Image

ചുറ്റിലും കണ്ടത് ലോകാവസാനം; കര പറ്റാന്‍ മലയാളിയുടെകാരുണ്യം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 22 August, 2018
ചുറ്റിലും കണ്ടത് ലോകാവസാനം; കര പറ്റാന്‍ മലയാളിയുടെകാരുണ്യം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
സ്വാതന്ത്യ ദിനത്തിന്റെ അവധിക്ക് വീട്ടില്‍ എത്തിയ രാജേഷിനു അവധി കഴിഞ്ഞു പിറ്റേന്ന് തന്നെ തിരിച്ചു പോവുക എന്നതായിരുന്നു പ്ലാന്‍. നല്ലമഴയും വെള്ളപ്പൊക്കവും ഉണ്ടാവും എന്ന് അറിയിപ്പുണ്ടായെങ്കിലും കുറച്ചു മഴ പെയ്യും എന്നു മാത്രമേ വിചാരിച്ചുള്ളു. വെള്ളം കയറുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു.

ജീവിതത്തില്‍ ഇന്നുവരെ എന്റെ വീട്ടില്‍ വെള്ളം കയറീട്ടില്ല. താഴെയുള്ള ചിലവീട്ടിലൊക്കെ വെള്ളം കയറും, അതുപോലങ്ങു പോവുകയും ചെയ്യുമെന്ന ധാരണയിലായിരുന്നു എല്ലാവരും. വെള്ളപ്പൊക്കത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ അവര്‍ക്ക് മനഃപാഠമാണ്. അതുകൊണ്ട്, ഇത്രയധികം വെള്ളം പൊങ്ങും എന്ന് വിചാരിച്ചില്ല. കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടായിരുന്നു മഴയുടെ പെയ്ത്ത്. നേരം വെളുത്തുകണ്ണു തുറന്നുനോക്കുമ്പോള്‍വീടിനകത്തേക്ക് ഇരച്ചു കയറുന്ന വെള്ളം കണ്ടു പേടിച്ചുപോയി. ഓരോ മണിക്കൂറിലും വെള്ളം അടിക്കടി പൊങ്ങുന്നു. മഴ ഇപ്പോള്‍ തീരും എന്ന് വിചാരിച്ചു കുട്ടികളെയും കെട്ടിപിടിച്ചു പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു.

വീടനകത്തും വെള്ളം മുട്ടോളമായപ്പോള്‍കിട്ടിയതെല്ലാം വാരിക്കൂട്ടി വീടിന്റെ ടെറസിലേക്ക് മാറുമ്പോഴും പ്രതീക്ഷമഴയിപ്പോള്‍ മാറുമെന്നായിരുന്നു. താഴത്തെ നില പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. കടലൊക്കെ ഇരമ്പി വരുന്നപോലെയുള്ള പ്രതീതി. അതു കേട്ടിട്ട് ഉറങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. രാത്രി ആവുബോഴേക്കും എല്ലായിടത്തും കൂരിരുട്ട് , വല്ലാത്ത ഭീതി. ചുറ്റുമുള്ള വീടുകളില്‍ നിന്നും കരച്ചിലിന്റെ ശബ്ദം എന്നിലും പേടിഉളവാക്കി. അടുത്തുള്ള വീടുകളുടെ മതിലുകള്‍ ഇടിഞ്ഞു വീഴുന്ന ശബ്ദം, മരങ്ങള്‍ കടപുഴുകി വീഴുന്നു, പട്ടികള്‍ ഭയത്തോടു കുടി ഓലിയിടുന്നു, കന്നുകാലികള്‍ മരണം മുന്നില്‍ കണ്ടപോലെ കരയുന്നു. ഞങ്ങള്‍ എല്ലാവരും ഭയപ്പെട്ടു. മരണം മുന്നില്‍ കണ്ട നിമിഷം. ഇനി തിരിച്ചു വരാന്‍ പറ്റുമോ എന്ന്ചിന്തിച്ചു. എങ്ങനെയെങ്ങിലും കുട്ടികളെയും കൊണ്ട് രക്ഷപ്പെടണം എന്നായി വിചാരം.

കയ്യിലുണ്ടായിരുന്ന നമ്പറുകളിലേക്കെല്ലാം സഹായത്തിനായി വിളിച്ചു. പക്ഷേ, അവര്‍ക്കൊക്കെ എത്തിപ്പെടാന്‍ വയ്യാത്ത പ്രളയം. ശക്തമായ ഒഴുക്ക്. എങ്ങോട്ടും പോകുവാന്‍ ഇടമില്ല . പുറത്തേക്കു നോക്കുബോള്‍ ഒരു കടല്‍ പോലെ പ്രളയം, പലരും സഹായത്തിനായി എത്താം എന്നുപറഞ്ഞു.പക്ഷേ ആര്‍ക്കും എത്തിപ്പെടാന്‍ പറ്റുമായിരുന്നില്ല. ഇടയ്ക്ക് ഹെലികോപ്റ്റര്‍ വന്നെങ്കിലും ലാന്‍ഡ് ചെയ്യാനൊന്നും കഴിയുമായിരുന്നില്ല. വീട്ടില്‍ ഉണ്ടായിരുന്നഭക്ഷണവും വെള്ളവും അപ്പോഴേക്കും തീര്‍ന്നു.

മഴവെള്ളം ഒരു പാത്രത്തില്‍ശേഖരിച്ച് അത്കുടിച്ചാണ് ഞങ്ങള്‍ജീവിതംപിടിച്ചു നിര്‍ത്തിയത്. ഇലക്ട്രിസിറ്റി ഇല്ലാത്തത്കൊണ്ട് ഫോണിന്റെ ചാര്‍ജും തീര്‍ന്നു. അതോടെ മറ്റുള്ള ആളുകളുമായിബന്ധപ്പെടാനുള്ള യാതൊരു സംവിധാനവും ഇല്ലാതായി. എന്താണ് സംഭവിക്കുന്നത് എന്ന് യതൊരു അറിവും ഇല്ല.മരണം ഉറപ്പായ നിമിഷം. അപ്പോള്‍ കുട്ടികളെ ഏങ്ങനെഎങ്കിലും രക്ഷപെടുത്തണം എന്ന് വിചാരമുണ്ട്. എങ്ങനെ രക്ഷപെടുത്തും . പുറത്തേക്കു നോക്കുബോള്‍ ചുറ്റും വെള്ളവും ചില മരങ്ങളുടെ ചില്ലകളും, ചില വീടുകളുടെ മേല്‍ക്കൂരകള്‍ മാത്രം കാണാം.

നാല് രാവും പകലും മരണത്തെ മുന്നില്‍ കണ്ടു ജീവിച്ചു. ഓരോ നിമിഷം കഴിയുബോഴും വെള്ളം കുറയുന്നില്ല. വീടുപോലും ഒലിച്ചു പോകുമോ എന്നതായിരുന്നു പേടി, അത്രക്ക് ഒഴുക്കായിരുന്നു. നാല് ദിവസം കഴിഞ്ഞപ്പോഴേക്കും മഴ കുറച്ചൊന്നു കുറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തകാര്‍ ഒരു തോണിയില്‍ എത്തി. ഞങ്ങളെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചു. അവിടെ ഞങ്ങളെ പോലെവളരെ അധികം ആളുകള്‍ ഉണ്ടായിരുന്നു. എല്ലാവരും ഭീതിയുടെ നിഴലില്‍, പക്ഷേ എല്ലാവരുടയും കണ്ണുകളില്‍ ജീവന്‍ തിരിച്ചു കിട്ടിയതിന്റെ സന്തോഷം.

സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
നിനച്ചിരിക്കാതെ വന്ന പേമാരിയില്‍ ആദ്യം ഒന്ന് പതറിയെങ്കിലും കൂട്ടായ്മകളുടെ കരുത്തില്‍ അതിജീവിക്കാന്‍ നമ്മുടെ കൊച്ചു കേരളത്തിന് കഴിഞ്ഞു. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സഹായങ്ങളുടെ പ്രവാഹങ്ങള്‍ തന്നെ ഉണ്ടായി. കേരളം ഒത്തുരുമയോടെ പ്രവര്‍ത്തിച്ചു. എല്ലാവരും ഒറ്റകെട്ടായി ജാതിമതഭേദമന്യേ, രാഷ്ട്രീയ ഭേദമന്യേപ്രവര്‍ത്തിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള മലയാളികള്‍ നാടിനുവേണ്ടി പ്രാര്‍ത്ഥിച്ചു, സഹായിച്ചു. അവിടെ ജാതിയും മതവും ഇല്ലായിരുന്നു. അവിടെ യുണ്ടായിരുന്നത് മലയാളി എന്ന വിചാരം മാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക