Image

കേരളത്തിലെ പ്രളയബാധിതര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും സഹായിക്കാന്‍ തയ്യാറാമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

Published on 24 August, 2018
കേരളത്തിലെ പ്രളയബാധിതര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും സഹായിക്കാന്‍ തയ്യാറാമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

യുഎഇ ഭരണകൂടത്തിന് പിന്നാലെ പാകിസ്താനും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രളയബാധിതര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും സഹായിക്കാന്‍ തയ്യാറാമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പ്രളയത്തില്‍ മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു. മനുഷ്യത്വപരമായ എന്ത് സഹായം ചെയ്യാനും പാകിസ്താന്‍ ഒരുക്കമാണെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

ദുരന്തത്തെ അതിജീവിക്കുന്ന മലയാളികള്‍ക്ക് പാകിസ്താന്‍ ജനങ്ങളുടെ പേരില്‍ ആശംസ അറിയിക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ നേരത്തെ ഇമ്രാന്‍ ഖാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിവാദ വിഷയങ്ങളിലും തുറന്ന ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിന് കൂടുതല്‍ സഹായം ചെയ്യാന്‍ കഴിഞ്ഞദിവസം യുഎഇ പൗരന്‍മാരോട് ആവശ്യപ്പെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവം ദുരിതപൂര്‍ണമായ പ്രളയക്കെടുതിയാണ് കേരളം നേരിടുന്നത്. 200ലധികം പേര്‍ മരിച്ചു. ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം പൗരന്‍മാരോട് ആവശ്യപ്പെട്ടു.

മാലദ്വീപ്, ഖത്തര്‍, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ കേരളത്തിന് സാമ്ബത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ വിദേശ സര്‍ക്കാരുകളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് നയപരമായ തടസമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. വിദേശ വ്യക്തികളില്‍ നിന്ന് സഹായധനം സ്വീകരിക്കുന്നതിന് തടസമില്ല. യുഎഇ കേരളത്തിന് 700 കോടി രൂപ സഹായമായി നല്‍കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക