Image

പ്രളയക്കെടുതിയിലും മലയാളിയ്ക്ക് ദാഹിയ്ക്കുന്നു ((എഴുതാപ്പുറങ്ങള്‍-28-ജ്യോതിലക്ഷ്മിനമ്പ്യാര്‍, മുംബൈ)

Published on 21 August, 2018
പ്രളയക്കെടുതിയിലും മലയാളിയ്ക്ക് ദാഹിയ്ക്കുന്നു  ((എഴുതാപ്പുറങ്ങള്‍-28-ജ്യോതിലക്ഷ്മിനമ്പ്യാര്‍, മുംബൈ)
ഈ മഹാപ്രളയത്തിനു ശേഷവും കേരളത്തിന് ദാഹിയ്ക്കുന്നു. നൂറു വര്‍ഷത്തിനുശേഷം കേരളം കണ്ട മഹാപ്രളയത്തിന്റെ ക്രൂരമായ മുഖം മാറി, ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അന്തിമ ഘട്ടവും കണ്ടു.  ഇനി ഇവിടെ ശ്രദ്ധതിരിയ്‌ക്കേണ്ടത് ദുരിതാശ്വാസ   പ്രവര്‍ത്തനങ്ങളിലും, മനുഷ്യന്റെ ആരോഗ്യത്തിലും കേരളത്തിന്റെ തന്നെ മുഴുവന്‍ സാമ്പത്തിക ഭദ്രതയിലും, അറ്റകുറ്റപണികളിലുമാണ്. ഇത്രയും വലിയ പ്രകൃതി ദുരന്തത്തിനെ അതിജീവിച്ച കേരളത്തിന് ഇത് ഒരു
ദീര്‍ഘകാല പരിശ്രമത്തിലൂടെ മാത്രമേ കഴിയു.
തികച്ചും അപ്രതീക്ഷിതമായ കേരളത്തിന്റെ ഈ ദുരവസ്ഥ അറിഞ്ഞ ഓരോ വിദേശ മലയാളിയും തന്റെ ബന്ധുക്കളെയും, ഉറ്റവരെയും, കൂട്ടുകാരെയും ഒരു ഫോണ്‍ കോളിലെങ്കിലും ബന്ധപ്പെടാനും, കുശലാന്വേഷണം നടത്താനും വീഴ്ചവരുത്തിയില്ല.. പലരുടെയും മനം നൊന്ത  പ്രാര്‍ത്ഥന കേരളീയര്‍ക്കു വേണ്ടിയായിരുന്നു. മുംബൈ പോലുള്ള പല സ്ഥലങ്ങളിലും നിന്നും ഉടനെത്തന്നെ മലയാളികള്‍, അല്ലാത്തവര്‍ ഉള്‍പ്പെടെ പലരും കേരളത്തിലേയ്ക്കായി കഴിയാവുന്ന തുകയും,
അത്യാവശ്യ ഭക്ഷ്യ സാധനങ്ങളും സംഭരിച്ച് അവരിലെത്തിയ്ക്കാനുള്ള തുടക്കം കുറിച്ചു. 

സാഹചര്യങ്ങള്‍കൊണ്ട് സ്വന്തം നാട് ഉപേക്ഷിച്ച് അന്യ
രാജ്യങ്ങളില്‍ പോയി സ്ഥിരതാമസമാക്കിയ പലരും മനസ്സില്‍ താന്‍ താലോലിച്ച് കൊണ്ടുപോയ കേരളത്തിന്റെ ഓര്‍മ്മകളിലൂടെ തങ്ങള്‍ ഉള്ളിടത്തെല്ലാം കേരളത്തനിമ ഉണ്ടാകണം എന്നാഗ്രഹിച്ച് വര്ഷം തോറും നടത്താറുള്ള ഓണാഘോഷങ്ങളും, എന്നുവേണ്ട എല്ലാ ആഘോഷങ്ങളും
കുറച്ച് നാളത്തേയ്ക്ക് വേണ്ട എന്ന തീരുമാനവും, അതിനായി
മുടക്കാനിരിയ്ക്കുന്ന തുക കേരളത്തിനായി മാറ്റിവയ്ക്കാം എന്ന തീരുമാനവും എടുത്തു . എല്ലാ മത ദേവാലയങ്ങളും ഇതിനുവേണ്ടി ജനങ്ങളെ ഉപദേശിച്ചു. എന്തിനു കൊച്ചു കുട്ടികള്‍ പോലും അവര്‍ക്ക്  കഴിയും വിധം നാണയ തുട്ടുകള്‍ ശേഖരിച്ച് കേരളത്തിലെ ദുരിത ബാധിതര്‍ക്കു വേണ്ടി നല്‍കാന്‍ സന്നദ്ധരായി.. ഓരോ മലയാളിയും
അവര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളും മലയാളിയെന്നോ,
മറാഠിയെന്നോ, ഗുജറാത്തിയെന്നോ, വ്യത്യാസമില്ലാതെ മനുഷ്യവര്‍ഗ്ഗം എന്ന് മാത്രം ചിന്തിച്ചുകൊണ്ട് കഴിയാവുന്ന തുക, ഒരു ദിവസത്തെ ശമ്പളമെങ്കിലും കേരളത്തിനായി മാറ്റിവയ്ക്കാന്‍ തയ്യാറായി. പലരും ഇപ്പോഴും തന്റെ ഒഴിവു ദിവസങ്ങള്‍ കഴിയാവുന്ന സാധനങ്ങളും, മരുന്നുകളും  ശേഖരിയ്ക്കുന്നതിനും അവ പായ്ക്ക് ചെയ്ത
അയയ്ക്കുന്നതിനും, തന്റെ കൂട്ടുകാര്‍ക്കിടയില്‍ നിന്നും,

അറിയുന്നവരില്‍ നിന്നും കിട്ടാവുന്ന ധനസഹായം ശേഖരിച്ച്
അയയ്ക്കുന്നതിനുമായി ചെലവിടുന്നു.
പ്രകൃതിയുടെ ക്ഷോഭമെല്ലാം കെട്ടടങ്ങി ദുരന്ത താണ്ഢവത്തിനു അന്ത്യം കുറിച്ചപ്പോള്‍ ഓരോരുത്തരും അവരുടെ ഉപേക്ഷിച്ചിട്ട് പോയ വീടുകളില്‍ തിരിച്ചെത്തി. നഷ്ടപ്പെട്ടതെല്ലാം നോക്കി മനം നൊന്ത്, നഷ്ടപ്പെട്ടവരെയെല്ലാം നെഞ്ചിലേറ്റി വിതുമ്പി, വീട് ഉള്ളവര്‍ .
വെള്ളം കയറി വൃത്തികേടായ വീടും പരിസരവും
വൃത്തിയാക്കാനുള്ള കഠിനമായ പ്രയത്‌നത്തിലാണിപ്പോള്‍. എന്നാല്‍ ദുരിത ബാധ്യത പ്രദേശമായ എറണാംകുളം നഗരത്തിലെ തിരക്കും ജനക്കൂട്ടവും കണ്ട് (വാട്ട്‌സ ആപ്പിലൂടെ കണ്ട ദൃശ്യം) എല്ലാവരും അതിശയിച്ചുപോയി. ഈ തിരക്കും നീണ്ട നിരയും വിശന്നു വീട്ടില്‍ കിടക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനോ, വീട്
വൃത്തിയാക്കുന്നതിനുള്ള വസ്തുക്കള്‍ വാങ്ങുന്നതിനോ
രോഗബാധിതര്‍ക്ക് മരുന്നുവാങ്ങുന്നതിനോ ആയിരുന്നില്ല. ഇത് ദിവസങ്ങളായി തൊണ്ട വരണ്ടു നില്‍ക്കുന്ന മദ്യപാനികളുടെ തൊണ്ട നനയ്ക്കാനുള്ള മദ്യത്തിനു വേണ്ടിയുള്ള ബിവറേജിന് മുന്നിലെ തിരക്കായിരുന്നു..  

ഈ കാഴ്ച, എറണാംകുളം എന്ന് മാത്രമല്ല കേരളത്തിലുടനീളം കാണാന്‍ കഴിയുന്ന ഒരു കാഴ്ചയാണിത് .
കേരളീയന്‍ അത്രയ്ക്കും മദ്യത്തിനടിമയാണ്. ഇത്രയും വലിയ ഒരു തിരിച്ചടി പ്രകൃതി ദേവി നല്‍കിയിട്ടും ഇവരില്‍ എവിടെയാണ് മനുഷ്യത്വം? ഒരുദിവസം മദ്യത്തിനായി ചെലവഴിയ്ക്കുന്ന തുകയെങ്കിലും തന്റെ എല്ലാം നഷ്ടപ്പെട്ട കഷ്ടപ്പെടുന്ന അയല്‍വാസിയ്ക്കു, തന്റെ മലയാളിയെന്ന കൂടപ്പിറപ്പിനോ നല്‍കാമെന്ന ചിന്ത ഇവരില്‍ ഉളവായതേയില്ലല്ലോ? ഇതിലും വലിയ ഒരു ശിക്ഷ ഇവര്‍ക്കാരാണ് നല്‍കുക? ഏതു സാഹചര്യമാണ് ഇവരെ 
ചിന്തിപ്പിയ്ക്കുക? ഇനി പ്രകൃതി ഇവര്‍ക്കായി നല്‍കാന്‍ ഇതിലും വലിയ ഒരു ശിക്ഷയുണ്ടോ? തന്റെ ചുറ്റിലും എല്ലാം നഷ്ടപ്പെടും ഭക്ഷണത്തിനായും കരയുന്ന തന്റെ കൂടപ്പിറപ്പുകളെ കാണാന്‍ കഴിയാത്ത ഈ മലയാളികളുടെ മനസാക്ഷി എവിടെപ്പോയി?

ഇവര്‍ക്കിതിനുള്ള പണം എവിടെനിന്നും വന്നു. ഇതാണോ
മലയാളിയെ കേരളം പഠിപ്പിച്ച സംസ്‌കാരം?
മുഖ്യമന്ത്രിയുടെ സഹായനിധിയിലേയ്ക്കും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും പണമയയ്ക്കുമ്പോള്‍ ഈ ധനസഹായം അര്‍ഹിയ്ക്കാവുന്ന കൈകളില്‍ തന്നെ കിട്ടുമോ അതോ രാഷ്ട്രീയ വര്‍ഗ്ഗീയ മത കഴുകന്മാര്‍ തമ്മില്‍ കൊത്തിപ്പറിച്ച് കൈവശപ്പെടുത്തുമോ എന്ന ഒരു സംശയം മിക്കവാറും സഹായം നല്‍കുന്ന ജനങ്ങളില്‍ നുരഞ്ഞുപൊങ്ങി
എന്നതില്‍ ഒരു അതിശയോക്തിയുമില്ല. കേരളത്തിലെ ചില
പൗരന്മാരുടെ മനസ്സാക്ഷി അത്രയും വികൃതമാണ്. പ്രകൃതി ഇവിടെ നാശനഷ്ടങ്ങള്‍ വരുത്തി നിങ്ങളില്‍  ആര്‍ക്കു വേണമെങ്കിലും ഇതിനാല്‍ കഷ്ടപ്പെടുന്നവരെ സഹായിച്ചു കൊള്ളൂ ഞങ്ങള്‍ക്ക് ഇതിലൊന്നും ഒരു പങ്കുമില്ല. ഞങ്ങള്‍ ജീവിതം ആസ്വദിയ്ക്കുന്നവരാണ് എന്ന ചിലരുടെ
നിലപാടുതന്നെ, സഹായിയ്ക്കാന്‍ സന്മനസ്സുള്ളവരെയും
നിരുത്സാഹപ്പെടുത്തുന്നു.

അതേസമയം അലക്കി തേച്ച ഷര്‍ട്ടോ കൂളിങ് ഗ്‌ളാസ്സോ ഐ ഫോണോ യാതൊരു ആഡംബരങ്ങളുമില്ലാതെ, അടുത്തു വരുന്നത് തന്നെ മറ്റുള്ളര്‍ക്ക് അറപ്പുതോന്നിപ്പിയ്ക്കുന്ന പച്ച മത്സ്യത്തിന്റെ മണമുള്ള ദൈനം ദിന ജീവിതത്തിനായി ജീവിതം കടലമ്മയുടെ കൈകളില്‍ വിശ്വാസത്തോടെ
ഏല്‍പ്പിച്ച് കടലിലിറങ്ങുന്ന മത്സ്യത്തൊളിലാളികള്‍ മുഖ്യമന്ത്രി നല്‍കുന്ന തുകയെകുറിച്ചോര്‍ത്തതായിരുന്നോ അല്ലെങ്കില്‍ അവര്‍ക്കു ലഭിയ്ക്കുന്ന ഭംഗിവാക്കിനു വേണ്ടിയായിരുന്നോ വീടും ഭക്ഷണവും ഉപേക്ഷിച്ച് ഈ പ്രളയത്തില്‍ ഹെലികോപ്റ്ററിനോ, പട്ടാളത്തിനോ എത്തിച്ചേരാന്‍ പോലും കഴിയാത്ത സ്ഥലങ്ങളില്‍ കാര്യമായ പരിശ്രമം കൊണ്ട്, ധീരതകൊണ്ട് കഴിയാവുന്നത്ര   ജീവന്‍ രക്ഷിച്ചെടുത്തത്? വെള്ളത്തിനെ, കടലൊഴുക്കിനെ   നല്ലതുപോലെ അറിയുന്ന കരളുറപ്പും, ശരീരബലവും ഉള്ള, കടലിനെ അമ്മയുടെ മടിത്തട്ടായി സ്മരിയ്ക്കുന്ന ഈ മത്സ്യത്തൊഴിലാളികള്‍ ഓരോ ജീവന്‍ രക്ഷിയ്ക്കുമ്പോഴും അവരുടെ മതമോ, പാര്‍ട്ടിയോ, വര്‍ഗ്ഗമോ, ലിംഗഭേദമോ ഒന്നും തിരഞ്ഞെടുത്തില്ല മരണത്തോട് മല്ലടിയ്ക്കുന്ന ജീവന്‍ എന്ന ഒരേഒരു പരിഗണന
മാത്രമായിരുന്നു ഇവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത് ഇവിടെയാണ് മനുഷ്യത്വം കുടിയിരിയ്ക്കുന്നത്. ഇത്തരം ഹൃദയങ്ങളാണ് ദേവാലയങ്ങള്‍. ഇവിടെയാണ് മനുഷ്യന്‍ ആരാധന നടത്തേണ്ടത്.

ഇത്തരം ഒരു ദുരവസ്ഥയിലും തന്റെ സുഖങ്ങളോ, സ്വാര്‍ത്ഥതാല്പര്യമോ കൈവിടാത്ത മലയാളികള്‍ എന്ന് മൊത്തം പറയാന്‍ കഴിയില്ല ചിലരില്‍ മനുഷ്യത്വം എവിടെ പോയി? വര്‍ഗ്ഗീയതയ്ക്കും, രാഷ്ടീയത്തിനും മതത്തിനും സ്വന്തം സുഖത്തിനും വേണ്ടി സ്വാര്‍ത്ഥന്മാരായ ഇത്തരം
മനുഷ്യര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയല്ലേ ഇന്ന് നിസ്വാര്ത്ഥരും, പാവപ്പെട്ടവരും, സാധാരണകാരനുമായ മനുഷ്യന്‍ കേരളത്തില്‍ അനുഭവിയ്ക്കുന്ന ഈ ദുരവസ്ഥയ്ക്ക് നിധാനം?
പ്രളയക്കെടുതിയിലും മലയാളിയ്ക്ക് ദാഹിയ്ക്കുന്നു  ((എഴുതാപ്പുറങ്ങള്‍-28-ജ്യോതിലക്ഷ്മിനമ്പ്യാര്‍, മുംബൈ)
Join WhatsApp News
വിദ്യാധരൻ 2018-08-21 16:25:30
കടലിനക്കരെ പോണോരെ 
കാണാ പൊന്നിൻ പോണോരെ 
നിങ്ങൾ തൻ സന്മനസ്സിന് 
എന്തു തരേണ്ടു 

കാണാ കയങ്ങളിൽ 
പോയി ജനങ്ങളെ 
രക്ഷിച്ച നിങ്ങൾക്ക് 
എന്തു തരേണ്ടു ?
ഹൃദയത്തിൽ നന്മകൾ 
സൂക്ഷിക്കും നിങ്ങൾക്ക് 
എന്തു നൽകാനാ 

കടലിനക്കരെ പോണോരെ 
കാണാ പൊന്നിൻ പോണോരെ 
നിങ്ങൾ തൻ സന്മനസ്സിന് 
എന്തു തരേണ്ടു 

Easow Mathew 2018-08-21 17:14:36
മത്സ്യത്തൊഴിലാളികളുടെ നിസ്വാര്‍ത്ഥമായ സേവനത്തെ പ്രശംസിച്ചു ശ്രീമതി ജ്യോതിലക്ഷ്മി എഴുതിയത് എത്രയോ പരമാര്‍ത്ഥം: " ഇത്തരം ഹൃദയങ്ങളാണ് ദേവാലയങ്ങള്‍; ഇവിടെയാണ് മനുഷ്യന്‍ ആരാധന നടത്തേണ്ടത്". അഭിനന്ദനങ്ങള്‍!!!                                                        Dr. E.M.Poomottil                                                         
വാട്ട്സാപ്പ് 2018-08-21 21:00:42
വിദേശത്തിരുന്ന് വിശ്വസിക്കാൻ കൊള്ളാത്ത വാട്ട്സാപ്പ് മെസ്സേജും നോക്കി ലേഖനം തട്ടിവിടല്ലേ.
ഗിരീഷ് നായർ 2018-08-21 21:04:27
ദേശിയ ദുരന്ത നിവാരണ സേനയെയും, നേവി, ഫയർഫോഴ്‌സ് ഇവയെ ഏകോപിപ്പിച്ചു ദുരന്തം പരിഹരിക്കാനുള്ള ശ്രമത്തിനിടയിലാണ് ഏറ്റവും ഹൃദയ ഹാരിയായ കാഴ്ച കാണാനായത്. സാധാരണ മനുഷ്യൻ എന്നറിയപ്പെടുന്ന വർഗം ഒന്നിന് പുറകെ ഒന്നായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആരും ആവശ്യപ്പെടാതെ തന്നെ അവർ പുറത്തിറങ്ങി, സഹജീവികളുടെ ദുരിതങ്ങൾ പരിഹരിക്കാനുള്ള ശ്രെമങ്ങളിൽ ഭാഗമായി. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ കഴുത്തറ്റം വെള്ളത്തിൽ നിന്ന് ജീവന് വേണ്ടി പൊരുതുന്ന സന്ദർഭത്തിൽ അതിജീവനം എന്നൊരു ഉപാധി മാത്രമേ അവർക്കു മുന്നിലുണ്ടായിരുന്നുള്ളൂ.
എങ്ങനെ നന്ദി പറഞ്ഞറിയാക്കണെമെന്നറിയാത്ത ഒരായിരം മനുഷ്യരുണ്ട്. തന്റെ ഉപജീവനമാർഗമായ ആരും ആവശ്യപ്പെടാതെ തന്നെ സ്വന്തം ബോട്ടുകളുമായി വന്നു ആയിരക്കണക്കിന് പേരെ രക്ഷിച്ച മൽസ്യ തൊഴിലാളികൾ, കേരളത്തിന്റെ സ്വന്തം സൈന്യത്തോട് ഏതു ഭാഷയിലാണ് നന്ദി പറയുക?
മീൻകാരന്റെ ഭാഷ, മീഞ്ചന്തയിലെ സംസാര രീതി തുടങ്ങീ വംശീയ പരാമർശങ്ങൾ കൊണ്ട് കേരളത്തിന്റെ മധ്യവർഗം പലപ്പോഴും അഭിസമോബോധന ചെയ്ത ഒരു ജനത ഇപ്പോൾ പ്രശംസകളും, അഭിനന്ദനം കൊണ്ടും വീർപ്പു മുട്ടുമ്പോൾ അത് കാലം കാത്തു വെച്ച ഒരു പ്രതികാരം കൂടിയാണ്. ഈ സ്പിരിറ്റ് ഉൾക്കൊണ്ട് ഭാവിയിൽ എങ്കിലും അവരോടുള്ള മനോഭാവത്തിൽ മാറ്റങ്ങൾ വരും എന്ന് പ്രതീക്ഷിക്കുന്നു. 
ശരിയാണ്  ഇവരുടെ ഹൃദയങ്ങൾ ആണ് ദേവാലയങ്ങൾ ....
അഭിനന്ദനം
James Mathew, Chicago 2018-08-21 21:09:26
ദുഃഖങ്ങൾക്ക് ഇന്ന് ഞാൻ അവധി കൊടുത്തു
സ്വർഗത്തിൽ ഞാനൊരു മുറിയെടുത്ത്. കള്ള്
ഉള്ളിൽ ചെല്ലുമ്പോൾ കുടിയന്മാർ പാടും.
 കാശ് ഉരുൾപൊട്ടൽ പോലെ
എവിടെന്നൊക്കെയോ വരുമ്പോൾ പിന്നെ
കുടിക്കുക. ധനസഹായം ചെയ്യുന്നവരെ കണ്ണ്
തുറപ്പിക്കും ഈ ലേഖനം .
പ്രേമാനന്ദൻ 2018-08-24 01:52:32

നല്ലെഴുത്ത്.  ഒരു പാട് കാര്യങ്ങൾ വളരെലളിതമായി അവതരിപ്പിച്ചുനൂറുവർഷങ്ങൾക്കു മുൻപുള്ള അവസ്ഥയല്ലഇന്ന് കേരളത്തിൽ.  പാഠങ്ങൾനികത്തിയും,  പുഴക്കരകളിൽ വീട്നിർമ്മിച്ചും നമ്മൾ മലയാളികൾ തന്റെസുഖസൗകര്യങ്ങൾക്കനുസരിച്ചുപ്രകൃതിയെ മറന്നു ജീവിത രീതിയിൽ മാറ്റംവരുത്തി.  ഒരു പരിധി വരെ ഇതൊരുകാരണമായി.

 

എല്ലാവരും അവനവനു കഴിയുന്ന പോലെമലയാളികൾ അല്ലാത്തവര് പോലുംസഹകരിച്ചു എന്ന് പറയാം.  കൂടുതൽസന്തോഷം തോന്നിയത്മൽസ്യതൊഴിലകളികളുടെപ്രവർത്തനത്തിലാണ്എടുത്തു പറയേണ്ടകാര്യം.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക