Image

നെഹ്രുവിന്റെ സ്‌മരണകളുറങ്ങുന്ന തീന്‍മൂര്‍ത്തി ഭവന്‍ ഉടച്ചു വാര്‍ക്കാനുള്ള തീരുമാനത്തിനെതിരെ മന്‍മോഹന്‍ സിംഗിന്റെ വികാരനിര്‍ഭരമായ കത്ത്‌

Published on 27 August, 2018
നെഹ്രുവിന്റെ സ്‌മരണകളുറങ്ങുന്ന  തീന്‍മൂര്‍ത്തി ഭവന്‍ ഉടച്ചു വാര്‍ക്കാനുള്ള  തീരുമാനത്തിനെതിരെ മന്‍മോഹന്‍ സിംഗിന്റെ വികാരനിര്‍ഭരമായ കത്ത്‌


ആധുനിക ഇന്ത്യയുടെ ശില്‍പിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്‌മരണകളുറങ്ങുന്ന തീന്‍മൂര്‍ത്തി ഭവന്‌ രൂപമാറ്റം വരുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ അജണ്ടക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ നരേന്ദ്ര മോദിക്ക്‌ കത്തെഴുതി.

നെഹ്രൂവിയ്‌ന്‍ ലെഗസി നശിപ്പിച്ചില്ലാതാക്കുന്നതിനുള്ള നരേന്ദ്ര മോദിയുടെ അവസാനത്തെ ശ്രമമായിട്ടാണ്‌ നെഹ്രു മെമ്മോറിയല്‍ മ്യൂസിയവും ലൈബ്രറിയും ഉള്‍പ്പെടുന്ന തീന്‍മൂര്‍ത്തി കോംപ്ലക്‌സ്‌ പരിവര്‍ത്തനത്തിലൂടെ മോദി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു.
ജവഹര്‍ലാല്‍ നെഹ്രു കേവലം കോണ്‍ഗ്രസുകാരുടേത്‌ മാത്രമല്ലെന്നും മുഴുവന്‍ രാജ്യത്തിന്റേതുമാണെന്നും അതുകൊണ്ട്‌ നെഹ്രുവിന്റെ വസതിയായ തീന്‍മൂര്‍ത്തി ഭവനെ ശല്യം ചെയ്യാതെ നിലനിര്‍ത്തണമെന്നും മുന്‍ പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു.

ആറ്‌ വര്‍ഷം ഭരിച്ച വാജ്‌പേയി ഒരു കാരണവശാലും തീന്‍മൂത്തി ഭവന്റെ സ്വഭാവം മാറ്റാന്‍ തയ്യാറായിട്ടില്ലെന്നും എന്നാല്‍ ഇന്നത്തെ സര്‍ക്കാര്‍ അതിന്‌ മുതിരുകയാണെന്നും നീക്കത്തില്‍ നിന്ന്‌ പിന്‍മാറണമെന്നും മന്‍മോഹന്‍സിംഗ്‌ ആവശ്യപ്പെട്ടു. തീന്‍മൂര്‍ത്തി കോപ്ലക്‌സില്‍ എല്ലാ പ്രധാനമന്ത്രി മാരുടേയും മ്യൂസിയമുണ്ടാക്കാനാണ്‌ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇത്‌ നെഹ്രൂവിയന്‍ ലെഗസി തകര്‍ക്കാനാണെന്നാണ്‌ കോണ്‍ഗ്രസ്‌ ആരോപിക്കുന്നത്‌.

നെഹ്രുവിന്റെ വസതിയായിരുന്നു തീന്‍മൂര്‍ത്തി ഭവന്‍. 1930 ല്‍ ആണ്‌ കോംപ്ലക്‌സ്‌ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ചത്‌. ബ്രിട്ടീഷ്‌ ഇന്ത്യന്‍ ആര്‍മി ചീഫിന്‌ വേണ്ടി പണികഴിപ്പിച്ച ഇത്‌ സ്വാതന്ത്ര്യ ത്തിന്‌ ശേഷം പ്രഥമ പ്രധാനമന്ത്രിയുടെ വസതിയായിരുന്നു. 1964 ല്‍ അദ്ദേഹം മരിക്കുന്നത്‌ വരെ. പിന്നീടാണ്‌ ഇത്‌ സ്‌മാരകമാക്കി മാറ്റിയത്‌.

സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ്‌ ലൈബ്രറി, സെന്റര്‍ ഫോര്‍ കണ്ടംപ്രറി സ്റ്റഡീസ്‌, നെഹ്രു പ്ലാനറ്റോറിയം എന്നിങ്ങിനെ വിവിധ സ്ഥാപനങ്ങള്‍ തീന്‍മൂര്‍ത്തി ഭവന്റെ ഭാഗമാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക