Image

കാണിപ്പയ്യൂര്‍ അതിവൃഷ്ടി പ്രവചിച്ചിരുന്നുവെങ്കിലോ? (ജയ് കുമാര്‍ എന്‍. കെ)

Published on 24 August, 2018
കാണിപ്പയ്യൂര്‍ അതിവൃഷ്ടി പ്രവചിച്ചിരുന്നുവെങ്കിലോ?  (ജയ് കുമാര്‍ എന്‍. കെ)
പണ്ട് വാസ്തു ശാസ്ത്ര (?)ത്തില്‍ കാര്യമൊന്നുമില്ലായെന്ന് തെളിയിക്കാന്‍ ഒരു യുക്തിവാദി വിദഗ്ധന്‍ എല്ലാ വാസ്തു നിയമങ്ങളെയും ഖണ്ഡിച്ചു കൊണ്ട് ഒരു വീട് പണിതു. വാസ്തുവില്‍ എന്ത് ചെയ്യരുത് എന്ന് പറഞ്ഞത് മുഴുവന്‍ ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വീട് പണി.

ഒരു കുഴപ്പവുമുണ്ടായില്ല, മൂപ്പരും കുടുംബവും സുഖമായി അവിടെ താമസിച്ചു. ഒരു യുക്തിവാദ സമ്മേളനത്തില്‍ അദ്ദേഹമിത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുക്തിവാദി ശ്രീ. A. T. കോവൂരിനെ അറിയിച്ചു. കോവൂര്‍ അദ്ദേഹത്തിന്റെ ചെയ്തിയെ വിമര്‍ശിക്കുകയാണ് ചെയ്തത്. യുക്തിവാദം ( Rationalist Moovement) വളര്‍ത്താനുതകുന്ന നടപടിയല്ല ഇതെന്നായിരുന്നു കോവൂരിന്റെ പക്ഷം. അദ്ദേഹം ചോദിച്ചതൊന്നു മാത്രമായിരുന്നു.

ആ വീട്ടില്‍ത്താമസിച്ചിട്ട് വല്ല കഷ്ടനഷ്ടങ്ങളും അയാള്‍ക്കും കുടുംബത്തിനും സംഭവിച്ചിരുന്നെങ്കിലോ ? വാസ്തുവെന്ന ഉഡായിപ്പ് കൂടുതല്‍ വിശ്വസനീയമായേനെ. വാസ്തു ശാസ്ത്ര വാദികള്‍ക്ക് അവരെ ന്യായീകരിക്കാന്‍ ഒരു ഉദാഹരണമായേനെയത്. കാരണം സകലരുടെയും ജീവിതത്തില്‍ 60% എങ്കിലും ദു:ഖവും കഷ്ടപ്പാടും സാമ്പത്തിക നഷ്ടവും തന്നെ ആയിരിക്കും. അത് വാസ്തുവിന്റെ, സമയദോഷത്തിന്റെ, ദൈവകോപത്തിന്റെ അക്കൗണ്ടിലേക്ക് കയറ്റി തട്ടിപ്പ് ശാസ്ത്രങ്ങളെ വളര്‍ത്താന്‍ ഉപകരിച്ചേനെ.

ഇക്കാര്യം മനസ്സിലാക്കി വേണം നമ്മള്‍ കാണിപ്പയ്യൂരിനെ ട്രോളാന്‍.

ഒന്നോര്‍ത്തു നോക്കൂ. അയാള്‍ അതിവൃഷ്ടി പ്രവചിച്ചിരുന്നുവെങ്കിലോ? ഓരോ വര്‍ഷവും അതിവൃഷ്ടിയോ കൊടുംവേനലോ സാധാരണ കാലാവസ്ഥയോ ഒക്കെ മാറ്റി മാറ്റി പ്രവചിക്കലാണല്ലോ ഇതിന്റെ ഒരു ഗുട്ടന്‍സ്. അതിലേതെങ്കിലും സംഭവിക്കുകയും ചെയ്യുമല്ലോ? ആരെങ്കിലും അതിവൃഷ്ടി ഇക്കൊല്ലം പ്രവചിച്ചിരുന്നുവെങ്കില്‍ അയാള്‍ ഇപ്പോള്‍ കൂടുതല്‍ ദിവ്യനായേനെ! ജോതിഷത്തിന്റെ മഹത്വവും സത്യവും തെളിഞ്ഞത് കണ്ടില്ലേയെന്ന ചോദ്യം വാട്‌സാപ്പിലും ഫേസൂക്കിലും നിറഞ്ഞേനെ. നടക്കാതെ പോയ പ്രവചനം വിശ്വാസികള്‍ക്ക് പ്രശ്‌നമേയല്ല.

ഓഖി കൊടുങ്കാറ്റ് വീശീയടിച്ചപ്പോള്‍ ഒരാള്‍ ഇത് മുമ്പേ പ്രവചിച്ചിരുന്നതാണെന്ന വീഡിയോ പറന്ന് നടന്നത് ആരും മറന്ന് കാണില്ലല്ലോ? മലയാറ്റൂരിലെയോ മറ്റോ ഏതോ മലയിലിരുന്നു ധ്യാനിച്ചപ്പോള്‍ ദൈവം തനിക്ക് വരാന്‍ പോകുന്ന ദുരന്തം കാണിച്ച് തന്നു എന്ന് FB ലൈവില്‍ വിഡിയോ ഇട്ട പാതി അടഞ്ഞ കണ്ണുകളുളള ആ യുവാവിനെ ? എത്ര മാത്രം റീച്ചാണ് ആ വീഡിയോയ്ക്ക് ഓഖിക്ക് ശേഷം കിട്ടിയതെന്ന് നമ്മള്‍ കണ്ടതാണ്. അതിന് മുമ്പ് അടിച്ച ബ്രാന്റ് ഏതാണെന്നായിരുന്നു ആ വീഡിയോയ്ക്ക് കിട്ടിയ ചുരുക്കം കമന്റുകള്‍ . പക്ഷേ ഓഖിക്ക് ശേഷം കമ്മന്റുകളുടെ സ്വഭാവം മാറി. ആള്‍ ദിവ്യനായി.

എന്തും സംഭവിക്കാന്‍ തുല്യ സാധ്യതയാണുള്ളത്. അപകടങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍, മരണം, തൊഴില്‍ നഷ്ടം, വിവാഹതടസ്സം തുടങ്ങിയവയെല്ലാം. പ്രവചനങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കുഴപ്പമില്ല, അത് പ്രാര്‍ത്ഥനയുടെയും ദൈവാനുഗ്രഹത്തിന്റെയും അക്കൗണ്ടില്‍ പൊയ്‌ക്കോളും. പക്ഷേ അത് സംഭവിച്ചാല്‍? പ്രവചിച്ചവന്റെ നല്ല സമയമവിടെ തുടങ്ങുന്നു. അന്ധവിശ്വാസം കൂടുതല്‍ വളരാന്‍ തുടങ്ങുന്നു. ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തിന്‍ സ്ത്രീസ്പര്‍ശം ഉണ്ടായെന്ന് തന്റെ പ്രവചനം സത്യമാണെന്ന് വരുത്താന്‍ കര്‍ണ്ണാടകത്തിലെ പിന്നീട് മന്ത്രിയായ നടിയെക്കൊണ്ട് വ്യാജ പ്രസ്താവന നടത്തിയെന്നായിരുന്നു ഒരു പ്രവാചകനെതിരെ 2006 ല്‍ പോലീസെടുത്ത കേസ്, അത് പിന്നീട് ഹൈക്കോടതി തള്ളിയെങ്കിലും.

അത് കൊണ്ട് പ്രവചന ശാസ്ത്രങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ അവരുടെ പ്രവചനങ്ങള്‍ ഉപയോഗിക്കരുത്. അവര്‍ പ്രവചിക്കുന്നത് നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ മാത്രമാണ്. ചിലതെങ്കിലും നടക്കുകയും ചെയ്യും.

കാണിപ്പയ്യൂരിനെ രക്ഷാപ്രവര്‍ത്തകര്‍ തൂക്കിയെടുത്ത് കൊണ്ട് പോവുന്ന ഫോട്ടോഷോപ്പിലൂടെ ഉണ്ടാക്കിയ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് രസിക്കുന്നവര്‍ അയാളെ ആരാധകര്‍ മഞ്ചലില്‍ എടുത്തു കൊണ്ട് പോവുന്ന ഒറിജിനല്‍ ഫോട്ടോ ഇതിന് ബദലായി അടുത്ത കാലത്ത് തന്നെ കാണേണ്ടി വരും. കാരണം കുറെ പ്രവചന ഉറപ്പായും ഫലിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക