Image

കുട്ടനാട്ടിലെ വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനുള്ള ബൃഹദ്യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം

Published on 27 August, 2018
കുട്ടനാട്ടിലെ വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനുള്ള ബൃഹദ്യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം

പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച കുട്ടനാട്ടിലെ വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനുള്ള ബൃഹദ്യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരും അല്ലാത്തവരുമായ 55000 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണയജ്ഞത്തിനാണ് തുടക്കമിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ ശുചീകരണപദ്ധതിയായിരിക്കും ഇത്.

ഓഗസ്റ്റ് 31ഓടെ ക്യാംപുകളില്‍ കഴിയുന്ന പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും പറഞ്ഞു.

ക്യാംപില്‍ കഴിയുന്ന കുട്ടികളും പ്രായമായവരും ആരോഗ്യപ്രശ്‌നമുള്ളവരും ഒഴികെയുള്ള മുഴുവന്‍ കുട്ടനാട്ടുകാരും ദൗത്യത്തിള്‍ പങ്കാളികളാകും. ചൊവ്വാഴ്ച തുടങ്ങി ഓഗസ്റ്റ് 30ന് സമാപ്പിക്കുന്ന യജ്ഞത്തില്‍ ജില്ലയിലെ അരക്ഷം പേരും പുറത്തുനിന്നുള്ള 5000 പേരുമാണ് പങ്കെടുക്കുക.

വെള്ളമിറങ്ങിത്തുടങ്ങിയതോടെ ചിലയിടങ്ങളില്‍ ആളുകള്‍ വീട്ടിലേയ്ക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പല വീടുകള്‍ വാസയോഗ്യമല്ലാത്തതോടെ പലരും വെകുന്നേരം ക്യാംപുകളിലേയ്ക്ക് മടങ്ങി.

മൂന്ന് ഘട്ടങ്ങളായി നടത്തുന്ന ശുചീകരണപദ്ധതിയില്‍ വൈദഗ്ധ്യമുള്ളവര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞാണ് പ്രവൃത്തികള്‍ ചെയ്യുന്നത്.

കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ച വോളന്റിയര്‍മാരും മറ്റു ജില്ലകളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സംഘത്തെ വിവരശേഖരണത്തിനായി നിയമിക്കും. ഓരോ വാര്‍ഡിലും മൂന്നുപേര്‍ വീതമെത്തി കുടിവെള്ളം, ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറും. 31ന് വൈകിട്ട് ഓരോ വീടുകളിലുമെത്തി പനി, വയറിളക്കം എന്നിവ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.

ഇലക്‌ട്രീഷ്യന്‍, പ്ലംബര്‍, ആശാരിപ്പണിക്കാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം ഓരോ വാര്‍ഡുകളിലും പ്രവര്‍ത്തിക്കും. വീടുകളിലെ അത്യാവശ്യ അറ്റകുറ്റപ്പണികള്‍ ഇവര്‍ നടത്തും. തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗം വീടുകളുടെ ബലക്ഷയം പരിശോധിക്കും. ഹാളുകളും ഓഡിറ്റോറിയങ്ങളും ഇവര്‍ വൃത്തിയാക്കും.

ശുചീകരണത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും പ്രതിരോധമരുന്നുകള്‍ നല്‍കും. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ചെളി ഒരു കേന്ദ്രത്തില്‍ സംഭരിക്കാനാണ് ശ്രമം. വീട് ശുചീകരിക്കാന്‍ ഹൈപ്രഷര്‍ പമ്ബുകള്‍ ഉപയോഗിക്കും. ഫിനോള്‍ ഉപയോഗിച്ചായിരിക്കും വീടുകളുടെ അകം വൃത്തിയാക്കുക. പരിസരശുചീകരണത്തിനായി 40 ടണ്‍ നീറ്റുകക്കയും സംഭരിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്ക് മുന്‍പ് മടവീഴാത്ത മുഴുവന്‍ പാടശേഖരങ്ങളിലെയും വെള്ളം പമ്ബ് ചെയ്ത് വറ്റിക്കാനും പദ്ധതിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക