Image

ഡാം തുറക്കുന്നതിന്‌ മുന്നൊരുക്കമുണ്ടായില്ല; സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ ചെന്നിത്തല

Published on 22 August, 2018
ഡാം തുറക്കുന്നതിന്‌ മുന്നൊരുക്കമുണ്ടായില്ല; സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ ചെന്നിത്തല
തിരുവനന്തപുരം: പ്രളയവേളയില്‍ സര്‍ക്കാറിനൊപ്പ സഹകരിച്ചു പ്രവര്‍ത്തിച്ച ശേഷം ആ പാതയില്‍ നിന്നും വ്യതിചലിച്ച്‌ സര്‍ക്കാറിനെതിരെ ആരോപണങ്ങള്‍ അക്കമിട്ടു നിരത്തി കൊണ്ട്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല രംഗത്തെത്തി. കേരളത്തിലെ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന്‌ ആരോപിച്ചു കൊണ്ടാണ്‌ ചെന്നിത്തല സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്‌.

ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതാണ്‌ പ്രളയത്തിനിടയാക്കിയതെന്ന്‌ ചെന്നിത്തല ആരോപിച്ചു.ഡാ ാം തുറക്കുന്നതിന്‌ മുന്നൊരുക്കമുണ്ടായില്ല. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കാനുണ്ടായ കാലതാമസം, രണ്ട്‌ വകുപ്പ്‌ മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം, കെ.എസ്‌.ഇ.ബിയുടെ ലാഭക്കൊതി, മുന്‍കൂട്ടി കാര്യങ്ങള്‍ കാണാന്‍ കഴിയാത്ത സര്‍ക്കാറിലെ വിവിധ വകുപ്പുകളിലെ കാര്യക്ഷമമില്ലായ്‌മ എന്നിവയാണ്‌ പ്രളയത്തിന്‌ കാരണമെന്നും ചെന്നിത്തല ആരോപിച്ചു. 1924 ലെ വെള്ളപ്പൊക്കത്തിന്‌ സമാനമാണിതെന്ന്‌ പലരും പറയുന്നു. എന്നാല്‍ അത്‌ പ്രകൃതിയുടെ സൃഷ്ടിയായിരുന്നു. ഇത്‌ മനുഷ്യ സൃഷ്ടിയാണ്‌.

ഇത്തവണ 41.44 ശതമാനം മഴ കൂടുതല്‍ പെയ്‌തെങ്കിലും വെള്ളപ്പൊക്കം രൂക്ഷമായത്‌ സംസ്ഥാനത്തെ എല്ലാ ഡാമുകളും മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തുറന്നു വിട്ടതുകൊണ്ടാണ്‌. കാലാവസ്ഥാ പഠനമോ മുന്‍ അനുഭവങ്ങളുടെ അവലോകനമോ നടന്നില്ല. പമ്‌ബാ നദിയിലെ ഒമ്‌ബതു ഡാമുകളും ഇടുക്കി, എറണാകുളം ജില്ലകളിലെ 11 ഡാമുകളും ഒരുമിച്ചു തുറന്നുവിട്ടു. ചാലക്കുടിപ്പുഴയിലെ ആറു ഡാമുകളും തുറന്നു വിട്ടു. ഡാം തുറക്കുന്നതിന്‌ മുമ്‌ബ്‌ പ്രത്യാഘാതം പഠിച്ചില്ല. ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയില്ല. ബാധിക്കുന്ന ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.

എറണാകളത്തെ കാലടി, പെരുമ്‌ബാവൂര്‍, പറവൂര്‍, പന്തളം എന്നിവിടങ്ങളില്‍ ഒരു മുന്നറിയിപ്പും നല്‍കിയില്ല. ആളുകള്‍ കിടന്നുറങ്ങുമ്‌ബോള്‍ വെള്ളം ഇരച്ചു കയറുകയായിരുന്നു. ഇടുക്കിയിലെ ഡാമുകളെല്ലാം ജൂലൈ പകുതിയില്‍ തന്നെ 90 ശതമാനവും നിറഞ്ഞിരുന്നു. മഴ കൂടുതല്‍ ശക്തമാകുമെന്ന്‌ കേന്ദ്ര സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കിയതുമാണ്‌.

എന്നാല്‍ അതെല്ലാം കെ.എസ്‌.ഇ.ബിയും സര്‍ക്കാറും അവഗണിച്ചു. ഇടുക്കി ഡാം തുറക്കാന്‍ സംസ്ഥാന സര്‍ക്കാറും മറ്റു ഡാമുകള്‍ക്ക്‌ കെ.എസ്‌.ഇ.ബിയോ ജലവിഭവ വകുപ്പോ ആണ്‌ അനുമതി നല്‍കേണ്ടത്‌. ജൂലൈ 31 ന്‌ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ്‌ 2399 ആയി ഉയര്‍ന്നു.

പിന്നീട്‌ കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌ ഉണ്ടായിരുന്നു. കൂടാതെ മുല്ലപ്പെരിയാര്‍ ഡാമില്‍ വെള്ളം ഉയരുന്നുമുണ്ടായിട്ടും ജലനിരപ്പ്‌ പിടിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിച്ചില്ല. ലാഭക്കൊതിയന്മാരായ കെ.എസ്‌.ഇ.ബി കുറ്റകരമായ അനാസ്ഥ കാണിച്ചു. വൈദ്യുത മന്ത്രിയും ജലവിഭവ വകുപ്പ്‌ മന്ത്രിയും തമ്മില്‍ സഹകരണമില്ലായ്‌മ ഇടുക്കി ഡാം തുറക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചു.ചെന്നിത്തല ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക