Image

പൊന്നോണ സ്മരണകള്‍ (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 20 August, 2018
പൊന്നോണ സ്മരണകള്‍ (തൊടുപുഴ കെ ശങ്കര്‍, മുംബൈ)
ഓണം വരുന്നല്ലോ! പൊന്നോണം ! നമ്മുടെ
ഓര്‍മ്മകള്‍ നാമിന്നു പങ്കുവയ്ക്കാം!
ഒത്തു ചേരാം നമുക്കൊത്തു ചേരാം! പിന്നെ
ഒത്തിരി സ്വപ്നവും പങ്കുവയ്ക്കാം!

അന്നു നാം ബാല്യത്തില്‍ പൂക്കള്‍ പറിയ്ക്കുവാന്‍
അങ്കണത്തിലോണപ്പൂവിടുവാന്‍ ,
കാടും, മലകളും കേറിയിറങ്ങിയ
കാലം നമുക്കിന്നുമോര്‍മ്മയില്ലേ ?

വ്യത്യസ്ത സൂനങ്ങള്‍ ചെമ്മേ നിരത്തി നാം
വൃത്തങ്ങളെത്രയോ തീര്‍ത്തതല്ലേ?
മദ്ധ്യത്തില്‍ നല്ല വലുപ്പവും വര്‍ണ്ണവു
മുള്ളോരു പൂ കമ്പില്‍ നാട്ടിയില്ലേ?

നിത്യവും പാട്ടായി പാട്ടുകള്‍ക്കൊപ്പിച്ചു
നൃത്തമായ് മറ്റു കളികളായി!
കാലമിന്നേറെ കഴിഞ്ഞാലുമാനല്ല
കാലം നാമെങ്ങിനെ വിസ്മരിക്കും?

നാട്ടിലാക്കാലം നാം കണ്ടു, സമൃദ്ധിയും
പാട്ടിന്റെയീണവും, സൗഹൃദവും ,
അന്നത്തെ സ്‌നേഹബഹുമാനവും, വീണ്ടും
വന്നെങ്കിലെന്നു ഞാനാഗ്രഹിപ്പൂ!

എങ്കിലും

ഇന്നയ്യോ ! പേമാരി തീര്‍ത്ത പ്രളയത്തില്‍
ലക്ഷങ്ങള്‍ ദുഖത്തിലാഴ്ന്നിരിക്കും,
നമ്മുടെ കേരള നാടിനെ രക്ഷിപ്പാന്‍
നമ്മള്‍ക്കു സംഘടിച്ചൊത്തുചേരാം!

ഭക്ഷണമില്ല, കുടിനീരുമില്ലാതെ
രക്ഷയ്ക്കായ് കേഴുന്ന മാനവര്‍ക്കായ്,
പ്രാര്‍ത്ഥിക്കാം, വേണ്ട സഹായങ്ങള്‍ ചെയ്തിടാം
അര്‍ത്ഥമായ്, വസ്തുവായ്, സോദരരെ!

കേരളം നമ്മുടെ ജന്മനാടല്ലയോ
കൈരളി നമ്മുടെ ഭാഷയല്ലോ!
ഏതൊരു ദേശത്തിലാണേലും, എപ്പൊഴും
എപ്പൊഴും ' ഈരണ്ടും' ഓര്‍മ്മ വേണും!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക