Image

ശുചീകരണത്തിന് വാര്‍ഡുതല സമിതികള്‍ ; പ്രളയക്കെടുതി നേരിടാന്‍ വിപുലമായ പദ്ധതിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

Published on 22 August, 2018
ശുചീകരണത്തിന് വാര്‍ഡുതല സമിതികള്‍ ; പ്രളയക്കെടുതി നേരിടാന്‍ വിപുലമായ പദ്ധതിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്
പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ ആവശ്യായ നവീകരണ, പുനരുദ്ധാരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുന്നതിന് വിപുലമായ പദ്ധതികളുമായി തദ്ദേശ സ്വയംഭരണ വകുപ്പ് ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ ഉന്നതതല അവലോകനയോഗം ചേര്‍ന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുതല സമിതികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി രൂപീകരിക്കുന്ന ശുചീകരണ സ്‌ക്വാഡുകളില്‍ ഇലക്ട്രീഷ്യന്‍മാരെയും പ്ലംബര്‍മാരെയും ഉള്‍പ്പെടുത്തും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരുടെ സന്നദ്ധ സംഘങ്ങള്‍ രൂപീകരിക്കാവുന്നതാണ്. എല്ലാ വാര്‍ഡുകളിലെയും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇവര്‍ക്ക് ചുമതലകള്‍ നിശ്ചയിച്ച് നല്‍കും. ദൈനംദിന പുരോഗതി റിപ്പോര്‍ട്ട് ചെയ്യണം.
കോര്‍പ്പറേഷനുകളില്‍ ഹെല്‍ത്ത് ഓഫീസര്‍മാരുടെ ഒഴിവുണ്ടെങ്കില്‍ അത് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ഓവര്‍സീയര്‍മാര്‍ എന്നിവരുടെ ഒഴിവുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച് അടിയന്തിരമായി ചുമതല നല്‍കും. ക്യാമ്പുകളിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം.ആര്‍.എഫ്.) സംവിധാനത്തിന് കൈമാറണം. ഇവ ഏറ്റെടുത്ത് സംസ്‌കരിക്കുന്നതിനുള്ള ചുമതല ക്ലീന്‍കേരള കമ്ബനിക്കായിരിക്കും. ക്യാമ്പുകളിലുള്ളവര്‍ക്ക് ഗ്ലാസ് പ്ലേറ്റ് എന്നിവ നല്‍കും. മൃഗങ്ങളുടെ ജഡങ്ങള്‍ മറവുചെയ്യുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി പൊതു സ്ഥലങ്ങള്‍ അതാത് പഞ്ചായത്തുകള്‍ കണ്ടെത്തി നല്‍കും. പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍, ഭാഗീകമായി തകര്‍ന്ന വീടുകള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ ചുമതല തദ്ദേശ എഞ്ചിനീയറിംഗ് വിഭാഗത്തിനായിരിക്കും. ലഭിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഐ.കെ.എം.എം. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തും.
ശുചിത്വമിഷന്‍ ഖരദ്രവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനു വേണ്ടി കൈമാറിയിട്ടുള്ള തുക പ്രളയത്തിന്റെ സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ പ്രത്യേക അനുമതി നല്‍കും. അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമാക്കാന്‍ കഴിയും വിധം പദ്ധതിയില്‍ ഭേദഗതികള്‍ അനുവദിക്കും. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറുന്നതിന് യഥേഷ്ടാനുമതി നല്‍കും.
പ്രളയത്തില്‍ തകര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി വരുത്തുവാന്‍ തീരുമാനിച്ചു. അടിയന്തിര സ്വഭാവത്തോടെ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തികള്‍ നിലവിലുള്ള വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്ത് ഏറ്റെടുക്കും. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആസ്തികളെ സംബന്ധിക്കുന്ന പ്രവര്‍ത്തികള്‍ക്ക് വേണ്ട വിഹിതം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ നിന്നും ഗ്രാമപഞ്ചായത്തിന് കൈമാറാവുന്നതാണ്. മതിയായ വിഹിതം ലഭ്യമല്ലെങ്കില്‍ ഗ്രാമപഞ്ചായത്തുകളുടെ സമ്മതത്തോടുകൂടി ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ ഗ്രാമപഞ്ചായത്ത് റോഡ് ഉള്‍പ്പെടെയുള്ള ആസ്തികളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ഏറ്റെടുത്ത് ചെയ്യാവുന്നതാണ്.
പൂര്‍ണ്ണമായും തകര്‍ന്ന കെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് നോര്‍ റോഡ് മെയിന്റ്‌നന്‍സ് ഫണ്ട് ഉപയോഗിക്കുവാന്‍ പ്രത്യേക അനുമതി നല്‍കും. പൂര്‍ണ്ണമായും തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് മെയിന്റനന്‍സ് ഗ്രാന്റും ലഭ്യമാണെങ്കില്‍ നോണ്‍ റോഡ് മെയിന്റനന്‍സിന്റെ 40% വരെയും ഉപയോഗിക്കുന്നതിന് അനുമതി നല്‍കി. നിലവിലുള്ള മേഖലാ വിഭജനത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും. പശ്ചാത്തല മേഖലയില്‍ ഗ്രാമപഞ്ചായത്തുകള്‍ ക്ക് 40% ശതമാനം വരെയും ബ്ലോക്ക് പ!ഞ്ചാത്തുകള്‍ക്ക് 35% വരെയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 50% വരെയും നഗര സഭകള്‍ക്ക് 55% വരെയും തുക ഈ വര്‍ഷത്തേയ്ക്ക് മാത്രം വകയിരുത്തുന്നതിന് തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക