Image

പത്രിക സമര്‍പ്പിക്കും മുമ്പ് അമ്മയെ കണ്ട് ആശിര്‍വാദം വാങ്ങി സ്റ്റാലിന്‍

Published on 26 August, 2018
പത്രിക സമര്‍പ്പിക്കും മുമ്പ് അമ്മയെ കണ്ട് ആശിര്‍വാദം വാങ്ങി സ്റ്റാലിന്‍

കരുണാനിധിക്ക് ശേഷം ഡിഎംകെയെ ആര് നയിക്കുമെന്ന തര്‍ക്കത്തിന് വിരാമമാകുന്നു. വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ തന്നെയാകും പ്രസിഡന്റാകുക എന്നാണ് സൂചനകള്‍. പാര്‍ട്ടി പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടത്തും. സ്റ്റാലിന്‍ പത്രിക സമര്‍പ്പിച്ചു.

സ്റ്റാലിന്‍ പണിയെടുക്കാത്ത നേതാവാണെന്ന് മൂത്ത സഹോദരന്‍ എംകെ അഴഗിരി കുറ്റപ്പെടുത്തിയിരുന്നു. അഴഗിരിക്കും പാര്‍ട്ടിയിലെ പ്രധാന പദവികളില്‍ നോട്ടമുണ്ട്. ഈ സാഹചര്യത്തില്‍ അട്ടിമറി നടക്കുമോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. 

ഡിഎംകെ തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കുക എന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. യാതൊരു തടസങ്ങളും നേരിട്ടിട്ടില്ലെങ്കില്‍ സ്റ്റാലിനെ പാര്‍ട്ടി പ്രസിഡന്റായി പ്രഖ്യാപിക്കും. ഞയാറാഴ്ച സ്റ്റാലിന്‍ പത്രിക സമര്‍പ്പിച്ചു.

പത്രിക സമര്‍പ്പിക്കും മുമ്പ് സ്റ്റാലിന്‍ അമ്മയെ കണ്ട ആശിര്‍വാദം വാങ്ങി. മുതിര്‍ന്ന പാര്‍ട്ടി നേതാവ് അന്‍പഴകനെയും സന്ദര്‍ശിച്ചു. കരുണാനിധിയുടെ സമാധി സ്ഥലത്ത് അല്‍പ്പ നേരം പ്രാര്‍ഥിച്ച ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ സ്റ്റാലിന്‍ പുറപ്പെട്ടത്. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കും.അഴഗിരിയുടെ സാന്നിധ്യം മാത്രമാണ് സ്റ്റാലിന് ആശങ്കയ്ക്ക് വക നല്‍കുന്നത്. മറ്റു പ്രമുഖ നേതാക്കളാരും പ്രത്യക്ഷത്തില്‍ സ്റ്റാലിനെതിരെ രംഗത്തുവന്നിട്ടില്ല. എന്നാല്‍ സ്റ്റാലിന്‍ പണിയെടുക്കാത്ത നേതാവാണെന്നാണ് അഴഗിരി അഭിപ്രായപ്പെട്ടത്. ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ഡിഎംകെ പരാജയപ്പെടാന്‍ കാരണം നേതൃത്വമാണെന്നും സ്റ്റാലിനെ ഉദ്ദേശിച്ച് അഴഗിരി കുറ്റപ്പെടുത്തിയിരുന്നു.അഴഗിരി പാര്‍ട്ടിക്ക് പുറത്താണിപ്പോള്‍. അച്ചടക്ക ലംഘനം നടത്തിയ കുറ്റത്തിനാണ് അദ്ദേഹത്തെ നാല് വര്‍ഷം മുമ്പ് പുറത്താക്കിയത്. പിന്നീട് തിരിച്ചുവരാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ വീണ്ടും അഴഗിരി തിരിച്ചെത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. സ്റ്റാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്താലും അഴഗിരി സമ്മര്‍ദ്ദ ശക്തിയായി നിലകൊള്ളുമെന്നാണ് സൂചനകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക