Image

ഈ പ്രവര്‍ത്തനത്തിന് ബിഗ് സല്യൂട്ട് (ജോര്‍ജ് തുമ്പയില്‍)

Published on 22 August, 2018
ഈ പ്രവര്‍ത്തനത്തിന് ബിഗ് സല്യൂട്ട് (ജോര്‍ജ് തുമ്പയില്‍)
ദുരിതങ്ങളുടെയും വറുതികളുടെയും നേര്‍ചിത്രങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നും കാണാന്‍ കഴിയുന്നത്. മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും അത്രമേല്‍ കഠിന ഹൃദയത്തോടു മാത്രമേ ആ കാഴ്ചകള്‍ ഇപ്പോള്‍ നോക്കിനില്‍ക്കാന്‍ കഴിയുന്നുള്ളു. എത്ര ഭീകരമാണിത്. കരള്‍ പിളര്‍ക്കും കാഴ്ചകള്‍. അതിനിടയിലും സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ദുരിതത്തില്‍പ്പെട്ടവരെ രക്ഷിക്കാനിറങ്ങിയ ഇന്ത്യന്‍ പട്ടാളത്തെ നമിച്ചേ തീരൂ. അവര്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം ലോകം വിസ്മയത്തോടെയാണ് കണ്ടിരുന്നത്. 12 പേര്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ടുപോയപ്പോള്‍ അവരെ രക്ഷിക്കാന്‍ ലോകം മുഴുവന്‍ ഒരുമിച്ചത് നാം കണ്ടതാണ്. എന്നാല്‍, അത്ര പോലും വേവലാതികളില്ലാതെ, ഉണ്ണുകയും ഉറങ്ങുകയും ചെയ്യാതെ പട്ടാളം ഹെലികോപ്ടറുകളില്‍ എയര്‍ലിഫ്റ്റിങ് നടത്തുന്നതും കുത്തൊഴുക്കിലും വടംകെട്ടി ജനങ്ങളെ ലൈഫ്‌ബോട്ടില്‍ രക്ഷിച്ചു കൊണ്ടു വരുന്നതും കണ്ടപ്പോള്‍ ഹൃദയം കൊണ്ട് അവരെ നമിച്ചു പോയി. അവര്‍ രക്ഷപ്പെടുത്തിയത് 12 പേരെയല്ല, പന്തിരായിരം പേരെയുമായിരുന്നില്ലെന്നും ഓര്‍ക്കണം.

അത്രത്തോളം മാനുഷികമായ പ്രവര്‍ത്തനങ്ങള്‍ പിന്നെയും കണ്ടു. കടലോരത്തു നിന്നും അമ്പതിലേറെ ബോട്ടുകളാണ് ദുരന്തമുഖത്തേക്ക് പാഞ്ഞുവന്നത്. അവരെ നാം മുക്കുവര്‍ എന്നു വിളിച്ചു മാറ്റിനിര്‍ത്തിയിരുന്നുവെങ്കില്‍ ഇനിയതിനു നമുക്ക് കഴിയില്ല. അവരിന്ന് കേരളത്തിലെ ദുരന്തമുഖത്തു നിന്നും മടങ്ങിയത് വീരശൂരപരാക്രമികളായാണ്. അവര്‍ രക്ഷപ്പെടുത്തിയത് ഒന്നോ രണ്ടോ പേരെയല്ല, ജീവനു വേണ്ടി കെഞ്ചിയ പതിനായിരങ്ങളെയാണ്. കുട്ടനാട്ടില്‍ ഓരോ നിമിഷവും വെള്ളം കുത്തിയൊഴുകി കയറിയപ്പോള്‍ ജീവനുവേണ്ടി യാചിച്ച് ആയിരങ്ങള്‍ വാവിട്ടു നിലവിളിച്ചപ്പോള്‍ കടലിന്റെ മക്കള്‍ തോണിയിറക്കി അവരെ മാറോടു ചേര്‍ത്തു. അവരെ സുരക്ഷിതരായി കരയിലെത്തിച്ചു. അവര്‍ക്കത് ജീവന്മരണ പോരാട്ടായിരുന്നു. സ്വന്തം ജീവന്‍ മാത്രമല്ല, ഒരു ജന്മം കൊണ്ടു സമ്പാദിച്ച വള്ളങ്ങളും ബോട്ടുകളുമാണ് അവര്‍ പ്രളയജലത്തിലേക്ക് ഇറങ്ങിയത്. ഒഴുക്കിനെതിരേ നീന്തിയാണ് അവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആ ദൃശ്യങ്ങളൊക്കെയു ടിവിയിലൂടെ കണ്ടപ്പോള്‍ കോരിത്തരിച്ചു പോയി.
ഒരു നാട്ടിലെ ജനമൊന്നാകെ വീടുവിട്ടിറങ്ങി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങിയതിനും ലോകം സാക്ഷിയായി. ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതിജീവിക്കാന്‍ എന്തൊക്കെ, എങ്ങനെയൊക്കെ ചെയ്യണമെന്ന് ആരും കേരളീയരെ പഠിപ്പിക്കേണ്ടതില്ലെന്നും അതിനൊരു മുന്‍പാഠം വേണ്ടെന്നും അവര്‍ തെളിയിച്ചു. ആയിരക്കണക്കിനു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യത്തിനു ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളും മരുന്നുകളും എത്തിച്ചു കൊടുക്കാന്‍ ഓടിനടന്നത് സാദാ മനുഷ്യരാണ്. അവരുടെ അയല്‍ക്കാരന്‍ കണ്ണീരുമായി കഴിഞ്ഞപ്പോള്‍ അവന്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. അത് ആത്മാര്‍ത്ഥതയുടെ നിറകുടമായി. ദുരിതത്തിന്റെ ആക്കം കുറച്ചത് അതാണ്. അതായിരുന്നു ലോകത്ത് ഒരിടത്തും കാണാതെ പോയതും, നമ്മുടെ കേരളം കാണിച്ചു കൊടുത്തതും.

എല്ലാത്തിനും ചുക്കാന്‍ പിടിച്ചു കൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ശാസ്ത്രസാങ്കേതിക എത്രമാത്രം ഇവിടെ ഉപയുക്തമായി എന്നും നാം ശ്രദ്ധിക്കണം. വൈദ്യുതി ഇല്ലെങ്കിലും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും അതിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ റെസ്ക്യു മിഷനെ ബന്ധപ്പെടാന്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതുമൊക്കെയും അമേരിക്കയിലിരുന്നും നാം കണ്ടു. അതില്‍ പല ഗ്രൂപ്പിലും ഞാനുള്‍പ്പെടെയുള്ളവര്‍ അംഗമായിരുന്നു. പലരും സഹായം ചോദിച്ചു വന്നത് റെസ്ക്യു മിഷനില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഫോര്‍വേഡ് ചെയ്തു കൊടുക്കാനും അവരെ സുരക്ഷിതമായി എത്തിക്കാനും കഴിഞ്ഞത് ഇതൊക്കെ കൊണ്ടു മാത്രമാണ്. ഇവിടെ തുണയായി നിന്നത് ഗൂഗിളും, വാട്‌സാപ്പും, ഫേസ്ബുക്കും ആമസോണും ഒക്കെയാണ്. ഒപ്പം സര്‍ക്കാരന്റെ ഐടി ഡിപ്പാര്‍ട്ട്‌മെന്റ് സേവനങ്ങളെയും മറക്കാവുന്നതല്ല.

പോലീസും ഫയര്‍ഫോഴ്‌സും റവന്യു വിഭാഗക്കാരും എന്തിന് മന്ത്രിമാര്‍ എല്ലാവരും തന്നെ മുന്നില്‍ നിന്നു കാര്യങ്ങള്‍ നിയന്ത്രിക്കുന്നതു കാണാമായിരുന്നു. (ജര്‍മ്മനിയിലേക്ക് ഓണമുണ്ണാന്‍ പോയ വനംമന്ത്രി കെ.രാജു മാത്രമാണ് ഇതിനൊരു അപവാദമായത്.) ക്യാന്‍സര്‍ ബാധിതനായി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് വരാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര മാറ്റിവച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൂടുതല്‍ സര്‍ക്കാര്‍ ഏജന്‍സികളെ മുന്നിലേക്ക് ഇറക്കുന്നതും എല്ലാത്തിനും ഓടിനടക്കുന്നതും നാം ഇവിടെയിരുന്നു കണ്ടു. ഇതൊക്കെയും കേരളത്തിനു മാത്രം കഴിയുന്ന കാര്യമായിരുന്നു.

ഏകദേശം രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്നേ ചെന്നൈയില്‍ സമാന പ്രളയമുണ്ടായപ്പോള്‍ പകച്ചു നിന്നവരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു കേരളത്തിലെ രക്ഷാപ്രവര്‍ത്തനം. ഇവിടെ ജനങ്ങള്‍ മുന്നിട്ടിറങ്ങി. രക്ഷാപ്രവര്‍ത്തനത്തിനിടെ പൊക്കമേറിയ റബ്ബര്‍ ബോട്ടിലേക്ക് കയറാന്‍ കഴിയാതിരുന്നവര്‍ക്ക് വേണ്ടി തണുത്ത വെള്ളത്തില്‍ ചവിട്ടുപടിയാകാന്‍ വേണ്ടി മുതുകു കുനിച്ചു കൊടുത്ത മത്സ്യത്തൊഴിലാളി ജയ്‌സാല്‍ എന്ന സാധാരണക്കാരന്റെ മഹത്വം കേരളത്തിന്റെ പ്രതീകമാണ്. ആ പ്രവൃത്തി വര്‍ണ്ണനാതീതമാണ്. മൂന്നടി അളക്കാന്‍ ഇനിയെവിടെ എന്നു ചോദിച്ച വാമനന്റെ മുന്നില്‍ തല കുനിച്ചു നിന്ന മാവേലിത്തമ്പുരാനെയാണ് അപ്പോള്‍ ഓര്‍മ്മവന്നത്. അയാളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പ്രളയം പോലും പകച്ചു നിന്നു പോയി. അയാളുടെ ആ മനസ്സാണ് കേരളത്തിന്റെ പ്രളയത്തെ അതിജീവിച്ചതിന്റെ പ്രതീകമായി മാറുക. ഇങ്ങനെ എത്രയെത്ര ജയ്‌സാല്‍മാരെ നമുക്ക് കേരളത്തില്‍ കണ്ടെത്താനാവും. പാലാക്കാടും, റാന്നിയിലും ചെങ്ങന്നൂരും മൂന്നാറിലും, കാലടിയിലും ആലുവയിലും ഇങ്ങനെ എത്രയെത്ര പേര്‍ സ്വയം ത്യാഗം സഹിച്ച് മുന്നില്‍ നിന്നു. അവര്‍ക്ക് മുന്നില്‍ പ്രകൃതി പോലും തൊഴുതു നിന്നെന്നു തോന്നി.

ഇന്ന് ഇപ്പോള്‍ പ്രളയജലം തോറ്റു പിന്‍മാറിയിരികുന്നു. ഇപ്പോള്‍ കേരളത്തില്‍ കാണുന്ന കാഴ്ച, ഓണാഘോഷങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച വിവിധ ക്ലബ്ബുകളുടെ യുവജനപ്രവര്‍ത്തകര്‍ ഒന്നിച്ച വീടും നാടും തെരുവും വൃത്തിയാക്കാന്‍ സഹായിക്കുന്ന കാഴ്ചയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. 18 കോടി രൂപ കൊടുത്ത് കേരളത്തെ മാറോടു ചേര്‍ത്ത് പ്രവാസി വ്യവസായി യൂസഫി മുന്നില്‍ നിന്നു ദുരിതമുഖത്തെ സഹോദരങ്ങള്‍ക്ക് പടപൊരുതി ജയിക്കാനുള്ള ഊര്‍ജ്ജം പകരുന്നു. ഇവിടെ നാം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. നമ്മുടെ അമേരിക്കന്‍ സംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുമുള്ള തുക സമാഹരിച്ചു കൊണ്ടിരിക്കുന്നു.

ഉറപ്പിക്കാം നമുക്ക്, നന്മയുടെ ഹൃദയം മലയാളിക്ക് കൈമോശം വന്നിട്ടില്ലെന്ന്. വിശുദ്ധിയുടെ ആത്മായനം മലയാളിയെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന്. അതു തെളിയിക്കാന്‍ ഒരു പ്രളയം വേണ്ടിവന്നുവെന്നത് ശരി തന്നെ, എന്നാലും ഉറപ്പിച്ചു പറയാം, പരശുരാമന്‍ കടലിനടിയില്‍ നിന്നും പൊക്കിയെടുത്തു സമ്മാനിച്ച മലയാളിമണ്ണിനെ അത്രവേഗമൊന്നും കടലിനു വിട്ടു കൊടുക്കില്ലെന്ന ഉറപ്പ് നല്‍കാന്‍ വേറെയൊരു മാനവകുലത്തിനു കഴിയില്ലെന്ന്. പെരിയാറും പമ്പയും അച്ചന്‍കോവിലും കരകവിഞ്ഞാലും വീണുപോകാത്ത നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ബിഗ് സല്യൂട്ട് നല്‍കുന്നു. കേരളമേ, ഞാന്‍ അഭിമാനിക്കുന്നു. ഈ മണ്ണില്‍ പിറക്കാന്‍ കഴിഞ്ഞതിന്, ഇവരെ സഹോദരങ്ങളായി നല്‍കിയതിന്....
Join WhatsApp News
Ninan Mathulla 2018-08-22 12:12:17
Very encouraging and positive
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക