Image

ആരുണ്ട് ഓണത്തപ്പനെ വരവേല്‍ക്കാന്‍? (കവിത: ജോസഫ് നമ്പിമഠം)

Published on 21 August, 2018
ആരുണ്ട് ഓണത്തപ്പനെ വരവേല്‍ക്കാന്‍? (കവിത: ജോസഫ് നമ്പിമഠം)
ഓണം വന്നോണം വന്നേ
ആരുണ്ടോണത്തപ്പനെ വരവേല്‍ക്കാന്‍ ?
ഞാനില്ല, ഞാനില്ലെന്നു പറഞ്ഞും കൊണ്ട്
ആറുകളെല്ലാം കലഹിച്ചൊഴുകിപ്പോയേ !

ഓണം വന്നോണം വന്നേ
ആരുണ്ടീയോണത്തപ്പനെ വരവേല്‍ക്കാന്‍?
ഞാനില്ലാ, ഞാനില്ലെന്നുരചെയ്താ
മുക്കുറ്റി, മന്ദാരപ്പൂക്കളൊക്കെ
ചെളിയിലാണ്ടു കുനിഞ്ഞു നിന്നേ!

ഓണം വന്നോണം വന്നേ
ആരുണ്ടീയോണത്തപ്പനെ വരവേല്‍ക്കാന്‍?
ഞാനില്ല, ഞാനില്ലെന്നോതി
തിരുവോണത്തുന്പി പറന്നകന്നേ
ഈ കരിമുകില്‍ ദുര്‍മുഖം കാട്ടുന്ന നാടു,
ഞങ്ങടെതല്ലേ, ഞങ്ങടെതല്ലേ !

ഓണം വന്നോണം വന്നേ
ഈ മാവിന്‍ കൊന്പത്തൂഞ്ഞാലു
കെട്ടാനാരുണ്ടേ, ആരുണ്ടേ?
ഞാനില്ലേ, ഞാനില്ലേ ബിവറേജിന്‍
മുന്നില്‍ ക്യു നില്ക്കാന്‍ പോകണ്ടേ?

ഓണം വന്നോണം വന്നേ
പൂക്കളമൊരുക്കാനാരുണ്ടേ, ആരുണ്ടേ?
ഞാനില്ലേ, ഞാനില്ലേ
മുറ്റം മുഴുവനും വെള്ളത്തിലായില്ലേ!

ഓണം വന്നോണം വന്നേ
തുന്പി തുള്ളാനാരുണ്ടേ, ആരുണ്ടേ?
ഞാനില്ലേ, ഞാനില്ലേ
ഓണനിലാവിനെക്കാണാനില്ലേ!

ഓണം വന്നോണം വന്നേ
ഓണപ്പുടവ കൊടുക്കാനാരുണ്ടേ?
ഞാനില്ലേ, ഞാനില്ലേ
മുത്തശ്ശനെ ഓള്‍ഡേജു ഹോമില്‍ വിട്ടില്ലേ?

ഓണം വന്നോണം വന്നേ
ആരുണ്ടീയോണത്തപ്പനെയെതിരേല്‍ക്കാന്‍?
ഞാനില്ലേ, ഞാനില്ലേ, ഈ ഓണത്തപ്പന്‍
ഞങ്ങടെതല്ലേ, ഞങ്ങടെതല്ലേ
ഈ ഓലക്കുടയും, കുടവയറും
ഞങ്ങടെതല്ലേ, ഞങ്ങടെതല്ലേ!

ഇതെല്ലാം കണ്ടും കേട്ടും
കലിപൂണ്ടോണത്തപ്പന്‍
വയറുകുലുക്കി, മീശ പിരിച്ചു
മടങ്ങിപ്പോയെന്നാരോ പറയുന്നത് കേട്ടേ
പറയുന്നത് കേട്ടേ!

അങ്ങിനെയാ നാടിനു പിന്നീട്
'ഓണംകേറാമൂല'
എന്നൊരു പേരും വന്നേ, പേരും വന്നേ!


**ഓണമെന്ന കാല്‍പ്പനിക സങ്കല്പത്തിന് ഇടമില്ലാത്ത മനസ്സുകളാണ് ഈ കവിതയിലെ ഓണംകേറാമൂല.
Join WhatsApp News
അമേരിക്കൻ മാവേലി 2018-08-21 23:41:15
എന്റെ വയറു വെറുതെയായി 
എന്റെ ഓലക്കുട കീറിപ്പോയി 
എത്രനാളായി ഞാൻ കാത്തിരുന്ന 
ഓണം കലങ്ങി മറിഞ്ഞു പോയി 
ഒടുക്കത്തെ പേമാരി നിനക്ക് വരാൻ 
മറ്റൊരു സമയം ഇല്ലായിരുന്നോ ?
മീശ ഒന്നു പിരിച്ചു വച്ച് 
കണ്‌ഠാഭരണവും ചാർത്തിയിട്ട് 
താലമേന്തും  തരുണികളെ തട്ടി മുട്ടി 
ഒന്ന് വിലസാമെന്ന മോഹം 
വെള്ളത്തിൽ കുത്തി ഒലിച്ചു പോയി 
ആരോടും ചൊല്ലും ഞാൻ എന്റെ ദുഃഖം 
വെള്ളം അടിച്ചു ഞാൻ ഉറങ്ങിടട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക