Image

പാടാത്ത പൈങ്കിളിയും പാടിയല്ലോ! (വിചാരവേദി നിരൂപണ പരമ്പര- ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 27 August, 2018
പാടാത്ത പൈങ്കിളിയും പാടിയല്ലോ! (വിചാരവേദി നിരൂപണ പരമ്പര- ഡോ.നന്ദകുമാര്‍ ചാണയില്‍)
ശ്രീമാന്‍ മുട്ടത്തുവര്‍ക്കി അവഗണിക്കപ്പെട്ട എഴുത്തുകാരനോ? ഈ ചോദ്യം അല്പം അര്‍ത്ഥശങ്കയ്ക്ക് ഇടം നല്‍കുന്നു. ഏതര്‍ത്ഥത്തിലാണ് അവഗണിക്കപ്പെട്ടത് എന്ന വിശദീകരണം അത്രതന്നെ പര്യാപ്തമായി തോന്നിയില്ല. മലയാളത്തിന്റെ പ്രിയപ്പെട്ട ജനകീയ സാഹിത്യകാരനെന്നും മലയാളിയുടെ വായനാശീലം വളര്‍ത്തിയ എഴുത്തുകാരനെന്നും വ്യവഹരിക്കപ്പെടുമ്പോള്‍ത്തന്നെ കാലം ആ മഹാപ്രതിഭയെ അടയാളപ്പെടുത്തിക്കഴിഞ്ഞു. മലയാള ഭാഷയുടെ വളര്‍ച്ചയെ വിലയിരുത്തുന്ന ഒരു വിദ്യാര്‍്തഥി മുട്ടത്തുവര്‍ക്കി യുഗം എന്ന ഒരു സുവര്‍ണ്ണകാലഘട്ടം വിസ്മരിക്കുകയില്ലതന്നെ. 

ഇനി, പുരസ്‌കാരങ്ങളാണ് ഒരു അളവുകോല്‍ എങ്കില്‍ ഒരു പക്ഷെ ചിലര്‍ക്ക് അദ്ദേഹം അവഗണിക്കപ്പെട്ടു എന്ന പരാതിയുണ്ടായേക്കാം. പക്ഷേ, യഥാര്‍ത്ഥത്തില്‍ പുരസ്‌കാരങ്ങളാണോ ഒരു സാഹിത്യകാരന്റെ മൂല്യനിര്‍ണ്ണയത്തിന്റെ മുഖ്യ ആധാരം? ചിന്തനീയം തന്നെ. അര്‍ഹരായ പലരും ആദരിക്കപ്പെടാതെ പോകുന്നതും അനര്‍ഹരായവര്‍ ആദരിക്കപ്പെടുന്നതും ഈ ലോകത്ത് എക്കാലത്തും നടന്നുകൊണ്ടിരിക്കുന്ന പ്രവണതയാണ്. മൂന്നു പ്രാവശ്യം ശുപാര്‍ശ ചെയ്യപ്പെട്ടിട്ടും നോബല്‍ സമ്മാനം കിട്ടാതെപോയ ഗാന്ധിജിയും  പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ.ഇ.സി.സുദര്‍ശനും, സമാധാനത്തിനായി കാര്യമാത്രപ്രസക്തമായ സംഭാവനകളൊന്നും ചെയ്യാതെ നോബല്‍ സമ്മാനം നേടിയ ബരാക്ക് ഒബാമയും പരിതസ്ഥിതി ഭദ്രതയ്ക്ക് നോബല്‍ സമ്മാനം നേടിയ ആല്‍ഗോറും നമുക്ക് മാതൃകകളായി ഉണ്ടല്ലോ.

വിശ്വസാഹിത്യകാര•ാരെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രഗത്ഭനായ മുണ്ടശ്ശേരി മാസ്റ്റര്‍ എഴുതിയ പുസ്തകങ്ങള്‍ വായനക്കാരില്ലാത്ത വെട്ടിത്തിളങ്ങുന്ന പുറംചട്ടയോടെ മാസ്റ്ററുടെ മച്ചിന്‍ പുറത്തു വിശ്രമിക്കുമ്പോള്‍ മുട്ടത്തുവര്‍ക്കിയുടെ പുസ്തകങ്ങള്‍ മുഷിഞ്ഞ പുറംചട്ടയുമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള വായനശാലകളില്‍ സചേതനമാണ്. ഒരു പുരസ്‌കാരത്തിനും തുലനം ചെയ്യാന്‍ പറ്റാത്തത്ര അതിബൃഹത്തായ അംഗീകാരത്തിന്റെ തെളിവായി ഇനി മറ്റെന്തു വേണം? പോരാത്തതിന്, വര്‍ക്കിസാറിന്റെ കാലത്ത് ഇന്നത്തെയത്ര പുരസ്‌കാര ധാരാളിത്തങ്ങളും ഇല്ലാതിരുന്നല്ലോ. അതിനാല്‍ അവഗണിക്കപ്പെട്ട സാഹിത്യകാരന്‍ എന്ന ആദ്യഭാഗത്തെക്കുറിച്ച് എനിക്ക് കൂടുതല്‍ പറയാനില്ല. അതിനാല്‍ രണ്ടാം ദിവസത്തേക്കു കടക്കട്ടെ.

ശ്രീമതി. അന്ന മുട്ടത്തിന്റെ 'ജീവന്റെ ഈണങ്ങള്‍' എന്ന ഓര്‍മ്മക്കുറിപ്പുകള്‍ വളരെ ഹൃദയസ്പര്‍ശിയായ ഒരു കൃതിയായി അനുഭവപ്പെട്ടു. രണ്ടു പ്രസക്ത കാരണങ്ങള്‍ ഈ കൃതിയെ വേറിട്ടു നിര്‍ത്തുന്നു. ഒന്നാമതായി, മലയാള സാഹിത്യചരിത്രത്തില്‍ ജനകീയ വായനയുടെ യുഗം തുറന്ന സാധാരണക്കാരുടെ സാഹിത്യക്കാരനായ മുട്ടത്തു വര്‍ക്കി ജീവചരിത്രം എഴുതാന്‍ വിമുഖനായിരുന്നതുകൊണ്ട് അദ്ദേഹം കാലയവനികയില്‍ മറഞ്ഞപ്പോള്‍, അവിസ്മരണീയങ്ങളായ തന്റെ കൃതികള്‍ മാത്രമാണ് പിന്‍തലമുറയ്ക്ക് സ്മരണികയായി നല്‍കിയിട്ടുള്ളത്. ആ കുറവു നികത്താന്‍ അദ്ദേഹത്തിന്റെ പുത്രപത്‌നി തന്നാലാവുന്നത് പരിശ്രമിച്ചു എന്നുള്ളതാണ് അത്. രണ്ടാമതായി, ഗ്രന്ഥകര്‍ത്രിയുടെ തന്നെ പ്രസ്താവനയനുസരിച്ച് സാഹിത്യപാരമ്പര്യമോ ഭാഷാ പാണ്ഡിത്യമോ ഇല്ലാത്ത ഒരാള്‍ തന്റെ പ്രിയതമന്റെ അഭിലാഷ നിര്‍വ്വഹണത്തിനായി കിണഞ്ഞു പരിശ്രമിച്ചതിലുള്ള ഫലപ്രാപ്തിയാണ്. ഏതാണ്ട് പത്തൊമ്പതാമത്തെ വയസ്സു മുതല്‍ പ്രവാസ ജീവിതം ഏറ്റെടുക്കേണ്ടി വന്ന അന്നയ്ക്ക് മലയാളഭാഷയുമായി ഇടപഴകാനുള്ള അവസരം വളരെ വിരളമായിരിക്കെ, തന്റെ പരിമിതികളെ കാറ്റില്‍ പറത്തി മലയാളത്തിന്റെ മഹാനായ ഒരു സാഹിത്യകാരന് ഒരു സ്മരണിക തയ്യാറാക്കാന്‍ സാധിച്ചു എന്നുള്ളതില്‍ ശ്രീമതി അന്നമുട്ടത്ത് വളരെയധികം പ്രശംസനാര്‍ഹയാണ്. ഏകാഗ്രതയോടെ തുനിഞ്ഞിറങ്ങിയാല്‍ അസാധ്യമെന്നും നിനയ്ക്കുന്നതും സാധിതമാവുമെന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ സൃഷ്ടി. 'വേണമെങ്കില്‍ ചക്കവേരിലും കായ്ക്കും' എന്നല്ലോ പഴമൊഴി.

അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റ കുത്തൊഴുക്കിനു മുമ്പു തന്നെ, അന്ന ന്യൂയോര്‍ക്കിലെ ഓറഞ്ച് ബര്‍ഗില്‍ എത്തിയതും, തുടര്‍ന്നുള്ള സ്വകീയ വീക്ഷണങ്ങളും ഓര്‍മ്മക്കുറിപ്പുകളില്‍ കഷായത്തില്‍ മേമ്പൊടി ചേര്‍ക്കും വിധം കലര്‍ത്തിയിട്ടുള്ളത് വായനക്കാരനെ രസിപ്പിക്കാന്‍ പര്യാപ്തമാകുമാറ് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് അഞ്ചര ദശാബ്ദത്തോളം പ്രവാസിയായിട്ടുള്ള എന്നെപ്പോലുള്ളവര്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന പല കാര്യങ്ങളും ഈ പുസ്തകവായനക്കിടയില്‍ ഓര്‍ക്കാനവസരമുണ്ടാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, കല്ലുകൊത്ത്, കാളവണ്ടി, ഓലപ്പന്ത്, സാറ്റുകളി, പന്തുകളി, കുറ്റിയും കോലും എന്നീ അക്കാലത്തെ വിനോദങ്ങള്‍  പഴയ ഓര്‍മ്മയുടെ വാതായനങ്ങള്‍ അന്ന തുറന്നിടുന്നു. അതേ പോലെ തന്നെയാണ് ഓണം, വിഷു, ക്രിസ്തുമസ്സ് എന്നീ ആഘോഷങ്ങളെക്കുറിച്ചുള്ള ഹ്രസ്വ വിവരണങ്ങളും. മുട്ടത്തുവര്‍ക്കിയെന്ന എഴുത്തുകാരന്‍ നാളും നാഴികയും പക്കവുമൊക്കെ പ്രധാനപ്പെട്ടതായി കരുതി എന്നും നാം ഈ കുറിപ്പുകളിലൂടെ മനസ്സിലാക്കുന്നു. ഒരു സാധാരണ കര്‍ഷക കുടുംബത്തിന്റെ കൂടുതല്‍ സന്തതികളുള്ള വീട്ടില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തന്ത്രപ്പാടുകളും, മണ്ണെണ്ണ വിളക്കുകളും വിറകടുപ്പുകളും കാളവണ്ടിയുഗവും എല്ലാമെല്ലാം ത•യത്വത്തോടെ വര്‍ണ്ണിക്കകൊണ്ട് വായനക്കാരെയും ആ ഗ്രാമീണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഒരദ്ധ്യായത്തില്‍ മീറ്റര്‍ഗേജിലൂടെ ഓടുന്ന കല്‍ക്കരി വണ്ടിയേയും വണ്ടിയിറങ്ങിക്കഴിയുമ്പോള്‍ കല്‍ക്കരിപ്പൊടി വീണ് ദേഹവും വസ്ത്രവും കറുത്ത് ചെളിയില്‍ കുളിച്ചുവരുന്ന പോലുള്ള കാഴ്ചയും മറ്റും നന്നായി കുറിച്ചിട്ടുണ്ട്. ആതുര സേവനത്തെക്കുറിച്ചുള്ള അന്നത്തെ കേരള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് അന്ന പ്രതിപാദിച്ചിട്ടുണ്ട്. നഴ്‌സിങ്ങ് എന്തോ മോശപ്പെട്ടതോ, സദാചാരവിരുദ്ധമോ ആയ ഒരു പ്രൊഫഷനായി ഗണിക്കപ്പെട്ടിരുന്നു. കുടുംബത്തില്‍ പിറന്നവര്‍ക്ക് പറ്റിയ പണിയല്ലത്രേ. ഒപ്പം ഇന്നത്തെ സദാചാര പോലീസിന്റെ പ്രാചീന മുഖമാണ് ഇത്തരം വികലധാരണകളില്‍ കാണാനാവുക' എന്ന ഒരു നിരീക്ഷണവും. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് നഴ്‌സിങ്ങ് സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കേരളം വിട്ട് അപരിചിത ദേശത്ത് കഴിച്ചുകൂട്ടുമ്പോഴുള്ള അനുഭവങ്ങള്‍ ചെറുതായി വിവരിക്കുന്നുണ്ട്. ഏറെ ആകുലതകളോടെയാണ് ഇവര്‍ വിവാഹിതയായത്. കാരണം ജീവിതോധനത്തിന്റെ ബദ്ധപ്പാടില്‍ പെട്ടിരുന്ന ഒരു വീട്ടില്‍നിന്ന് വമ്പന്‍ കുടുംബത്തിലേക്കുള്ള കൂടുമാറ്റം വല്ലാതെ ഭയപ്പെടുത്തിയിരുന്നുവത്രെ. എന്നാല്‍ മുട്ടത്തു കണ്ടത് ഈ ഭയത്തെയെല്ലാം കാറ്റില്‍ പറത്തിയ സുതാര്യത ആയിരുന്നു എന്നും സ്വന്തം വീട്ടില്‍നിന്് സ്വന്തം വീട്ടിലേക്കുതന്നെ എത്തിയപോലെ.... അവിടെ ഏവര്‍ക്കുമിടയില്‍ നിറഞ്ഞു നിന്ന സൗഹൃദം അന്നയെ അമ്പരിപ്പിച്ചിരുന്നു എന്നൊക്കെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 
ഒരവധിക്കാലത്ത് അപ്പച്ചനും അമ്മച്ചിക്കുമൊപ്പം അവരുടെ നാടായ കല്ലൂര്‍ക്കാട്ടേക്കുള്ള യാത്രാവിവരണം കൊള്ളാം. അതിങ്ങനെ പോകുന്നു 'മുട്ടത്തുവര്‍ക്കി വന്നിട്ടുണ്ടെന്നറിഞ്ഞതും നാട്ടുകാര്‍ പാഞ്ഞെത്തിയതും ഒരുമിച്ചായിരുന്നു. സിനിമാനടന്‍ വന്ന പ്രതീതി. വീടിനുചുറ്റും വന്‍ ജനക്കൂട്ടം. അപ്പച്ചനിതില്‍പരം എന്തു വേണം. അവരുടെ കാര്യങ്ങളന്വേഷിച്ചും കുശലം പറഞ്ഞും വര്‍ക്കി സാര്‍ സമയമത്രയും രസകരമാക്കി. എന്റെ വീട്ടിലുള്ളവര്‍ക്കും സംഗതി 'ക്ഷ'  പിടിച്ചു. അപ്പച്ചനും അമ്മച്ചിയുമൊത്ത് ഒരു സ്റ്റുഡിയോവില്‍ ഫോട്ടോ എടുക്കാന്‍ പോയതും കറന്റ് പോയതിനാല്‍ ഏറെ കാത്തിരുന്നിട്ടും ഫോട്ടോ എടുക്കാന്‍ പറ്റാതെ പോയതും പിന്നീട് അവയെക്കുറിച്ചുള്ള മനോവ്യഥയും നന്നായി വിവരിച്ചിട്ടുണ്ട്. കൂട്ടത്തില്‍, വരാനിരിക്കുന്നതെന്തെന്നറിയാതെയാണല്ലൊ മനുഷ്യരുടെ വാക്കുകളും പ്രവൃത്തികളും ഉല്‍ഭവിക്കുക. വരും വരായ്കകളുടെ സന്നിഗ്ധതകളിലാണ് ജീവിതം സ്പന്ദിക്കുന്നത്. കഥയെക്കാള്‍ വലുതാണല്ലൊ ജീവിതം എന്നീ ദാര്‍ശനിക നിഗമനങ്ങളിലേക്കും അന്ന ഊളിയിടുന്നുണ്ട്.

 ഒര ദിവസം രാത്രി ഭക്ഷിച്ചതെന്തോ വയറ്റില്‍ പിടിക്കാതെ ഉണ്ടായ പുകിലും തുടര്‍ന്ന് എല്ലാവരും ഭയതചകിതരായി നിന്നപ്പോള്‍ കഥാകാരന്‍ മാത്രം ഒരു ചെറു പുഞ്ചിരോയോടെ നര്‍മ്മം നിറഞ്ഞ, 'അങ്ങനെ അന്നക്കുട്ടിക്ക് ഒരു വലിയ സാഹിത്യകാരനെ ശുശ്രൂഷിക്കാന്‍ സാധിച്ചു' എന്നൊക്കെയുള്ള പരാമര്‍ശം സരസമായിട്ടുണ്ട്. അതുപോലെ തന്നെ നിറഞ്ഞുതുളുമ്പിനില്‍ക്കുന്ന കോളാമ്പി ചാരവും  ചകിരിയുമുപയോഗിച്ച് വൃത്തിയാക്കിയ അമേരിക്കക്കാരി അന്നമ്മയെ മുഷിഞ്ഞ വേഷവിധാനത്തില്‍ സാഹിത്യകാരന്റെ സന്ദര്‍ശകര്‍ ഒരു വേലക്കാരിയാണോ എന്ന് തെറ്റിദ്ധരിച്ചെന്നുള്ള അമളിയില്‍ നില്‍ക്കുമ്പോള്‍ കാര്യം പിടികിട്ടിയ സാഹിത്യകാരന്‍ ഇതെന്റെ മകളാണെന്നും അമേരിക്കക്കാരിയാണെന്നും പറഞ്ഞു രക്ഷിച്ച കഥയും തുടര്‍ന്ന്, 'ഇനിയീ സ്വര്‍ണ്ണത്തളികയില്‍ തുപ്പാമോ' എന്ന ഫലിതസംവാദവും എല്ലാം രസകരമായിട്ടുണ്ട്. മറ്റൊരിക്കല്‍, 'അന്നക്കുട്ടി, ഇവിടുത്തെ മരങ്ങള്‍ ഓടുന്നവയാണ്. ഇനി നിന്റെ നാത്തൂന്റെ വീട്ടില്‍ കിടങ്ങറയില്‍ ചെല്ലുമ്പോള്‍ വെള്ളം തലയ്ക്കു മുകളില്‍ നില്‍ക്കുന്നതുകാണാം' എന്നിങ്ങനെയുള്ള വര്‍ക്കിസാറിന്റെ  ലളിത പദങ്ങളില്‍ ആന്തരാര്‍ത്ഥം അടക്കം ചെയ്തുള്ള വര്‍ത്തമാനങ്ങളും ഇമ്പം പകരുന്നതാണ്. ഇരുപത്താറു വര്‍ഷം 'ദീപിക' ദിനപത്രത്തിന്റെ പത്രാധിപസമിതിയില്‍ ജോലി ചെയ്ത വര്‍ക്കിസാര്‍ ജേര്‍ണലിസത്തില്‍ ഔപചാരിക ബിരുദമോ പഠനമോ ഒന്നും ഇല്ലാതെയും മികച്ചൊരു പത്രപ്രവര്‍ത്തകനായിരുന്നല്ലോ. അങ്ങിനെ പ്രശസ്തനായൊരു പത്രപ്രവര്‍ത്തകന്റെ കത്തുകുത്തുകളില്‍ സ്വതസിദ്ധമായും വാര്‍ത്താശൈലി ഉണ്ടാകുക സ്വാഭാവികമാണല്ലൊ, ചില എഴുത്തുകള്‍ ഉപോല്‍ബലകമായി ഗ്രന്ഥകാരി തന്റെ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. പലതും വ്യക്തമല്ല.

വര്‍ക്കിസാര്‍ പാടാത്തപൈങ്കിളിക്ക് പ്രസിഡന്റ് സമ്മാനിച്ച മെഡല്‍ മകനും മരുമകള്‍ക്കുമായി സമ്മാനിച്ചുകൊണ്ട് പറഞ്ഞു, ഇതെനിക്കേറ്റവും വിലപ്പെട്ടതും പ്രിയപ്പെട്ടതുമാണ്. ഇത് ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ഇനി മുതല്‍ ഇതിന്റെ അവകാശികള്‍ നിങ്ങളാണ്.' ഈ ലോകത്തോട് വിട പറയും മുമ്പേ വില പിടിച്ചത് അന്തരാവകാശികള്‍ക്ക് കൈമാറി.

ഗ്രന്ഥകര്‍ത്രിയെ ഉദ്ധരിച്ചുകൊണ്ട് ഈ ആസ്വാദനം ചുരുക്കട്ടെ. 'അപ്പച്ചന്‍ തന്ന മെഡലായിരുന്നു എന്റെ പ്രിയഭര്‍ത്താവ്. എനിക്കതു നഷ്ടപ്പെട്ടു. പാടാനറിയാത്ത ഒരു കിളിയായി ഏകാന്തതയുടെ ആകാശത്തില്‍ അലയുകയായിരുന്നു ഞാന്‍. മക്കളുടേയും കൂടെപ്പിറപ്പുകളുടെയും  സ്‌നേഹവും കരുതലും ഒക്കെ ഉണ്ടെന്നത് വിസ്മരിച്ചുകെ്ാണ്ടല്ല ഇങ്ങനെ പറയുന്നത്. അതു പുറം ലോകമാണ്. ആരും കാണാത്ത അകംലോകത്തിന്റെ ഒരംശം പകര്‍ത്താനായിരുന്നു എന്റെ ശ്രമം.' അതെ, ആമുഖത്തില്‍ ഗ്രന്ഥകര്‍ത്രി സൂചിപ്പിക്കുന്നുണ്ട്, 'ഈണങ്ങള്‍ക്ക് ഇമ്പമുണ്ടാകാമെങ്കിലും അവയില്‍ ലീനമായിരിക്കുന്നഭാവം സന്തോഷം പകരുന്നതുമാത്രമായിരിക്കണമെന്നില്ല, ആയിരിക്കില്ല എന്നു നിശ്ചയം. എന്റെ ജീവനസംഗീതത്തിലെ ഈണങ്ങളുടെ ഉയര്‍ച്ചതാഴ്ചകള്‍ നിങ്ങള്‍ക്കീകൃതിയില്‍ നിന്ന് കേള്‍ക്കാനായേക്കും.' അതേ, ശരിയാണ് ജീവിതവും സുഖദുഃഖസമ്മിശ്രമായ ഒന്നാണല്ലോ. അതുപോലെതന്നെയല്ലേ ഗാനങ്ങളിലെ ആഹഌദഗാനങ്ങളും ശോകഗാനങ്ങളും ജീവിതത്തിനും ഗാനത്തിനും ആരോഹണാവരോഹണങ്ങള്‍ അന്തര്‍ലീനമാണെന്ന് സത്യം 'പാടാത്ത പൈങ്കിളി' യുടെ ഉടമയായ വര്‍ക്കിസാറിന്റെ പുത്രപത്‌നിയും ഉചിതമായി ഈ കൃതിയിലൂടെ പാടാതെ പാടുന്നുണ്ടെന്ന് വായനക്കാരെ അറിയിക്കുന്നതില്‍ ഈ ആസ്വാദകന് അതിയായ സന്തോഷമുണ്ട്. ശ്രീമതി അന്ന മുട്ടത്തിന് അനുമോദനങ്ങളും ആശംസകളും.
ഒരു ഫഌഷ്ബാക്ക് പോലെയുള്ള കഥനാരീതി ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് ഒരു അടുക്കും ചിട്ടയും നല്‍കുന്നു. ആ മുഖത്തില്‍ ശ്രീ.ബി.ഹരി സൂചിപ്പിച്ചത് വളരെ പരമാര്‍ത്ഥമാണ്. 'ചെറിയ കരുക്കള്‍കൊണ്ട് വലിയ കാലത്തെ അളക്കാനാണ് ഈ കൃതിയിലൂടെ ശ്രീമതി അന്ന മുട്ടത്ത് ശ്രമിക്കുന്നത്; തികച്ചും ശ്ലാഘനീയമാണ് ഈ ശ്രമം.'

ഇനി അല്‍പം പാകപ്പിഴകള്‍ കണ്ടത് ചൂണ്ടിക്കാണിക്കട്ടെ. പ്രധാന സംഭവങ്ങളുടെ തീയതികള്‍ കൊടുക്കാമായിരുന്നു. കൊടുത്തിട്ടുള്ള പടങ്ങളില്‍ പലതിനും ലെജന്റ്(Legend) ഇല്ലാതെ പോയി. അതിനാല്‍ വായനക്കാരന് ആര് ആരാണെന്ന് അറിയാതെ പോകുന്നു. ചില വാചകങ്ങള്‍ അപൂര്‍ണ്ണമായി നിലകൊള്ളുന്നു. ചില പദപ്രയോഗവൈകല്യങ്ങള്‍ ശ്രദ്ധിക്കാനിടയായി. ഒപ്പം തന്നെ അക്ഷരപ്പിശകുകളും.
വര്‍ക്കിസാറിന്റെ എഴുത്തുമുറിയിലെ അലമാരക്കു മുകളിലായി ആലേഖനം ചെയ്തു വെച്ചിട്ടുള്ള, Stronger The Wind, Higher Flies the Eagle' എന്ന പ്രമാണ വാക്യത്തെ അന്വര്‍ത്ഥമാക്കുമാറ്, അദ്ദേഹത്തിന്റെ പ്രിയ മരുമകളും ഏതു കൊടുങ്കാറ്റിനേയും അവഗണിച്ച് ഉയരത്തില്‍ പറക്കുന്ന ഒരു പരുന്തായി. മാത്രമല്ല, ജീവചരിത്രം എഴുതാന്‍ മടിച്ച മണ്ണിന്റെ മനുഷ്യരുടെ കഥ പറഞ്ഞ യുഗപ്രഭാവനായ ഒരു ജനപ്രിയ സാഹിത്യത്തിന്റെ ഉടമയായ അനശ്വര പ്രതിഭക്ക് 'ജീവന്റെ ഈണങ്ങള്‍' എന്ന സ്മരണികയിലൂടെ ശ്രീമതി അന്നമുട്ടത്ത് അങ്ങിനെ അവസരത്തിനൊത്ത് 'പാടാത്ത പൈങ്കിളി' യും പാടും എന്നൊരു തിരുത്തല്‍ വായന മലയാളത്തിന് സമ്മാനിച്ചിരിക്കുന്നു. അവര്‍ക്ക് ആയുരാരോഗ്യസൗഖ്യങ്ങളും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പാടാത്ത പൈങ്കിളിയും പാടിയല്ലോ! (വിചാരവേദി നിരൂപണ പരമ്പര- ഡോ.നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക