Image

കേരളം വിജയിക്കട്ടെ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 20 August, 2018
കേരളം വിജയിക്കട്ടെ (ലേഖനം: സാം നിലമ്പള്ളില്‍)
കഴിഞ്ഞ ഒരാഴ്ച്ചയായി ടീവിയുടേയും കംപ്യൂട്ടറിന്റേയും മുന്‍പില്‍ ചങ്കിടിപ്പോടെ ചടഞ്ഞിരുന്ന അമേരിക്കയിലേയും കാനഡയിലേയും മലയാളികള്‍ അനുഭവിച്ചവേദന എത്രത്തോളമെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. നാട്ടിലെ അവരുടെ വേണ്ടപ്പെട്ടവരുടെ വീടുകള്‍ മലവെള്ളത്തില്‍ മുങ്ങുന്നത് നേരില്‍ കണ്ടുകൊണ്ട് നിസ്സഹായരായി ഇരിക്കേണ്ടിവന്ന അവസ്ഥ ഭീകരമായിരുന്നു. വിദേശങ്ങളില്‍നിന്നുള്ള ഫോണ്‍വിളികളുടെ പ്രവാഹമായിരുന്നെന്നു പറയുമ്പോള്‍ തങ്ങളുടെ വേണ്ടപ്പെട്ടവരെയോര്‍ത്ത് വേവലാതിപ്പെടുന്ന പ്രവാസികളുടെ മനോവേദന എത്രത്തളമെന്ന് ഊഹിക്കാം. ചെങ്ങന്നൂരിലും തിരുവല്ലായിലുമുള്ള വയസുചെന്ന അഛനമ്മമാരുടെ, സഹോദരീസഹോദരന്മാരുടെ അവസ്ഥയോര്‍ത്ത് എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയായിരുന്നു അവരെല്ലാം. ഇപ്പോള്‍ വെള്ളംതാഴുന്നെന്നും വേണ്ടപ്പെട്ടവര്‍ ജീവനോടിരിക്കുന്നെന്നും അറിയുന്നതിലെ ആശ്വാസവും വേണ്ടുവോളമുണ്ട്.

വെള്ളപ്പൊക്കങ്ങളും ഭൂകമ്പങ്ങളും കേരളീയര്‍ വായിച്ചും ടീവിന്യൂസില്‍ കണ്ടും അറിഞ്ഞിട്ടുള്ളതല്ലാതെ നേരിട്ടനുഭവിച്ചിട്ടില്ല. ഒരു നൂറ്റാണ്ടിനുമുന്‍പ് വലിയൊരു വെള്ളപ്പൊക്കം ഉണ്ടായതായി പഴമക്കാര്‍ പറഞ്ഞറിട്ടുള്ളതല്ലാതെ പുതിയതലമുറക്ക് അനുഭവമില്ലാത്തതാണ്. അപ്രതീക്ഷിതമായി ഉയര്‍ന്ന വെള്ളത്തിന്റെ വരവുകണ്ട് ഭയപ്പാടോടെ ടെറസ്സിന്റെ മുകളിലേക്ക് ഓടിക്കയറാനല്ലാതെ മറ്റൊരുമാര്‍ക്ഷവും അവര്‍ക്കില്ലായിരുന്നു. നടക്കാനും ഗോവേണികയറാന്‍ കഴിവില്ലാത്തവരും അവരെ മൂടിയവെള്ളത്തില്‍ ജീവന്‍സമര്‍പിച്ചു. നമ്മള്‍ ഭയപ്പെട്ടതുപോലെ വലിയൊരു ജീവനഷ്ട്ടം ഉണ്ടായില്ല എന്നത് ആശ്വാസകരമാണ്.

ജാതിമതഭേദമെന്യെ ഇടുങ്ങിയ രാഷ്ട്രീയചിന്തകള്‍ക്കപ്പുറമായി കേരളമക്കള്‍ രാപ്പകലില്ലാതെ ദുരിതശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കണ്ടപ്പോള്‍ കോരിത്തരിച്ചുപോയി. ലോകത്ത് മറ്റൊരിടത്തുംകാണാന്‍ സാധിക്കാത്ത വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ കാഴ്ചവെച്ചത്. ഇവിടെ മത്സ്യത്തൊഴിലാളികളുടെ നിസ്വര്‍ത്ഥസേവനം എടുത്തുപറയേണ്ടതുണ്ട്. തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും തങ്ങളുടെ ബോട്ടുകളുമായി അവര്‍ ചാടിപ്പുറപ്പെടുകയായിരുന്നു, തങ്ങളുടെ സഹജീവികളെ രക്ഷിക്കാന്‍. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത കടലിന്റെ മക്കളാണ് പതിനായിരക്കണക്കിന് ജീവന്‍ രക്ഷിച്ചത്. പട്ടാളത്തിനും എയര്‍ഫോഴ്‌സിനും നേവിക്കും ചെയ്യാവരന്നതിനപ്പുറം അവര്‍ സേവനനിരതരായി. ഇവിടെ ആര്‍മിയുടെ സേവനത്തെ കുറച്ചുകാണിക്കുകയല്ല ചെയ്യുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ അവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നു. ചെന്നൈയിലെ വെള്ളപ്പൊത്തില്‍ സേവനമനുഷ്ടിച്ച ജവാന്‍ പറഞ്ഞത് അതിന്റെ പത്തിരട്ടി പ്രയാസമുണ്ടായിരുന്നു ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിനെന്നാണ്. ഇവിടെ മത്സ്യത്തൊഴിലാളികള്‍ക്കായിരുന്നു കുറെക്കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായത്. അവരോടൊപ്പം യുവജനങ്ങളും കര്‍മ്മനിരതരായി. യു.സി. കോളജിലെ രക്ഷാക്യാമ്പില്‍ അവിടുത്തെ വിദ്യാര്‍ത്ഥികളാണ് വോളണ്ടിയേര്‍സായി പ്രവര്‍ത്തിക്കുന്നത്. അതുപോലെ പലയിടത്തം നമ്മുടെയുവാക്കള്‍ കഴുത്തൊപ്പംവെള്ളത്തില്‍ നടന്ന് രക്ഷാപ്രവര്‍ത്തംനടത്തുന്നത് കാണാന്‍സാധിച്ചു. ഇവരെപ്പോലുള്ളവരുടെ നാട്ടില്‍ ജീവിക്കാന്‍സാധിച്ചതില്‍ അഭിമാനംതോന്നുന്നു.

പിണറായി സര്‍ക്കാരിന്റെ കാര്യക്ഷമത എടുത്തുപറയേണ്ടതുണ്ട്. മറ്റുരാഷ്ട്രീയക്കാരെപ്പോലെ ഓടിനടന്ന് ദുരതബാധിതരെ കെട്ടിപ്പിടച്ച് ഫോട്ടോയെടുക്കുന്നതിനുപകരം മുഖ്യമന്ത്രി തിരുവനന്തപുരത്തിരുന്ന രക്ഷാപ്രവര്‍ത്തനം നിയന്ത്രിക്കയായിരുന്നു. ക്യാപ്റ്റന്‍ തലപ്പത്തുണ്ടെന്നുുള്ള അറിവ് ഉദ്യോഗസ്ഥന്മാരെ അവരുടെജോലി കൃത്യമായിചെയ്യാന്‍ പ്രേരിപ്പിച്ചു. ഹെഡ്ഡ്മാസ്റ്റര്‍ ഓഫീസില്‍ ഇരിപ്പുണ്ടെന്നുള്ള അറിവ് അദ്ധ്യാപരേയും വിദ്യാര്‍ഥികളേയും ഒരപോലെ കര്‍മ്മനിരതരാക്കുതുുപോലെ. മിസ്റ്റര്‍. പിണറായി വിജയന്‍, താങ്കള്‍ അഭിനന്ദനം അര്‍ഘിക്കുന്നു.

ദുരിതംവിതച്ച പ്രളയത്തിന്റെ കെട്ടുപാടുകളില്‍നിന്ന് കേരളം കരകയറണമെങ്കില്‍ പണമാണ് വേണ്ടത്. ഇരുപതിനായിരംകോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. കേന്ദ്രം പതിവുപോലെ കേരളത്തെ അവഗണിച്ചിരിക്കയാണ്. അഞ്ഞൂറുകോടിരൂപയുടെ നക്കാപ്പിച്ചയാണ് ഇന്‍ഡ്യാ ഗവണ്മെന്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അറേബ്യന്‍ രാജ്യങ്ങളെല്ലാംകൂടി അത്രയുംതുക കേരളത്തിന് നല്‍കുമെന്നാണ് ഇപ്പോളറിയുന്നത്. കേരളം ഇന്‍ഡ്യന്‍ സംസ്ഥാനമല്ല എന്നരീതിയിലുള്ള അവഗണനയാണ് പണ്ടുമുതലേ നമ്മള്‍ അനുഭവിച്ചുവരുന്നത്. അറബിരാജ്യങ്ങളുടെ സഹായത്തിന്റെ വലിപ്പമറിയുമ്പോള്‍ മോദിസര്‍ക്കാര്‍ ലജ്ജിച്ച് തലതാഴിത്തുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ തെറ്റി. കേരളത്തിലുള്ളവര്‍ ധനവാന്മാരാണെന്നും അവര്‍ക്ക് സഹായം ആവശ്യമില്ലെന്നും അവിടുത്തെ ഹിന്ദുക്കള്‍ക്കുമാത്രം സഹായമെത്തിച്ചാല്‍ മതിയെന്നുമാണ് വടക്കേ ഇന്‍ഡ്യയിലുള്ള ചിലവിദ്വാന്മാര്‍ പറയുന്നത്. ഇവിടെ ഹിന്ദുവെന്നോ മുസ്‌ളീമെന്നോ ക്രസ്ത്യാനിയെന്നോ വിവേചനമില്ലാതെയാണ് രക്ഷാപ്രര്‍ത്തകര്‍ ജീവന്‍ പണയംവെച്ച് മനുഷ്യരെ രക്ഷിച്ചത്. ക്ഷേത്രങ്ങളും പള്ളികളും മോസ്കുകളും ദുരിതബാധിതര്‍ക്ക് അഭയമരുളി. കേരളമക്കള്‍ ജാതിചിന്തമറന്ന് ഒറ്റക്കെട്ടായി ഒരറ്റലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്നതു കണ്ടപ്പോള്‍ അഭിമാനിക്കാത്തവരായി ആരുമുണ്ടാകില്ല. ഈ മലവെള്ളപ്പാച്ചിലിനോടൊപ്പം കേരളത്തിലെ ജാതിചിന്തയും ഒഴുകിപ്പോയിരുന്നെങ്കിലെന്ന് ആശിക്കുന്നു.

ഇനിവേണ്ടത് നമ്മുടെ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണമാണ്. തങ്ങളുടെ ഒരുജീവിതകാലത്തെ സമ്പാദ്യംമൊത്തം നഷ്ടപ്പെട്ട പാവത്തുങ്ങള്‍ കരഞ്ഞുനിലവിളിക്കുന്നത് കണ്ടല്ലോ. ഒരു സ്ത്രീ പറയുന്നതുകേട്ടു, ഇനി എങ്ങനെ ജീവിക്കുമെന്നറിയില്ല. ഈ വെള്ളതില്‍ ഒലിച്ചുപോകുകയയായിരുന്ന ഭേദം. ഇതുപോലെ ചിന്തിക്കുന്ന പതിനായിരങ്ങളാണ് കേരളത്തിലുള്ളത്. ഇന്‍ഡ്യാ ഗവണ്മന്റില്‍നിന്ന് കൂടുതല്‍ സഹായം പ്രതീക്ഷിക്കേണ്ട. എന്നാലും നമ്മള്‍ തോല്‍ക്കത്തില്ല. ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികള്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം പ്രതിസന്ധി തരണംചെയ്യാന്‍ സാധിക്കും. നമ്മുടെ ചെറുതും വലുതുമായ സംഘ്യകള്‍ കേരളത്തിലേക്ക് പ്രവഹിക്കട്ടെ. പലതുള്ളി പെരുവെള്ളമെന്നാണല്ലോ കേട്ടിട്ടുള്ളത്. അഞ്ചുഡോളര്‍മാത്രം കൊടുക്കാന്‍ കഴിവുള്ളവന്‍ അത്രയും കൊടുക്കുക. അമേരിക്കയിലും കാനഡയിലും ധനവാന്മാര്‍ ധാരളമുണ്ട്. അവര്‍ കൈഅയച്ച് സഹായിക്കുമെന്ന് ഉറപ്പുണ്ട്.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക