Image

കേരളത്തിനുള്ള യു.എന്‍ സഹായം മുട്ടിച്ചത് 'മോഡി'യായി (എ.എസ് ശ്രീകുമാര്‍)

Published on 21 August, 2018
കേരളത്തിനുള്ള യു.എന്‍ സഹായം മുട്ടിച്ചത് 'മോഡി'യായി (എ.എസ് ശ്രീകുമാര്‍)
ഒരു പൂവ് ചോദിച്ചപ്പോള്‍ ഒരു വസന്തം തന്നെ നല്‍കി എന്ന് നമ്മള്‍ ആലങ്കാരികമായി പറയുമെങ്കിലും അതില്‍ കഴമ്പുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഒരു പൂവ് ചോദിച്ചാല്‍ നമ്മുടെ കൈയിലുള്ള പൂവ് കൂടി അദ്ദേഹം തട്ടിപ്പറിച്ചുകൊണ്ടുപോകുമെന്നാണ് ആക്ഷേപം. പ്രളയക്കെടുതിയില്‍ നട്ടം തിരിയുന്ന കേരളത്തിന് കേന്ദ്രം നല്‍കിയ പണം തീര്‍ത്തും അപര്യാപ്തമായിരിക്കെ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന സഹായധനം മുടക്കുകയാണ് മോഡി സര്‍ക്കാര്‍. ഐക്യരാഷ്ട്ര സഭ അടക്കമുള്ള ആഗോള ഏജന്‍സികളുടെ സഹായം വേണ്ടെന്ന കേന്ദ്ര തീരുമാനമാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ വിവിധ കോണുകളില്‍ നിന്നും സഹായം ആവശ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ താത്പര്യങ്ങള്‍ക്കിടെയാണ് ഈ തീരുമാനം. ജപ്പാനില്‍ നിന്നുള്ള സഹായവും കേന്ദ്രം നിരസിച്ചിരിക്കുന്നു.

പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിന് വേണ്ട സഹായം യു.എന്‍ വാഗ്ദാനം ചെയ്തിരുന്നു. യു.എന്‍ പ്രതിനിധികള്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലവട്ടം അറിയിക്കുകയുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ തരണം ചെയ്യുന്നതിനുള്ള വിഭവങ്ങളും മനുഷ്യവിഭവ ശേഷിയും രാജ്യത്തിനുണ്ടെന്നും സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ നിര്‍വഹിക്കാനാവുമെന്നും കേന്ദ്രം പറയുന്നു. പക്ഷേ, ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടത്തില്‍ അതായത് പുനര്‍നിര്‍മ്മാണം നടത്തുന്ന സന്ദര്‍ഭത്തില്‍ ആഗോള ഏജന്‍സികളുടെ സഹായം വേണമെങ്കില്‍ അവാമത്രേ. കേരളത്തില്‍ നടപ്പാക്കേണ്ട എന്തെങ്കിലും പദ്ധതി മാതൃകകള്‍ ഏജന്‍സികള്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കില്‍ അത് പരിശോധിക്കാം എന്നും സര്‍ക്കാര്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭയടക്കം ഏത് ആഗോള ഏജന്‍സികള്‍ക്കും രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

ഇത്തരമൊരു സന്ദര്‍ഭത്തില്‍ വിദേശ ഏജന്‍സികളുടെയോ രാജ്യങ്ങളുടെയോ സഹായം പറ്റുന്നത് അഭിമാന പ്രശ്‌നമായാണ് മോഡി സര്‍ക്കാര്‍ കാണുന്നത്. അതേസമയം ഇത് ദുരഭിമാന പ്രശ്‌നമാണെന്നാണ് ആക്ഷേപം. പ്രളയത്തില്‍ 20000 കോടിക്ക് മുകളിലാണ് കേരളത്തിന്റെ നഷ്ടം. കേരളത്തിലെത്തിയ മോഡി അടിയന്തിര സഹായമായി 500 കോടിയാണ് പ്രഖ്യാപിച്ചത്. അതിന് മുമ്പ് 100 കോടിയും അനുവദിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തികയില്ലെന്നിരിക്കെ കേന്ദ്ര അവഗണനയ്ക്ക് എതിരെ വലിയ തോതിലാണ് പ്രതിഷേധം ഉയരുന്നത്. അതിനിടെ കേന്ദ്ര സര്‍ക്കാരിനെ നാണിപ്പിച്ചു കൊണ്ട് യു.എ.ഇ കേരളത്തിന് 700 കോടിയുടെ സഹായധനം പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ 600 കോടിയേക്കാള്‍ 100 കോടി അധികം. ഇത് വലിയൊരാശ്വാസമാണ്. മറ്റ് ഗള്‍ഫ് നാടുകളില്‍ നിന്നും സഹായമെത്തുന്നു. 

പ്രളയ ജലത്തില്‍ നിന്ന് കരകയറുക അസാധ്യമെന്ന് ഭയന്ന ഒരു വന്‍ ദുരന്തത്തില്‍ നിന്നും തലയൊന്ന് ഉയര്‍ത്തി തുടങ്ങിയതേ ഉള്ളൂ കേരളം. പതിനാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടി വന്ന ദുരന്തത്തില്‍ നിന്നാണ് കേരളം കരകയറി വരുന്നത്. നാട്ടിലുള്ളവര്‍ക്കും പ്രവാസി മലയാളികള്‍ക്കുമൊപ്പം അയല്‍ സംസ്ഥാനങ്ങളും അയല്‍ രാജ്യങ്ങളും അടക്കം നീട്ടിയ കൈ പിടിച്ച് നിവര്‍ന്ന് നില്‍ക്കാനുള്ള പരിശ്രമം നടത്തുന്ന ഒരു നാടിന് ഇരുട്ടടി നല്‍കിയിരിക്കുകയാണ് കേന്ദ്രം. കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണോ എന്ന് പലരെയും കൊണ്ട് ചോദിപ്പിക്കുന്ന തരത്തിലെത്തിയിരിക്കുന്നു കടുത്ത കേന്ദ്ര അവഗണന. പ്രളയദുരന്തത്തിന്റെ തുടക്കം മുതല്‍ക്കേ കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനവും ഇത്തരത്തിലാണ്. എക്കാലത്തും ഇങ്ങനെ തന്നെ. 

പേമാരി കനക്കുംമുമ്പ്, പ്രളയദിനങ്ങളുടെ തുടക്കത്തില്‍ തന്നെ കേരളത്തിന് പണമടക്കം കൂടുതല്‍ കേന്ദ്ര സഹായം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേരളം സന്ദര്‍ശിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ ദുരവസ്ഥ സര്‍ക്കാര്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നിട്ട് കേരളത്തിന് അടിയന്തര സഹായമായി ആദ്യം കിട്ടിയത് വെറും നൂറ് കോടി രൂപയാണ്. അന്ന് 1000 കോടി രൂപയാണ് കേരളം ചോദിച്ചത്. പിന്നാലെ പ്രളയം കനത്തപ്പോള്‍  മോഡിയും സംസ്ഥാനത്ത് എത്തി. ദേശീയ ദുരന്തമായി കേരളത്തിലെ പ്രളയത്തെ പ്രഖ്യാപിക്കണമെന്ന മുറവിളികളൊന്നും പ്രധാനമന്ത്രിയുടെ ചെവിയിലെത്തിയില്ല. അടിയന്തര സഹായമായി രണ്ടായിരം കോടി ചോദിച്ചപ്പോള്‍ കേന്ദ്രം തന്നതാകട്ടെ അഞ്ഞൂറ് കോടി രൂപയും. കേരളത്തിന് ഈ സമയത്ത് എവിടെ നിന്ന് സഹായം കിട്ടിയാലും അധികമാവില്ല. 

കേന്ദ്ര നയത്തിനെതിരെ പല കോണുകളില്‍ നിന്നും വലിയ തോതിലുള്ള പ്രതിഷേധമുയരുന്നുണ്ട്. ബി.ജെ.പി പച്ച തൊടാതത്ത സംസ്ഥാനം എന്ന നിലയ്ക്ക് കേന്ദ്രം സംസ്ഥാനത്തോട് പ്രതികാരം തീര്‍ക്കുകയാണെന്ന് ആരോപിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. യു.എന്നിന്റെ സഹായം കേന്ദ്രം മാന്യതയോടെ വേണ്ടെന്ന് പറഞ്ഞെന്നും നമ്മള്‍ അതീജീവിക്കും എന്നുമാണ് കേരളത്തിലെ ബി.ജെ.പിയുടെ ബൗദ്ധികേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്.

ഇതിനിടെ കേരളത്തിന് സൗജന്യ അരി നല്‍കില്ലെന്ന നിലപാട് വിവാദമായതോടെ പ്രകാശവേഗത്തില്‍ തിരുത്തലുമായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിനു അനുവദിച്ച അരിക്ക് പണം ഈടാക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാം വിലാസ് പസ്വാന്‍ തടിതപ്പുകയായിരുന്നു. കേന്ദ്രം നല്‍കിയ 89,540 മെട്രിക് ടണ്‍ അരി ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി വരില്ല. 100 ടണ്‍ പയര്‍വര്‍ഗങ്ങളും കേരളത്തിനു അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മതിയായ വിതരണം ഉറപ്പ് വരുത്തി ദിവസേന 80 ടണ്‍ പയര്‍വര്‍ഗങ്ങള്‍ നല്‍കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

അരിയും ധാന്യങ്ങളും പൂര്‍ണമായും സൗജന്യമായിരിക്കും. കേരളം 1.18 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിനു ഇനിയുംആവശ്യമായി വന്നാല്‍ സഹായിക്കാന്‍ തന്റെ വകുപ്പ് തയാറാണെന്നും പസ്വാന്‍ അറിയിച്ചു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യ അരി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവാദമായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കേരളത്തിന് അനുവദിച്ച ദുരിതാശ്വാസ ഫണ്ടില്‍നിന്ന് കുറയ്ക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.

ശശി തരൂര്‍ എം.പിയുമായി ബന്ധപ്പെട്ടും ഒരു വിവാദം. മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് താന്‍ കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാന്‍ യു.എന്‍ ആസ്ഥാനത്ത് പോയതെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. പക്ഷേ തരൂരിനെ അത്തരത്തില്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ആഗസ്റ്റ് 21നാണ് താന്‍ ജെനീവയിലെ യു.എന്‍ ആസ്ഥാനത്തെത്തിയെന്നും യു.എന്നിന്റെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായം കേരളത്തിനായി അഭ്യര്‍ത്ഥിക്കുമെന്നും കാണിച്ച് തരൂര്‍ ട്വീറ്റ് ചെയ്തത്. സഹായം തേടുക കേന്ദ്രസര്‍ക്കാരിന്റെ ചുമതലയില്‍ പെട്ട കാര്യമാണെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ചാണ് താന്‍ സഹായത്തിനുള്ള സാധ്യതകള്‍ തേടുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി.

വാസ്തവത്തില്‍ യു.എന്നിന്റെ മുന്‍ സെക്രട്ടറി ജനറല്‍, അന്തരിച്ച കോഫി അന്നാന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് തരൂര്‍ അവിടെയെത്തിയത്. യു.എന്നിലെ മുന്‍ അണ്ടര്‍ സെക്രട്ടറിയെന്ന നിലയില്‍ തരൂരിന് യു.എന്നില്‍ നിരവധി സുഹൃത്തുക്കള്‍ ഉണ്ടാവാം. എന്നാല്‍ അവരുമായി കേരളത്തിന് സഹായം ലഭിക്കുന്നതിന് വേണ്ടി തരൂര്‍ നടത്തുന്ന ചര്‍ച്ചകള്‍  അനൗദ്യോഗികമായിരിക്കും. 

കേരളത്തിനുള്ള യു.എന്‍ സഹായം മുട്ടിച്ചത് 'മോഡി'യായി (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക