Image

മനസിലെ മാലിന്യങ്ങള്‍ ഒഴുകിപ്പോയി; ഇനിയിത് മഹാബലിയുടെ കേരളം (ഫ്രാന്‍സിസ് തടത്തില്‍)

Published on 22 August, 2018
മനസിലെ മാലിന്യങ്ങള്‍ ഒഴുകിപ്പോയി; ഇനിയിത് മഹാബലിയുടെ കേരളം (ഫ്രാന്‍സിസ് തടത്തില്‍)

ന്യൂജേഴ്സി: കേരളം കണ്ട മഹാ പ്രളയത്തില്‍ ഒലിച്ചു പോയതു മലയാളികളുടെ മനസിലെ മാലിന്യങ്ങള്‍! കേരളത്തിലെ ജനങ്ങളുടെ മനസില്‍ ഉണ്ടായിരുന്ന വര്‍ഗീയ വിദ്വേഷം, വര്‍ണ-വര്‍ഗ-വിവേചനം, പരസ്പര കുറ്റവിചാരണകള്‍, കുറ്റപ്പെടുത്തലുകള്‍, ഒറ്റപ്പെടുത്തലുകള്‍ തുടങ്ങിയ മാലിന്യങ്ങളാണ് ഈ മഹാ പ്രളയത്തില്‍ അവരുടെ മനസില്‍ നിന്ന് ഒലിച്ചുപോയത്. അത്തം പിറന്ന ഓണം നാളുകളില്‍ മഹാബലി തമ്പുരാന്റെ കാലത്തെ നല്ല നാളുകളുടെ ദിനങ്ങളാണ് പ്രളയ ദുരന്തത്തെ തുടര്‍ന്ന് സംജാതമായത്. എങ്ങും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്വരം മാത്രം!

ഇവിടെ കള്ളത്തരമില്ല, കൊള്ളിവയ്പ്പില്ല (കൊള്ളിവയ്പ്പിനായി ഒന്നും ബാക്കി വച്ചിട്ടില്ല), പൊളിവചനങ്ങളില്ല. എങ്ങും സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും കഥകള്‍ മാത്രം. പത്രമാധ്യമങ്ങള്‍ തുറന്നാല്‍ നന്മകളുടെ വാര്‍ത്തകള്‍ മാത്രം. മഹാദുരന്തത്തിനു മുമ്പില്‍ പകച്ചു നില്‍ക്കാതെ കേരളത്തിലെ ജനങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. മറ്റാരുടെയും സഹായം തേടും മുന്‍പ് തന്നെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നു. കേരളത്തിലെ യുവാക്കള്‍ കരുണ വറ്റാത്തവരാണെന്നു തെളിയിക്കുന്നതായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിലെ ദൃശ്യങ്ങള്‍ സൂചിപ്പിച്ചത്.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുംകൈയും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയപ്പോള്‍ അവിടെ ജാതി മത വര്‍ഗ ഭേദമൊന്നും കണ്ടില്ല. അവര്‍ കണ്ടത് ദുരന്തത്തില്‍ പെട്ട മനുഷ്യരെയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ തങ്ങള്‍ രക്ഷിച്ചവര്‍ ആരെയാണെന്നു അനേഷിച്ചില്ല. ഭക്ഷണം ഏതു മതസ്ഥര്‍ക്കാണ് നല്‍കിയതെന്ന് അനേഷിച്ചില്ല. ദുരന്ത മുഖത്തുനിന്നു ഒരുകൈ സഹായത്തിനായി അപേക്ഷിച്ചവര്‍ സ്വന്തം ബന്ധുക്കളോടോ മതസ്ഥരോടോ അല്ല അപേക്ഷിച്ചത്, മനഃസാക്ഷി മരവിക്കാത്ത മനുഷ്യരോടാണ്. അങ്ങനെ നാം കേരളീയര്‍ ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. തീയില്‍ കുരുത്തവരാണ് നാം മലയാളികള്‍, നമ്മള്‍ വെയിലത്തു വാടുകയില്ല!

ഇന്നലെ വരെ വര്‍ഗീയ വിദ്വേഷവും പരസ്പര ചെളിവാരിയെറിയലുമായി നടന്ന മലയാളികളെയല്ല നാം ദുരന്ത സമയത്തു കണ്ടത്. ഒരേ മനസോടെ ഒത്തൊരുമയോടെ സര്‍വോപരി മഹാമനസ്‌കതയോടെ പ്രവര്‍ത്തിച്ച നമ്മുടെ സഹോദരങ്ങള്‍ക്ക് മഹാപ്രളയം നല്‍കിയതു ഒരുപാട് നല്ല കാര്യങ്ങളാണ്. മനസിലെ മാലിന്യമാണ് കേരളീയര്‍ ഈ പ്രളയജലത്തില്‍ കഴുകി കളഞ്ഞത്.

ഒത്തൊരുമയുടെ പാഠം നല്‍കിയത് ഒരുമിച്ചു നിന്നാല്‍ നമുക്ക് എന്തും നേടാമെന്നതാണ്. കേരളത്തിലെ ജനങ്ങളുടെപ്രത്യേകിച്ച് യുവജനങ്ങളുടെ ക്രൈസിസ് മാനേജ്മന്റ് പാടവം കണ്ട് ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളെന്നല്ലലോക രാജ്യങ്ങള്‍ വരെ പകച്ചു പോയി. എത്ര അനായാസമാണ് ഇത്ര വലിയ ദുരന്തത്തെ കേരളജനത ഒറ്റക്കെട്ടായി നേരിട്ടത്. ലോകം മുഴുവനുമുള്ള മലയാളികള്‍ ഒരേ മനസോടെ ദുരന്ത നിവാരണത്തിനായി പ്രവര്‍ത്തിച്ച കാഴ്ച്ച കണ്ട് സമാന സംഭവങ്ങള്‍ ഇതിനു മുമ്പുണ്ടായ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍അത്ഭുതപ്പെട്ടുപോയി.

ഇത്ര വലിയ ദുരന്തമുണ്ടായപ്പോഴും പതറാതെ സമചിത്തയോടെ എല്ലാത്തിനും മുമ്പില്‍ നിന്നു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ ലോകം മുഴുവന്‍ പ്രശംസകള്‍കൊണ്ട് മൂടി. സമാന സംഭവങ്ങള്‍ ഉണ്ടായ പല സംസ്ഥാങ്ങളിലെയും ഭരണാധികാരികള്‍ പതറിപ്പോവുകയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും ചെയ്ത സംഭവങ്ങളാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രതിപക്ഷപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ കക്ഷി രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥന ഗവണ്മെന്റ്‌റിനു പൂര്‍ണ പിന്തുണ നല്‍കി. ഒരിടത്തുംരാഷ്ട്രീയം കളിച്ചു കണ്ടില്ല; കേന്ദ്രത്തില്‍ ഒഴികെ. അതായിരുന്നു ദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനം വലിയ വിജയകരമാകാന്‍ കാരണം. കേന്ദ്രത്തില്‍ നിന്നും അവഗണനകള്‍ക്കു പിന്നാലെ അവഗണകള്‍ കൂടിയായതോടെ തളര്‍ന്നു പോകുമായിരുന്ന ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ യാതൊരു താളപ്പിഴകളും കൂടാതെ മുന്നോട്ടു പോയത് ലോകം മുഴുവനുമുള്ള മലയാളികളുടെ ഒരേ മനസോടെയുള്ള പ്രയത്‌നം കൊണ്ട് മാത്രമായിരുന്നു. മനസിലെ മാലിന്യം കഴുകിക്കളഞ്ഞപ്പോള്‍ മലയാളികളില്‍ അവര്‍ സ്വന്തം കൂടപ്പിറപ്പുകളെ തന്നെ കണ്ടു.

കേരളത്തിലെ യുവജനങ്ങളുടെ മാനവ വിഭവ ശേഷി കണ്ട്കേരളത്തിന് പുറത്തുള്ളവര്‍അത്ഭുതപ്പെട്ടു. ഐ.ടി വിദഗ്ദ്ധന്മാരായ യുവജനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പല ആപ്പുകളും രക്ഷാ പ്രവത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ ഏറെ സഹായിച്ചുവെന്ന് രക്ഷാപ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട സൈനിക മേധാവികള്‍ വരെ സാക്ഷ്യപെടുത്തിയിരുന്നു. മലയാളികള്‍ ലോകത്തെവിടെയുണ്ടോ അവിടെ നിന്നെല്ലാം സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ സഹായങ്ങള്‍ ഒഴുകിയെത്തി.

അമേരിക്കയില്‍ നിന്നുപോലും തങ്ങളുടെ ബന്ധുക്കള്‍ ആരെങ്കിലും പ്രളയ ബാധിത പ്രദേശത്തു ഒറ്റപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അവരെ കണ്ടുപിടിക്കാനും വിവരങ്ങള്‍ കൈമാറാനും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും അവയെ കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ജില്ലാ ഭരണകൂടങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവയുമായി ബന്ധിപ്പിക്കുവാനും കഴിഞ്ഞത് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കുവാന്‍ കഴിഞ്ഞുവെന്നതാണ് അഭിമാനകരമായ നേട്ടം. മാനവ വിഭവശേഷിയില്‍ മലയാളികളെപ്പോലെ മറ്റാരുമില്ലെന്നു അഭിമാനപൂര്‍വ്വം തെളിയിക്കാനുള്ള അവസരം കൂടിയായി ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം.

കേരളത്തിലേക്ക് ദുരിതാശ്വാസ സഹായമൊഴുകിയെത്താന്‍ കാരണവും വിദേശ മലയാളികളുടെ ഒരുമയോടെയുള്ള മനസാണ്. അമേരിക്കയില്‍ നിന്നു മാത്രം കോടിക്കണക്കിനു രൂപയാണ് ജന്മനാട്ടിലെ സഹോദരങ്ങള്‍ക്കായി സ്വരൂപിക്കുന്നത്. ഓണാഘോഷത്തിനായി ചെലവഴിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് ഡോളര്‍ ആണു ആഘോഷങ്ങള്‍ വേണ്ടെന്നു വച്ചുകൊണ്ടു അമേരിക്കയിലെയും കാനഡയിലേയും പല മലയാളി സംഘടനകള്‍ മുഖ്യമന്ത്രിയുടെ ദുരിതശ്വസ നിധിയിലേക്ക് അയച്ചത്. വൈകിയാണെങ്കിലും അമേരിക്കയിലെ എല്ലാ വിഭാഗങ്ങളിലും പെട്ട ക്രൈസ്തവ സഭകളും അമ്പലങ്ങളും ധനാസമാഹാരം നടത്തി വരികയാണ്. എന്തിനേറെ സിഖ് ദേവാലയങ്ങളും ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയില്‍ നിന്നുമുള്ള നിരവധി സംസ്ഥാങ്ങളില്‍ നിന്നുള്ള സംഘടനകളും കേരളത്തിനായി ധനസമാഹാരം നടത്തി.

അമേരിക്കയിലെ ചിക്കാഗോയില്‍ നിന്നുള്ള രണ്ടു യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച ധന സമാഹരണ യജ്ഞം വൈറല്‍ ആയി മാറിയതാണ് അമേരിക്കന്‍ മലയാളികളുടെ ഉള്ളു തുറവിക്ക് പ്രധാന കാരണമായത്. ഒരു പരീക്ഷണമെന്ന കരുതി ഫേസ് ബുക്ക് വഴി ചിക്കാഗോയില്‍ നിന്നുള്ള അരുണ്‍ സൈമണ്‍ നെല്ലാമറ്റം അജോമോന്‍ പൂത്തുറയില്‍ എന്നീ യുവാക്കള്‍ ഒരു ലക്ഷം ഡോളര്‍ ലഷ്യമിട്ടു ആരംഭിച്ച ധനസമാഹരണം അവരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ആദ്യത്തെ എട്ടു മണിക്കൂറിനുള്ളില്‍ തന്നെ ലക്ഷ്യം കവിഞ്ഞു. രണ്ടാം ദിവസം മൂന്നുലക്ഷത്തോടടുത്തപ്പോള്‍ ഇ-മലയാളിയില്‍ ഇവരെക്കുറിച്ചുള്ള വാര്‍ത്ത വന്നു.

ഇതിനകം അവര്‍ ലക്ഷ്യം അഞ്ചു ലക്ഷവും പിന്നീട് ഒരു മില്യണ്‍ ഡോളറും ആക്കി ഉയര്‍ത്തി. നോക്കി നില്‍ക്കെ പണം കുമിഞ്ഞുകൂടുന്നതുകണ്ട ഈ യുവാക്കള്‍ പകച്ചുപോയി. ലക്ഷ്യം ഒന്നര മില്യണ്‍ ആക്കി നിര്‍ത്തുവാന്‍ അവര്‍ തീരുമാനിച്ചു. മൊത്തം ഒമ്പതരക്കോടി രൂപയിലെത്തിയപ്പോള്‍ അവര്‍ ധന സമാഹാരണം നിറുത്തി.ഇന്നലെരാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അദ്ദേഹത്തിന്റ സെക്രട്ടറിയുടെ സന്ദേശം വന്നു. കേരളത്തിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട് . നിറുത്തിവച്ച ധനസമാഹാരം പുനരാംഭിക്കണമെന്നു അപേക്ഷിച്ചുകൊണ്ടുള്ളഇമെയില്‍ വന്നതിനെ തുടര്‍ന്ന് അവര്‍ പുനരാംരംഭിച്ച ധനസമാഹരനം റോക്കറ്റ് വേഗത്തില്‍ തുടരുകയാണ്.

ഈ യുവാക്കളുടെ വിജയഗാഥ പലരുടെയും ഉത്സാഹം ഇരട്ടിയാക്കി. ധനസമാഹരണം നടത്താന്‍ മടിച്ചുനിന്ന പല സംഘടനകളും വലിയ തുകകള്‍ ലക്ഷ്യം വച്ച് ഫേസ്ബുക്ക് , ഗോ ഫണ്ട് മീ തുടങ്ങിയ വഴി ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍. അമേരിക്കയില്‍ നിന്നുള്ള എല്ലാ മലയാളം മാധ്യമങ്ങളുടെയും അകമഴിഞ്ഞ പിന്തുണകൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഒരു കാര്യം ഉറപ്പിച്ചു പറയാം കേരളം ഒരു പുനര്‍നിര്‍മ്മാണത്തെ അഭിമുഖികരിക്കേണ്ടിവരുമ്പോള്‍ അമേരിക്കന്‍ മലയാളികളുടെ പങ്കു വിസ്മരിക്കനാവില്ല. സമസ്ത മേഖലകളിലും അമേരിക്കന്‍ മലയാളികള്‍ ജന്മ നാട്ടിലെ സഹോദരന്മാര്‍ക്കായി ഉറപ്പു നല്‍കി കഴിഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എം. എ.യൂസഫലി ഉള്‍പ്പെടെയുള്ള വ്യവസായപ്രമുഖര്‍ വിവിധ ഭരണാധികാരികളെ സ്വാധീനിച്ചു കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കായി കോടിക്കണക്കിനു രൂപയുമാണ് സഹായധനമായി അനുവദിപ്പിച്ചത്. യൂ.എ.ഇ 700 കോടി രൂപയും ഖത്തര്‍ 50 കോടി രൂപയുമാണ് അനുവദിച്ചത്. കേന്ദ്രത്തില്‍ നിന്ന് അടിയന്തിര സഹായമായി അനുവദിച്ചത് വെറും 600 കോടി രൂപ മാത്രമാണ്. അതിനുപുറമെ അരി അനുവദിച്ചതിനു 200 കോടി രൂപ അങ്ങോട്ട് കൊടുക്കുകയും വേണം.

യു എന്‍ സഹായത്തിനായി ഐക്യ രാഷ്ട്രസഭയിലെ അണ്ടര്‍ സെക്രെട്ടറിയായിരുന്നമുന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ ജനീവയിലേക്കു പുറപ്പെട്ടിട്ടിട്ടുണ്ട്. എല്ലാ മേഖലകളിലും ഉന്നത സ്ഥാനീയരായ മലയാളികള്‍ താന്താങ്ങളില്‍ കഴിയുന്ന സ്വാധീനങ്ങള്‍ എല്ലാ മേഖലകളിലും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി യത്നിച്ചുവരികയാണ്. മനസിലെ മാലിന്യങ്ങള്‍ മാറിയപ്പോള്‍ കേരളീയര്‍ ഒന്നായി എന്ന തോന്നല്‍ ലോകം മുഴുവനുമുള്ള മലയാളികളില്‍ ഉണ്ടായി.

പേമാരിയില്‍ കേരളത്തിലെനല്ലൊരു ഭാഗംജനങ്ങളുടെയും സ്വത്തുക്കളുംആയുഷ്‌ക്കാല സമ്പാദ്യങ്ങള്‍ വരെഎന്നേക്കുമായി നഷ്ടമായി. മറ്റു ചിലര്‍ക്ക് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടമായി. ഏറെ സ്വപ്നങ്ങള്‍ നെയ്തുണ്ടാക്കിയ പലരുടെയും സ്വപ്ന വീടുകള്‍ പാടെ തകരുകയോ ഉപയോഗ ശൂന്യമായിപ്പോവുകയോ ചെയ്തു.

കേരളത്തില്‍ പേമാരി തകര്‍ത്താടാന്‍ തുടങ്ങും മുമ്പു വരെ പത്ര മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത് സാക്ഷരകേരളത്തെ ലജ്ജിപ്പിക്കുന്ന വാര്‍ത്തകള്‍ അയിരുന്നു. കുരുന്നു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധരെ വരെ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍, മതപുരോഹിതര്‍, അദ്ധ്യാപകര്‍, രാഷ്ട്രീയ പ്രമുഖര്‍ മുതല്‍ സ്വന്തം സഹോദരങ്ങളും പിതാക്കന്മാരാല്‍വരെ പീഡിപ്പിക്കപ്പെടുന്നവരുടെ വര്‍ത്തകളാല്‍ മുഖരിതമായിരുന്നു നമ്മുടെ സംസ്ഥാനം. തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയുടെ കഥകള്‍ വേറെ.

മതത്തിന്റെ പേരിലുംസമുദായങ്ങളുടെ പേരിലുള്ള വേര്‍തിരിവും ധ്രുവീകരങ്ങളും മൂലം ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ഏറെ. നമ്മുടെ സാക്ഷര കേരളത്തില്‍ പള്ളികളും മദ്രസകളും വരെ തകര്‍ക്കപ്പെട്ടു. വീടും സമ്പാദ്യങ്ങളും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടപ്പോള്‍, പ്രളയ ജലത്തില്‍ മുങ്ങിയ വീടുകള്‍ക്ക് മുകളില്‍ കൈവീശി രക്ഷിക്കണേ എന്ന് കേണു നിലവിളിച്ചപ്പോള്‍ ഒരു മതവും ആള്‍ദൈവങ്ങളും രക്ഷക്കായി എത്തിയില്ല. ഒരു സമുദായവയും ആളുകളെ നോക്കി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടില്ല. അവിടെ ഒരു മുഖം മാത്രമാണ് മലയാളി കണ്ടത്. മാനവികതയുടെയും മനുഷ്യത്വത്തിന്റെയും മുഖം. കാരണം മനസിലെ മാലിന്യം കഴുകിപ്പോയിരുന്നു.

പട്ടിണി സഹിക്കാതെ പലവ്യഞ്ജനങ്ങള്‍ മോഷിടിച്ച മധു എന്ന ആദിവാസി യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന സദാചാര പോലീസിന്റെ വേഷത്തില്‍ വന്ന കാപാലികരുടെ വാര്‍ത്ത അത്ര പെട്ടെന്ന് മറക്കാനാകുമോ? താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചെന്ന പേരില്‍ സ്വന്തം സഹോദരിയെവിധവയാക്കിയ സഹോദരന്മാരുടെ വാര്‍ത്തകള്‍ നിറഞ്ഞ ദിനങ്ങളുണ്ടായിരുന്നു നമുക്ക്.

എന്നാല്‍ രണ്ടാഴ്ച മുന്‍പ് ഭീതിജനകമാം വിധം നാം ഒരു വാര്‍ത്ത കേട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദംകേരളത്തിന്റെ തീരങ്ങളിലേക്ക് അടുക്കുന്നുവെന്ന്. അതിത്ര വലിയ പ്രളയ ദുരന്തമായി മാറുമെന്ന് ആരും കരുതിയില്ല. ആര്‍ക്കും ഒരു മുന്‍ കരുതല്‍പോലും എടുക്കാന്‍ പറ്റാത്തവിധം കാലവര്‍ഷം കലിതുള്ളി പെയ്തുകൊണ്ടിരിക്കുമ്പോഴും കേരളത്തിലെ ജനങ്ങള്‍ അത് കാര്യമായി എടുത്തിട്ടില്ലെന്നും മാത്രമല്ലരാഷ്ട്രീയ ചെളിവാരിയെറിയലുകളും സോഷ്യല്‍ മീഡിയകളിലെ ട്രോളുകളുമായി പതിവ് കലാപരിപാടികളുമായി തുടര്‍ന്നുകൊണ്ടിരുന്നു. ഒരാഴ്ച്ച മുന്‍പ് സ്ഥിതിഗതികള്‍ വഷളായി .

ഒരു മഹാദുരന്തത്തെ മുഖമുഖം കണ്ട സാക്ഷരകേരളം അക്ഷരാത്ഥത്തില്‍ ഞെട്ടിപ്പോയി. പണത്തിനു മേല്‍ പരുന്തും പറക്കില്ലെന്നുള്ള മലയാളികളുടെ കണക്കുകൂട്ടലുകള്‍ അട്ടിമറിച്ചുകൊണ്ടു പ്രളയജലം എല്ലാം വിഴുങ്ങി.തമാശകള്‍ മാറ്റിവച്ചവര്‍ കര്‍മ്മനിരതരായി. കലിയടങ്ങാത്ത പേമാരി സംഹാരദുര്‍ഗയായി അവതരിച്ചു. എങ്ങും ഉരുള്‍പൊട്ടലും നാശനഷ്ടങ്ങള്‍ വേറെയും. നിറഞ്ഞു കവിയാറായ ഡാമുകള്‍ തുറന്നുവിട്ടപ്പോള്‍ ജലനിരപ്പ് പണ്ടേ ഉയര്‍ന്നിരുന്ന നദികള്‍ കവിഞ്ഞൊഴുകി.

കര കവിഞ്ഞൊഴുകിയ നദികള്‍ കിലോമീറ്ററുക;ല്‍ ചുറ്റളവിലുള്ള വീടുകള്‍ വരെ വിഴുങ്ങി. ജനം പ്രാണനുവേണ്ടി പരക്കം പാഞ്ഞു. പലരും വീടുകളില്‍ കുടുങ്ങിപ്പോയി. ഇ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികള്‍ പ്രതിഫലേച്ഛകൂടാതെ കൂടാതെ സന്നദ്ധ പ്രവര്‍ത്തങ്ങള്‍ക്കായി ഇറങ്ങിയത്. മനസിലെ മാലിന്യം കഴുകിക്കളഞ്ഞപ്പോള്‍മനുഷ്യത്വം എന്ന നന്‍മ മനസ്സില്‍ പെയ്തിറങ്ങി.

കേരളം എന്ന കൊച്ചു സംസ്ഥാനം ഒറ്റ ആഴ്ചകൊണ്ട് മാറിപ്പോയത് രണ്ടാഴ്ച തകര്‍ത്തു പെയ്ത മഴകൊണ്ട് ഉണ്ടായ ദുരന്തത്താല്‍മാത്രമല്ല ആ ദുരന്തം വരുത്തിയ വിനാശത്തില്‍ നിന്ന് കരകയറാന്‍ ഒരേ മനസോടെ എണ്ണയിട്ട യന്ത്രം പോലെ പ്രയത്‌നിച്ച മലയാളികളുടെ ഐക്യം കൊണ്ടാണ്. പേമാരി കെട്ടടങ്ങി; രക്ഷാപ്രവര്‍ത്തനവും അവസാനിച്ചു.

ഇനിയാണ് നാം ഐക്യത്തോടെ നില്‍ക്കേണ്ട സമയം. കേരളത്തിന് ഒരു പുനര്‍ നിര്‍മ്മാണംആവശ്യമാണ്. ഐക്യമത്യം മഹാബലം എന്ന പഴഞ്ചൊല്ല് പ്രവര്‍ത്തികമാക്കേണ്ട സമയമാണിത്. മനസില്‍ നിന്ന് കഴുകിപ്പോയ മാലിന്യങ്ങള്‍ ഇപ്പോള്‍ നടുക്കടലിലാണ്. ഇനിയൊരു മാലിന്യവും മലയാളിയുടെ മനസില്‍ കയറാതിരിക്കട്ടെ. നമുക്കൊരുമിച്ചു നവകേരള സ്വപ്നങ്ങള്‍ കാണാം. ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാം.
<span style="background-color: transparent; color: rgb(0, 0, 0); font-family: " times="" new="" roman";="" font-size:="" 16px;="" font-variant-numeric:="" normal;="" font-variant-east-asian:="" font-weight:="" 400;"="">

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക