Image

കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ നോക്കുന്ന കേന്ദ്രം! (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 22 August, 2018
കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ നോക്കുന്ന കേന്ദ്രം! (ഷോളി കുമ്പിളുവേലി)
ഈ തലമുറ കണ്ടതില്‍ വച്ചേറ്റവും വലിയ പ്രളയക്കെടുതിയെ അതിജീവിച്ച്, എണീക്കാന്‍ ശ്രമിക്കുന്ന കേരളത്തെ, സാങ്കേതികത്വത്തിന്റെ തൊടു ന്യായങ്ങള്‍ പറഞ്ഞ്, വീണ്ടും ചവിട്ടിത്താഴ്ത്താന്‍ മോദിയും കൂട്ടരും ശ്രമിക്കുകയാണെന്ന് ഓരോ മലയാളിയും സംശയിക്കുന്നു. 'ഞങ്ങള്‍ക്ക് വോട്ടു ചെയ്യാത്ത നിന്നെ ഒക്കെ കാണിച്ചു തരാം' എന്ന ധാര്‍ഷ്ട്യമാണ് പല തടവാദങ്ങളുടേയും പിന്നിലെന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റത്തില്ല.

ബീഫ് തിന്നുന്ന കേരളത്തിലെ തെണ്ടികള്‍ പ്രളയത്തില്‍ ഒലിച്ചു പോകട്ടെ! ഇവറ്റകളെ ആരും സഹായിക്കരുത്, പട്ടിണി കിടന്ന് ചാകട്ടെ'എന്നൊക്കെ പോസ്റ്റിട്ട സാധാ സംഘികളുടെ നിലവാരത്തില്‍ത്തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയും കൂട്ടരും ചിലപ്പോഴെങ്കിലും പ്രവര്‍ത്തിക്കുന്നത്!!

കടന്നുപോയ മഹാപ്രളയത്തില്‍ നമ്മുക്കുണ്ടായ നഷ്ടം ഏതാണ്ട് ഇരുപതിനായിരം കോടി രൂപയുടേതാണ്. ഇതു പ്രാഥമിക കണക്കുമാത്രം. യഥാര്‍ത്ഥ നഷ്ടം ഇതിലും കൂടുതലായിരിക്കും. നമ്മുക്ക് കേന്ദ്രം നല്‍കിയത് അഞ്ഞൂറ് കോടി മാത്രം. കൂട്ടത്തില്‍ ഇനിയും തരാം എന്ന വാഗ്ദാനവും ഉണ്ട്. ഇത് നമ്മള്‍, മലയാളികള്‍ കൂടി കൊടുക്കുന്ന ടാക്‌സില്‍ നിന്നാണെന്ന് ഓര്‍ക്കണം. എന്നാല്‍ യു.എ.ഇ.ലെ ഷേയ്ക്ക് നല്‍കിയത് എഴുനൂറ് കോടി! പക്ഷേ ബീഫ് തിന്നതുകൊണ്ട് കേന്ദ്ര നയം നമ്മുക്ക് എതിരായിപ്പോയി!! ഐക്യരാഷ്ട്രസഭയും, ജപ്പാനും, കാനഡയുമൊക്കെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്! ഇതില്‍ യു.എന്നിന്റെ സഹായം വെറും പണം മാത്രമല്ല, ദുരന്തത്തില്‍ തകര്‍ന്നു പോയ പാലങ്ങളും, റോഡുകളും, കെട്ടിടങ്ങളുമെല്ലാം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങളും, സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള ഉപദേശങ്ങളും ഒക്കെ ഉള്‍പ്പെടും. പക്ഷേ അതും സ്വീകരിക്കുന്നതിന് കേന്ദ്രത്തിന്റെ 'അപകര്‍ഷതാ ബോധം' സമ്മതിക്കില്ല! കാരണം നമ്മള്‍, ഇന്‍ഡ്യക്കാര്‍ ഇപ്പോള്‍ 'മുതലാളി'മാരാണ്! ഏതെങ്കിലും വിദേശ രാജ്യത്തിന്റെ സഹായം വാങ്ങുന്നത് 'മുതലാളിമാര്‍ക്ക്' നാണക്കേടാണ് പോലും!! പക്ഷേ പട്ടിണികിടക്കുന്ന, ദുരന്തബാധിതര്‍ക്ക് ഓണത്തിനു കൊടുക്കാനുള്ള അരിക്കു പോലും കണക്ക് പറഞ്ഞാണ് കേന്ദ്രം കാശു വാങ്ങുന്നത്. തലയില്‍ ആള്‍താമസമുള്ള ബി.ജെ.പി.ക്കാര്‍ പ്പോലും കേന്ദ്രത്തിന്റെ സമീപനം കണ്ട് സ്തംഭിച്ചു നില്‍ക്കുകയാണ്.
സ്വന്തം 'ഇമേജ്' കൂട്ടാന്‍ കൊടുക്കുന്ന പരസ്യത്തിന് മാത്രം അമ്പതിനായിരം കോടി മുടക്കുന്നയാള്‍, വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് രണ്ടായിരം കോടി മുടക്കിയ നമ്മുടെ പ്രിയ പ്രധാനമന്ത്രി, നേപ്പാളിനു ആറായിരം കോടി കൊടുത്ത നമ്മുടെ 'പണക്കാരന്‍' പ്രധാനമന്ത്രി, കേരളത്തോടു മാത്രം എന്തിനു പിശുക്ക് കാണിക്കുന്നു? ബി.ജെ.പി. അല്ലാത്ത ഒരു പാര്‍ട്ടി കേരളം ഭരിക്കുന്നതു കൊണ്ടാണോ? ആഫ്രിക്കന്‍ രാജ്യമായ റവാണ്ടക്ക് കൊടുത്ത ഇരുന്നൂറ് പശുക്കളുടെ വിലപോലും നമ്മള്‍ മലയാളികള്‍ക്കില്ലേ??
ഈ അവസരത്തില്‍ നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ കാണിക്കുന്ന നേതൃപാടവത്തെ പ്രശംസിക്കാതിരിക്കാന്‍ നിവൃത്തിയില്ല! എല്ലാവരേയും കൂടെ നിര്‍ത്തി, രാഷ്ട്രീയമായി ഒന്നും പറയാതെ, വലിയ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ആരും നമിച്ചു പോകും.

പ്രളയം ഒത്തിരി പുതിയ പാഠങ്ങളും നമ്മളെ പഠിപ്പിച്ചു. ജാതിക്കും, മതത്തിനും, രാഷ്ട്രീയത്തിനും അതീതമായി ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത!! മുഖ്യമന്ത്രി പറഞ്ഞതു പോലെ പഴയ കേരളമല്ല; നമ്മുക്കൊരു പുതിയ കേരളം തന്നെ നിര്‍മ്മിക്കാം.
ഷോളി കുമ്പിളുവേലി

കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ നോക്കുന്ന കേന്ദ്രം! (ഷോളി കുമ്പിളുവേലി)
Join WhatsApp News
North is not BAD 2018-08-22 11:18:47
ഒരു വശത്തു നിലവിളിയും അലമുറകളും ഉയരുമ്പോൾ, മറുവശത്തു ആഘോഷങ്ങളും ആർപ്പുവിളികളും.

ഇരട്ടമുഖമുള്ള മലയാളികൾ തന്നെ ഇങ്ങനെ ചെയ്യുമ്പോൾ, "ബീഫ് തിന്നുന്ന തെണ്ടികൾ ഒലിച്ചുപോകട്ടെയെന്നു" ഏതെങ്കിലും आदमी പറഞ്ഞത് കാര്യമാക്കേണ്ടതില്ല.

അവനവന്റെ കണ്ണിലെ കോലുമാറ്റിയിട്ടുപോരെ, അന്യൻറെ കണ്ണിലെ കരടിനെ കുറ്റം പറയാൻ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക