Image

കേന്ദ്രം അവണിച്ചാലും കേരളത്തെ തോല്പ്പിക്കാനാവില്ല, മക്കളെ (ഫ്രാന്‍സിസ് തടത്തില്‍)

Published on 27 August, 2018
കേന്ദ്രം അവണിച്ചാലും കേരളത്തെ തോല്പ്പിക്കാനാവില്ല, മക്കളെ (ഫ്രാന്‍സിസ് തടത്തില്‍)

കേന്ദ്രത്തില്‍ നിന്നു എന്നും അവഗണന കള്‍ മാത്രം നേരിടേണ്ടി വരുന്ന സംസ്ഥാനമായി മാറുകയാണ് കേരളം. പക്ഷെ തളരാന്‍ നമുക്കു മനസില്ല എന്നാണു കഴിഞ്ഞ ദിവസങ്ങള്‍ നമ്മെക്കൊണ്ടു പറയിപ്പിച്ചത്. ക്രൈസിസ് മാനേജ്‌മെന്റില്‍ മാത്രമല്ല സമസ്ത മേഖലകളിലെയും മികവ് നമ്മള്‍ ഒരാഴ്ചകൊണ്ട് ഏവരെയും കാണിച്ചു കഴിഞ്ഞു. എവിടെയും തോല്‍ക്കില്ലെന്ന മലയാളിയുടെ മനസ്സ്, അതാണ് നമ്മുടെ വിജയ രഹസ്യം.തളര്‍ന്നു പോകുമായിരുന്ന കേരളത്തെ ഞെരുക്കാന്‍ ശ്രമിച്ചിട്ടും നിസാര ദിവസങ്ങള്‍കൊണ്ട് കേരള ജനത അതിജീവിച്ചത് കണ്ടു പകച്ചുപോയിരിക്കുകാണ് കേന്ദ്രസര്‍ക്കാര്‍.

ദൈവത്തിന്റ സ്വന്തം നാട് എന്ന് മുദ്ര ചാര്‍ത്തപ്പെട്ട കേരളം ഈ വലിയ ദുരന്തത്തില്‍ നിന്ന് കരകയറിയ രീതി ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. അതിജീവനത്തിനായി കേരള ജനത ഒറ്റക്കെട്ടായി നടത്തിയ കൈയ്യും മെയ്യും മറന്ന് നടത്തിയ പ്രവര്‍ത്തങ്ങള്‍ കണ്ടു ലോകം മുഴുവനുമുള്ള ജനങ്ങള്‍ മുക്തകണ്ഠം പ്രശംസകള്‍ കൊണ്ട് മൂടുകയുംനിരവധി രാജ്യങ്ങള്‍സഹായ ഹസ്തങ്ങള്‍ നീട്ടുകയും ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പോലും അമ്പരന്നിരിക്കണം. കേരളത്തിലെ ദുരന്ത ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ കണ്ട വിദേശ രാജ്യങ്ങള്‍ മറ്റൊന്നുമാലോചിക്കാതെ സഹായഹസ്തങ്ങള്‍ നീട്ടിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് , കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയ നിരവധിപ്പേര്‍ കേരളത്തില്‍ നേരിട്ട് വന്നു പല വിലയിരുത്തലുകള്‍ നടത്തിയിട്ടും അടിയന്തിരാവശ്യങ്ങള്‍ക്കായി വകയിരുത്തിയത് വെറും 600 കോടി രൂപ.ആദ്യം സന്ദര്‍ശനം നടത്തിയ ആഭ്യന്തര മന്ത്രി അനുവദിച്ച തുക വെറും 100 കോടി രൂപ.ഒരു ഗ്രാമം പുനര്‍ നിര്‍മ്മിക്കണമെങ്കില്‍ തന്നെ അതില്‍ കൂടുതല്‍വേണ്ടി വരും.

കേരളത്തിലെ ജനങ്ങളെന്താ നികുതി കൊടുക്കുന്നവരല്ലേ? ഇതുപോലൊരു ദുരന്തം യു.പി യിലോ ഗുജറാത്തിലോ ആയിരുന്നുവെങ്കില്‍ ആകാശ യാത്രികന്‍ കാഴ്ച്ച കണ്ടു ഇന്ദ്രപ്രസ്ഥയിലെത്തും മുന്‍പ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമായിരുന്നു. കേരളത്തിന് കിട്ടിയ ആദ്യ ഗഡു കേട്ടാല്‍ ഞെട്ടിപ്പോകും. രണ്ടു തവണയായി600കോടി രൂപ! അതില്‍ തന്നെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരിയ അവസ്ഥ. അടിയന്തിരമായി അരി നല്‍കിയ വകയില്‍ അതില്‍ നിന്ന് 200 കോടി രൂപ അങ്ങോട്ട് നല്‍കണമത്രേ. ആന്ധ്രാ പ്രദേശ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ കേരളത്തിനു സൗജന്യമായി അരി നല്‍കിയപ്പോഴാണ് ക്ഷാമകാലത്തു അരി നല്കാന്‍ ഉത്തരവാദിത്വമുള്ള കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കാശില്‍ നിന്ന് കയ്യിട്ടുവാരിയത്.

ബി.ജെ.പി ക്കാരല്ലാത്ത 'ബീഫ് തീറ്റക്കാരായ' മലയാളികള്‍ മുഴുവനും തുലയട്ടെഎന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. രാജ്യത്തെവിടെയെങ്കിലും മഹാദുരന്തമുണ്ടായാല്‍ പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തുന്നത് കീഴ്വഴക്കമാണ്. നിലം തൊടാതെ ആകാശ യാത്ര നടത്തി മടങ്ങിപ്പോയ മോഡി പോക്കറ്റ് മണിയായി ഒരു 500 കോടി കൂടി പ്രഖ്യാപിച്ചു.ആകാശത്തുനിന്നും കേരളമെന്ന സംസ്ഥാനത്തെ കാണാനേ കഴിഞ്ഞില്ലത്രെ.അറബിക്കടലിനു തീരത്തുള്ള കേരളം മുഴുവന്‍ പ്രളയ ജലത്താല്‍ മുങ്ങിപോയതിനാല്‍ താന്‍കണ്ടത് അറബിക്കടലാണെന്നു മോഡി തെറ്റിദ്ധരിച്ചിരിക്കാം. അതുമല്ലെങ്കില്‍ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമായിരിക്കും ഇന്ത്യയുടെ ഭാഗമായി കണക്കാക്കുന്നത്.

അറിയുക 650കോടിയിലേറെ തുകയാണ് ഞങ്ങള്‍, ലോകം മുഴുവനുമുള്ള മലയാളികള്‍ ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് അയച്ചു കഴിഞ്ഞത്. ഇതിലേറെ തുക ഇനിയും എത്തും, ഞങ്ങള്‍ കൊടുത്തിരിക്കും. കാരണം ഞങ്ങള്‍ക്ക് പഴയ കേരളത്തെ പുനര്‍ നിര്‍മ്മിക്കണം. ഞങ്ങള്‍ മലയാളികള്‍ക്കിത് അതിജീവനത്തിന്റെ പ്രശ്നമാണ്.എത്ര രാഷ്ട്രീയം കളിച്ചാലും ഞങ്ങള്‍ പൂര്‍വ പ്രതാപത്തില്‍ തന്നെ തിരിച്ചു വരും. ദൈവത്തിന്റെ സ്വന്തം നാടായിത്തന്നെ. ദൈവം ഞങ്ങളോട് കൂടെയാണ്.വൃത്തികെട്ട രാഷ്ട്രീയ കളികളില്‍ പലപ്പോഴും ഞങ്ങള്‍ വീണുപോയിട്ടുണ്ടെങ്കിലും ഒരു മഹാ പ്രളയ ദുരന്തം വന്നപ്പോള്‍ ഒറ്റക്കെട്ടായി ഞങ്ങള്‍ അതിനെ നേരിട്ട് അതിജീവിച്ച കാര്യം താങ്കള്‍ കണ്ടതാണല്ലോ. അതുകൊണ്ടു വൃത്തികെട്ട രാഷ്ട്രീയ കളിയിലൂടെ കേരളത്തിലെ മണ്ണില്‍ ഭിന്നതയുണ്ടാക്കി അക്കൗണ്ട് തുറക്കാമെന്നു വിചാരിക്കുന്നുവെങ്കില്‍ ആ വെള്ളം വാങ്ങി വെച്ചോളൂ.

ുലിയൊട്ടു പുല്ലു തിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല എന്നുപറഞ്ഞപോലെയാണ് വിദേശ സഹായത്തിന്റെ കാര്യത്തില്‍. വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ വേണ്ടന്നു പറഞ്ഞു ലഭിക്കാമായിരുന്ന തുകകളും ഇല്ലാതാക്കി. തീര്‍ന്നില്ല, യു എന്‍ - ലോക ബാങ്ക്, ജപ്പാന്‍ ബാങ്ക് ഉള്‍പ്പെടയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ വാഗ്ദാനം ചെയ്ത സഹായവും കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇരക്കേണ്ട ഗതികേടൊന്നുമില്ലെന്നായിരിക്കും ചിന്തിക്കുന്നത്. അതോ വികസനത്തില്‍ വികസിത രാജ്യങ്ങളെപ്പോലും മറികടന്ന കേരളത്തിനെ ഒരു പാഠം പഠിപ്പിക്കാനാണോ?

കേരളമോ ഇന്ത്യയോ ആവശ്യപ്പെടാതെ തന്നെയണു കേരളത്തിന്റെ റോഡ് പുനര്‍നിര്‍മ്മാണത്തിനു യു എന്‍ സഹായ വാഗ്ദാനം ചെയ്തത്. മാത്രമല്ല ശശി തരൂര്‍ തന്റെ യു എന്‍ ബന്ധം പരമാവധി പ്രയോജനപ്പെടുത്താന്‍ ജനീവയിലെത്തി. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു കേരളത്തിന് യു. എന്‍ സഹായം വേണ്ടേ വേണ്ടെന്ന്. ലോക ബാങ്കും ജപ്പാന്‍ ബാങ്കും നല്‍കാമെന്നു പറഞ്ഞ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ പിന്‍കാലുകൊണ്ടു ചവിട്ടിക്കളഞ്ഞു. എന്തിനേറെ യു എ ഇ, ഖത്തര്‍, തുടങ്ങിയ വിദേശ രാഷ്ട്രങ്ങള്‍ തരാമെന്ന് പറഞ്ഞ സഹായവും നിരാകരിച്ചുവെന്നാണ് കേട്ടത്.

മലയാളിയായ വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലി നടത്തിയ സ്വാധീനത്തെ തുടര്‍ന്നാണ് 700 കോടി രൂപയുടെ സഹായം നല്‍കാന്‍ യു എ ഇ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇനിയും പല വിദേശ രാജ്യങ്ങളും സഹായം തരാന്‍മുന്നോട്ടു വന്നിട്ടുണ്ട്. കിട്ടുന്നതെല്ലാം മുടക്കുക എന്ന നയത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒന്നുകില്‍ ആവശ്യത്തിനുള്ള തുക അനുവദിക്കണം അല്ലെങ്കില്‍ വിദേശ സഹായം മുടക്കാന്‍ ശ്രമിക്കരുത്.

2016ല്‍ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോഴാണ് ഇന്ത്യ വിദേശ സഹായങ്ങള്‍ നിരാകരിച്ചുകൊണ്ടുള്ള നയപരമായ തീരുമാനമെടുത്തത്.ഈ തീരുമാനത്തില്‍ മറ്റൊരുകാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ചോദിക്കാതെ തന്നെ മറ്റു വിദേശ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്താല്‍ കേന്ദത്തിന്റെ അനുമതിയോടെ അത് കൈപ്പറ്റാം.-എന്നാല്‍ കേരളത്തിന്റെ കാര്യം വന്നപ്പോള്‍ ഇക്കാര്യം വിഴുങ്ങി.

2001 ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി ലോകം മുഴുവനുമുള്ള രാജ്യങ്ങളില്‍ നിന്ന് സഹായം വാങ്ങി. യു എന്‍, ലോക ബാങ്ക് , ഏഷ്യന്‍ ഡെവലെപ്മെന്റ് ബാങ്ക് തുടങ്ങിയവയില്‍ നിന്നുള്ള സഹായം വേറെ. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുവരെ വാങ്ങിയ സഹായങ്ങളുടെ പിന്‍ബലത്തിലാണ് അന്ന് പൂര്‍ണമായും നശിച്ചുപോയപ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിച്ചത്.

ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളം മുഴുവന്‍ തകര്‍ന്നു തരിപ്പണമായപ്പോള്‍ ഇതൊക്കെ മറന്നു. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളും സംഘടനകളും അന്താരാഷ്ട്ര തലത്തിലുള്ള കാത്തലിക് റിലീഫ് ഫണ്ട് (സി.,ആര്‍.എഫ്) മുഖാന്തിരം സ്വരൂപിച്ച തുകകൊണ്ട് നിരവധി ഗ്രാമങ്ങളെ പുനര്‍ നിര്‍മ്മിക്കുകയും ദത്തെടുക്കുകയും ചെയ്ത കാര്യം പോലുംമറന്നു പോയി.

കേന്ദ്ര അവഗണന എക്കാലവും കേരളത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ മാത്രമല്ല കോണ്‍ഗ്രസ് സര്‍ക്കാരും ഒട്ടും മോശമായിരുന്നില്ല. ഇതിനു മുന്‍പുംപ്രകൃതി ദുരന്തമുണ്ടായപ്പോഴൊക്കെ ഈ ചിറ്റമ്മ നയം നാം പലവട്ടം കണ്ടിട്ടുള്ളതാണ്. പ്രകൃതി ദുരന്തം കേരളത്തിന്റേതാകുമ്പോള്‍ മാത്രമാണ് ഈ ചിറ്റമ്മനയം. തൊട്ടയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലോകര്‍ണാടകയിലോ ആന്ധ്രയിലോ മറ്റൊ ആണെങ്കില്‍ അവര്‍ ആവശ്യപെടുന്നതിലേറെയായിരിക്കും വോട്ടര്‍മാരെ പ്രീണിപ്പിക്കാന്‍ വാരിക്കോരി നല്‍കുക. കരുണാനിധിയെപോലുള്ള വിലപേശാന്‍ അറിയുന്ന നേതാക്കള്‍ ഇല്ലാതെ പോയതാണ് കേരളത്തിന്റെ മറ്റൊരു ശാപം.

കേരളത്തിന് എല്ലാ വിധ കേന്ദ്ര വിഹിതത്തിലും അവഗണന നേരിടേണ്ടി വന്നിട്ടിട്ടുണ്ട്. റേഷന്‍ അരി, കാര്‍ഷിക സബ്സിഡി, നാഷണല്‍ ഹൈവേ വികസനം, എന്ന് വേണ്ട പൊതു ബജറ്റില്‍ എക്കാലവും ഇത് പതിവ് സംഭവമാണ്. റെയില്‍വേ ബജറ്റിന്റെ കാര്യം പറയുകയേ വേണ്ട. എല്ലാ വര്‍ഷവും റെയില്‍വേ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേരളത്തിന് എന്ത് കിട്ടിയില്ല എന്നാണ് നാം അന്വേഷിക്കാറുള്ളത്. അടുത്തകാലത്തായി അത് കേരളത്തിന് എന്തെല്ലാം നഷ്ട്ടപ്പെട്ടു എന്നായി മാറിയിട്ടുണ്ട്. കാരണം കേരളത്തിന് പാലക്കാട് ആസ്ഥാനമായി ലഭിക്കേണ്ടിയിരുന്ന റയില്‍വേ സോണ്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടെങ്കിലുമായിട്ടുണ്ട്. ഇന്ത്യയില്‍ യാത്രാ ട്രെയിനുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഇതിനു കാരണം കേരളത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ കൂടുതലുള്ളതുകൊണ്ടല്ല മറിച്ചു എല്ലാവരും ടിക്കറ്റ്എടുത്തു യാത്ര ചെയ്യുന്നവര്‍ കേരളത്തില്‍ മാത്രമാണുള്ളത്.

കേരളത്തില്‍ ചരക്കു ഗതാഗതം കുറവാണെന്ന ന്യായവാദം ഉയര്‍ത്തിയിരുന്നു എക്കാലത്തയും മറ്റൊരു അവഗണന. എന്നാല്‍ വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനല്‍ വന്നതോടെ ആ വാദവും പൊളിഞ്ഞു. എന്നിട്ടുംറെയില്‍വേ ബജറ്റിന്റെ വിഹിതം പഴയ പടി തന്നെ. സിംഗപ്പൂര്‍ കഴിഞ്ഞാല്‍ ഏഷ്യയിലെ തന്നെഏറ്റവും വലിയ കണ്ടെയ്നര്‍ ടെര്‍മിനല്‍ ആണ് വല്ലാര്‍പാടം. ഇന്ത്യയില്‍ മദര്‍ ഷിപ്പ് അടുക്കുന്ന തുറമുഖമായി കൊച്ചി തുറമുഖം മാറിയതോടെ വല്ലാര്‍പാടംകണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള ചരക്കു വരവ് വര്‍ധിക്കുകയും അതുവഴി വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കു നീക്കങ്ങള്‍ക്കായി ഗുഡ്സ് ട്രെയിന്‍ ഗതാഗതം ഇരട്ടിയാക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് ഇത്രയേറെ വരുമാനം ഉണ്ടായിട്ടും എല്ലാ വര്‍ഷവും റെയില്‍വേ ബജറ്റില്‍ കേരളത്തെ അടിക്കടി നിരാശപ്പെടുത്തുക മാത്രമാണ് റെയില്‍വേ മന്ത്രാലയവും ചെയ്തുവരുന്നത്,

കേരളത്തില്‍ വന്നു സന്ദര്‍ശനം നടത്തി പോയതിനു ശേഷം ബിഹാറില്‍ സന്ദര്‍ശനത്തിന് പോയ പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേട്ടാല്‍ അതിശയിച്ചുപോകും. തെരെഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ബിഹാറികളെ പ്രീണിപ്പിക്കാന്‍ പാറ്റ്‌നയില്‍ എത്തിയ മോഡി 125 ലക്ഷം കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് ആണ് പ്രഖ്യാപിച്ചത്. അത് പ്രഖ്യാപിച്ച രീതിയാണ് ശ്ര്‌ദ്ധേയം . മോഡി തന്റെ പതിവ് ശൈലിയില്‍ പറഞ്ഞു. ' ഭായിയിയോം ബഹനോം മൈ ആപ്പ് ലോഗോം കോ ഏക് സമ്മാന്‍ ദേനാ ചാഹ്താഹും . ബീഹാര്‍ സ്‌പെഷ്യല്‍ പാക്കേജ്! മൈ അപ്പക്കോ 25000 കൊറോര്‍ റുപ്യ നഹി, 50000 കൊറോര്‍ രൂപയാ എക്ക് ലാക്ക് കൊറോര്‍ രൂപയാ നഹി ദേനാ ചാഹ്താ ഹേ. ഫിതൃ കിത്താനാ രൂപയിക്കാ ഹി? 125 ലാക്ക് കൊറോര്‍ കി രൂപയ്ക്കാ പാക്കേജ് ദേ രഹാ ഹും.' ( അര്‍ത്ഥം: ഞാന്‍ നിങ്ങള്‍ക്ക് 25000 കോടിയുടെയല്ല, 50000 കോടിയുടെയല്ല ഒരു ലക്ഷം കൊടിയുടെയല്ല സഹായം തരാന്‍ പോകുന്നത്. പിന്നെയെത്രയാ? ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് ആണ് അനുവദിക്കുന്നത്.)

ഇത് കേരളത്തിലെ പ്രളയ ദുരിതര്‍ക്ക്500 കോടി രൂപയുടെ പ്രഖ്യാപനത്തിനു ശേഷമായിരുന്നുവെന്നതാണ് മറ്റൊരു വിരോധാഭാസം.

കേരളത്തിന് അനുകൂലമായി സംസാരിക്കാനായിവിവിധ സംസ്ഥാനങ്ങളൂംപാര്‍ട്ടി നോക്കാതെ രംഗത്തു വന്നിട്ടുള്ളത് ആശ്വാസകരമായ ഒരു കാര്യമാണ്.

കേരളത്തിനോടുകാട്ടിയ അവഗണന എന്തിന്റെ പേരിലായാലും മാപ്പു കൊടുക്കില്ല ഇന്ത്യ മഹാ രാജ്യത്തെ ദേശ സ്‌നേഹികളായ പൗരന്മാര്‍. 
<span style="background-color: transparent; color: rgb(0, 0, 0); font-family: " times="" new="" roman";="" font-size:="" 16px;="" font-variant-numeric:="" normal;="" font-variant-east-asian:="" font-weight:="" 400;"="">

Join WhatsApp News
Beef Lover 2018-08-27 18:28:12
ബീഫ് തിന്നുന്ന മലയാളിയെ കുറ്റം പറയൽ ഇപ്പോൾ എല്ലാവർക്കും ഹോബിയാണെന്നു തോന്നുന്നു. ആരും അതിനെ പ്രതിരോധിക്കാനില്ലാത്തതുകൊണ്ടു അതങ്ങനെ വൈറൽ ആയി. 

അതാണോ ഇവിടുത്തെ പൊള്ളുന്ന വിഷയം? സത്യത്തിൽ ഇവിടെ എന്താ നടക്കുന്നത്? നമ്മളുടെ സ്വന്തം ആഘോഷങ്ങൾ തന്നെ എടുത്തു നോക്കൂ. 

ആർക്ക് പോയി?

മരിച്ചവരുടെ വീട്ടുകാർക്ക് പോയി
വായ്പ വാങ്ങി വീട് വെച്ചവന് പോയി 
വെള്ളം കേറി കാർ കേടായവന് പോയി
ഉടുതുണിക്ക് മറുതുണിയില്ലാത്തവന് പോയി
നഷ്ടപ്പെട്ടവന് മാത്രം പോയി.....

അമേരിക്കയിൽ മാവേലി വരണമെന്ന് അലമുറയിടുന്നവന് നഷ്ടമില്ല
അമേരിക്കയിൽ വൻ വൻ തിരുവാതിര വേണമെന്ന് അലമുറയിടുന്നവന് നഷ്ടമില്ല

അമേരിക്കൻ മലയാളികളെ നിങ്ങൾ പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം നിങ്ങൾ ഒന്നായി നിന്ന് കാണിക്കു. മലയാളികൾ ആർക്കൊപ്പം? അടിപൊളി ആഘോഷങ്ങൾ ആസൂത്രണം ചെയ്തിട്ട്, ബീഫ് തിന്നുന്ന മലയാളിയെ സഹായിക്കാനാരുമില്ലേയെന്ന് കിടന്നു കാറിയിട്ടെന്തു കാര്യം?
അവരെ സൂക്ഷിക്കുക 2018-08-27 20:47:33
ബീഫ് തീനികൾക്കു ഒരു സഹായവും നൽകരുത്.
ആരെങ്കിലും അതിനെക്കുറിച്ചു പ്രതികരിക്കുന്നില്ലെങ്കിൽ അവരെ സൂക്ഷിക്കുക

ദുരിതം വളരെയധികം ബാധിച്ചിരിക്കുന്നത് ഒന്നോ രണ്ടോ ജില്ലകളിലാണ്

നമുക്ക് ആഘോഷിക്കാം....അവരനുഭവിക്കട്ടെ മനോഭാവം...
ആരെങ്കിലും അങ്ങനെ  പ്രതികരിക്കുന്നെങ്കിൽ അവരെ സൂക്ഷിക്കുക
എൻറെ പടം 2018-08-30 10:04:52
പൂച്ച കറുത്തതായാലും വെളുത്തതായാലും എന്ത് വ്യത്യാസം! 
എലിയെ പിടിച്ചാൽ പോരെ?

ആഘോഷമായാലും ചാരിറ്റിയായാലും എന്ത് വ്യത്യാസം! 
സ്റ്റേജിൽ മൈക്ക് പിടിച്ചു നിൽക്കാനൊരവസരം പോരെ?

വെളളപ്പൊക്കമാണെങ്കിലും അറുതിയാണെങ്കിലും എന്ത് വ്യത്യാസം!
ഫേസ്ബുക്കിലും ഇ-മലയാളിയിലും ഫോട്ടോ വന്നാൽ പോരെ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക