസ്റ്റില്‍ നിന്നും ഒഴിവാക്കിക്കൊള്ളുക. അവര്‍ നിങ്ങള്‍ നല്‍കുന്ന കുറഞ്ഞ നിലവാരത്തിലുള്ള അരി കഴിക്കില്ല. കാരണം മലയാളികള്‍ ഉയര്‍ന്ന തരം വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നവരാണ്. നിങ്ങള്‍ നേരിട്ട് വന്ന് വസ്തുക്കള്‍ നല്‍കാന്‍ ശ്രമിക്കുക. കേരളത്തില്‍ എല്ലായിടത്തും പ്രളയം ബാധിച്ചിട്ടില്ലെന്ന് മനസ്സിലാക്കണം. ആന്ധ്രയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ പലരും വസ്ത്രങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് അവരത് വലിച്ചെറിയുകയായിരുന്നു. ഇവിടുത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തില്‍ കൂടുതല്‍ വസ്തുക്കളുണ്ട്...''

നൂറോ ഇരുന്നൂറോ ട്രക്കുകളാണ് അരിയും മറ്റ് അവശ്യവസ്തുക്കളുമായി എത്തുന്നത്. കൊച്ചിയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സാധനങ്ങള്‍ കുമിഞ്ഞ് കൂടുകയാണ്. എന്നാല്‍ അവയെല്ലാം പാഴായി പോകുന്നു. ആവശ്യത്തിനുള്ള ഭക്ഷണവും ഇവിടെ ഉണ്ട്. അതുകൊണ്ട് ആരും കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളോ നിത്യോപയോഗ സാധനങ്ങളോ കയറ്റി അയക്കരുത് എന്നുമാണ് ഇയാള്‍ പറയുന്നത്. ആവശ്യമില്ലാത്ത വസ്തുക്കളുടെ ലിസ്റ്റാണ് പ്രചരിക്കുന്നത്. പണം അയക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് അയയ്ക്കുക. രക്ഷപ്പെട്ടവര്‍ സര്‍ക്കാരിനോടല്ല,  ഇവരോടാണ് നന്ദി പറയുന്നത്. അവര്‍ എല്ലാ സൗകര്യവും ഒരുക്കുന്നുണ്ട്. കേരളം ആന്ധ്രയോ കര്‍ണാടകയോ പോലെ അല്ല. റാന്നിയിലേയും ചെങ്ങന്നൂരിലേയും ജനങ്ങള്‍ ധനികരാണ്. 

നിങ്ങള്‍ ഭിക്ഷാടകരോടെന്ന പോലെ പെരുമാറിയാല്‍ അവര്‍ സഹിക്കില്ല. നിങ്ങള്‍ സഹായിക്കാന്‍ അയയ്ക്കുന്ന വസ്തുക്കള്‍ അവര്‍ നിങ്ങളുടെ നേര്‍ക്ക് തന്നെ തിരിച്ച് എറിയും എന്നിങ്ങനെ പോകുന്നു ഇയാളുടെ വാക്കുകള്‍. ഇയാള്‍ സംഘപരിവാര്‍ പ്രചാരകനാണെന്നാണ് ആരോപണം. ഇയാള്‍ക്ക് സോഷ്യല്‍ മീഡിയ ശരിക്കും പൊങ്കാലയിടുന്നുണ്ട്. ഒപ്പം കേസെടുക്കണം എന്ന ആവശ്യവും ഉയരുന്നു. നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ ടീമിലുള്ളയാളാണ് സുരേഷ് കൊച്ചാട്ടിലെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്. മത്സ്യ ബന്ധന തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെയും വിമര്‍ശിച്ചവരുണ്ട്. ''അവര്‍ കടലില്‍ പോകുന്നവരാണ് അവര്‍ക്കിത് സാധിക്കും...'' എന്നാണ് വിദ്വേഷക്കാര്‍ പറഞ്ഞത്. പൊലയര്‍ പാകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് വാശി പിടിച്ചവരെ ആലുവ യു.സി കോളേജിലെയും കരിങ്ങാച്ചിറ എം.ഡി.എം സ്‌കൂളിലെയും ദുരിതാശ്വാസക്യാമ്പുകളില്‍ കണ്ടുവെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. 

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിവാദമായതോടെ സംഘപരിവാര്‍-ആര്‍.എസ്.എസ് അനുകൂലികള്‍ പ്ലേറ്റ് തിരിച്ചു. അവര്‍ മഴക്കെടുതികളോട് മുഖംതിരിച്ച് നില്‍ക്കുകയായിരുന്നു. ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ അത്രയേറെ വിവാദങ്ങളും സൃഷ്ടിച്ചു. എന്തായാലും ഇപ്പോള്‍ ആര്‍.എസ്.എസ് തന്നെ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ്. ഈ ദുരന്തത്തില്‍ കേരളത്തിനൊപ്പം നില്‍ക്കാന്‍ ആണ് അവര്‍ രാഷ്ട്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, ഇത്തരം ഒരു നിലപാടെടുക്കാന്‍  ഏറെ ദിവസങ്ങള്‍ വേണ്ടി വന്നു എന്ന് മാത്രം. ആര്‍.എസ്.എസ് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷിയാണ് നിലപാട് വ്യക്തമാക്കിയത്. ഈ ദുരന്തം നേരിടാന്‍ രാജ്യം മുഴുവന്‍ കേരളത്തിനൊപ്പം നില്‍ക്കണം എന്നാണ് ഇയാള്‍ ആഹ്വാനിച്ചത്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ദുരന്തനിവാരണ സേനയും സൈന്യവും എല്ലാം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

ഓരോ ഗതികേടുകള്‍...മലക്കം മറിച്ചിലുകള്‍...ഇനിയെങ്കിലും നിങ്ങള്‍ മനുഷ്യരാവുക...നല്ല മനസിന്റെ ഉടമകളാവുക...

കേരളത്തെ സഹായിക്കേണ്ട, കേരളീയര്‍  അനുഭവിക്കട്ടെയെന്ന് പ്രചാരണം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക