Image

പ്രകൃതിയുടെ വികൃതി (വാസുദേവ് പുളിക്കല്‍)

വാസുദേവ് പുളിക്കല്‍ Published on 28 August, 2018
പ്രകൃതിയുടെ വികൃതി (വാസുദേവ് പുളിക്കല്‍)
കേരളീയ ജനതയെ ദുഃഖത്തിലാഴ്ത്തിയ പ്രകൃതി ദുരന്തം ഭയാനകവും വേദനാജനകവുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. 2018 ജൂലൈ/ ആഗസ്റ്റില്‍ കേരളത്തില്‍ മറക്കാനാവാത്ത പ്രളയം സൃഷ്ടിച്ചുകൊണ്ട് പ്രകൃതി ശാന്തമായെങ്കിലും ദുരന്തത്തിന്റെ കാര്‍മേഘപടലങ്ങള്‍ പരന്നു കിടക്കുന്നു. പരിസ്ഥിതി ആള്‍ക്കാര്‍ പറഞ്ഞതൊന്നും ജനങ്ങള്‍ സ്വീകരിച്ചില്ല. അവരുടെ വാക്കുകള്‍ക്ക് വില കല്‍പിച്ചാല്‍ പ്രകൃതി സംബന്ധമായ പല പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സാധിച്ചേക്കും.
ചിങ്ങം ആഘോഷങ്ങളുടെ മാസമാണെങ്കിലും പ്രളയം ദുഃഖത്തിലാഴ്ത്തിയ ജനങ്ങളെ സാന്ത്വനിപ്പിക്കാനും പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് അവരെ രക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ ആഘോഷങ്ങള്‍ക്ക് സ്ഥാനമില്ല. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ/തൃക്കാക്കര ക്ഷേത്രം ഓണാഘോഷം വേണ്ടെന്ന് വെച്ച് അതിനായി  നീക്കി വെച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത അഭിനന്ദനീയമായ പ്രവൃത്തി എല്ലാവര്‍ക്കും അനുകരണീയമാകേണ്ടതല്ലെ. എന്നാല്‍ ചില കച്ചവടക്കാര്‍ കേരളീയ കലകളുടെ മനോഹരമായ ദൃശ്യങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് കച്ചവട പരസ്യങ്ങള്‍ കാണിക്കുന്നുണ്ട്. അവരുടെ കച്ചവടക്കണ്ണും ദുഷ്ഠമനസ്സും ഏതു ദുരന്തത്തിലും തുറന്നിരുന്ന് ലാഭം കൊയ്‌തെടുക്കാനുള്ള തക്കം പാര്‍ത്തിരിക്കും. വിദേശങ്ങളിലെ പല സംഘടനകളും ഓണാഘോഷം വേണ്ടെന്ന് വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കാനുള്ള പണം ശേഖരിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്നുണ്ടെങ്കിലും ചുരുക്കം ചില സംഘടനകള്‍ വിഭവ സമൃദ്ധമായ സദ്യയൊരുക്കി ആര്‍ഭാടമായി ഓണം ആഘോഷിക്കുന്നു. സമ്പന്നതയുടെ മടിത്തട്ടിലിരിക്കുന്ന ഇവരുടെ മനസ്സില്‍ കേരളത്തിലെ ദുരന്തം യാതൊരു വികാരവും ഉണര്‍ത്തുന്നില്ലായിരിക്കും. അത് അവരുടെ ജന്മവാസനാ ഗുണമായിരിക്കാം.

സമാനതകളില്ലാത്ത പ്രളയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ പ്രകൃതി ദുരന്തത്തില്‍ ജാതി-മത ഭേദമന്യെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതില്‍ സമാനത കണ്ടെത്തിയ സഹൃദയരും നിഷ്‌കളങ്കരുമായ ജനങ്ങള്‍ വളരെയൊന്നും ചിന്തിച്ച് കാണുകയില്ലായിരിക്കാം. നാരായണഗുരുവിന്റെ സമയത്ത് ജാതീയമായ ജീര്‍ണ്ണതകള്‍ അകറ്റുക എന്ന ലക്ഷ്യത്തോടെ പന്തിഭോജനം നടത്തിയിട്ടുള്ളത് അവര്‍ അനുസ്മരിച്ചു കാണുമായിരിക്കാം മാലോകരെല്ലാമൊന്നു പോലെ എന്ന വിശിഷ്ട ചിന്തയോടെയാണ് പന്തിഭോജനത്തില്‍ പങ്കെടുക്കേണ്ടത്. ദുരിതാശ്വാസ ക്യാമ്പില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചത് മഹനീയമായ ഈ സമാന ചിന്തയോടെയാണോ? ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന് പഴഞ്ചൊല്ല്. എന്നാല്‍ അവിടെയും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പുലികളുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ താഴ്ന്ന ജാതിക്കാര്‍ എന്നു പറയുന്നവരുടെ കൂടെ താമസിക്കേണ്ടി വന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും അവര്‍ പാകം ചെയ്യുന്ന ആഹാരം കഴിക്കാന്‍ വിസമ്മതിക്കുകയും തങ്ങളെ താഴ്ന്ന ജാതിക്കാരില്ലാത്ത മറ്റേതെങ്കിലും ക്യാമ്പിലേക്ക് മാറ്റണമെന്ന് ഒരു കൂട്ടം ക്രിസ്ത്യാനികള്‍ ശാഠ്യം പിടിക്കുകയും അധികൃതര്‍ അവരുടെ ശാഠ്യത്തിന് വഴങ്ങിക്കൊടുക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്വന്തം പാരമ്പര്യത്തെ കുറിച്ച് സ്വസ്ഥമായിരുന്ന് നിഷ്പക്ഷമനസ്സോടെ ചിന്തിച്ചു നോക്കിയാല്‍ ഈ കേമത്തം പറയുന്ന ക്രിസ്ത്യാനികളില്‍ ബഹുഭൂരിപക്ഷവും താഴ്ന്ന ജാതിക്കാരെന്ന് മുദ്രയടിക്കപ്പെട്ടവരുടെ രക്തബന്ധമുള്ള സഹോദരി സഹോദരങ്ങളാണെന്ന് കാണാന്‍ കഴിഞ്ഞേക്കും. സമൂഹത്തില്‍ സ്വാതന്ത്ര്യത്തോടെ വ്യവഹരിക്കാന്‍ ഈ മതപരിവര്‍ത്തനം കൊണ്ട് അവര്‍ക്ക് സാധിച്ചിട്ടുണ്ട്. 
കേരളത്തിലെ പ്രളയത്തില്‍ തീരപ്രദേശത്തുള്ള വീടുകളില്‍ കുടുങ്ങിപ്പോയവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുറവിളി കൂട്ടുകയും രക്ഷാപ്രവര്‍ത്തകര്‍ സമയത്ത് എത്തിയില്ലെന്ന് പരോക്ഷമായി പരാതി പറയുകയും ചെയ്തപ്പോള്‍ മനസ്സാക്ഷിക്കുത്തില്ലാതെ സ്വയം ചോദിച്ചാല്‍ വീടുകളില്‍ അകപ്പെട്ട്‌പോയി ദുരന്തം സൃഷ്ടിച്ചതിന്റെ ഉത്തരവാദികള്‍ അവര്‍ തന്നെയാണെന്നു ബോധ്യമാകും. നിലയ്ക്കാത്ത പേമാരി മൂലം ഡാമുകള്‍ നിറയുമെന്നും ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ നല്‍കുന്നുമുണ്ടായിരുന്നു. എന്നിട്ടും ആര്‍ത്തിരമ്പി വരുന്ന വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ട് ആനന്ദിക്കാനും ഫോട്ടോ എടുക്കാനും വാ പൊളിച്ച് നോക്കി നിന്നവരുടെ വായില്‍ വെള്ളം കയറി അവര്‍ വെള്ളത്തില്‍ മുങ്ങിത്താണത് അവരുടെ കര്‍മ്മ ദോഷം അല്ലെങ്കില്‍ വിഡ്ഢിത്തം. തീരപ്രദേശത്ത് താമസിച്ചിരുന്നവര്‍ മാറിപ്പോകാതിരുന്നതിന്റെ അനന്തരഫലം. സാക്ഷര കേരളത്തിന്റെ സാമാന്യ ബോധമില്ലായ്മയുടെ ലക്ഷണം.

വിദേശങ്ങളില്‍ നിന്ന് അമിതമായി പണം ഒഴുകി വന്നപ്പോള്‍ നദീതീരങ്ങളില്‍ മാര്‍ബിള്‍ വിരിച്ച നിരവധി മനോഹരമായ രണ്ടു നില വീടുകള്‍ ഉയര്‍ന്നു വന്നു. നദീതീരത്തുള്ള സ്വന്തം വീടുകളില്‍ നിന്ന് മാറിപ്പോകാതെ വീടും കെട്ടിപ്പിടിച്ച് അവിടെ തന്നെ താമസിക്കാന്‍ നിശ്ചയിച്ചപ്പോള്‍ അത് പ്രകൃതിയോടുള്ള വെല്ലുവിളിയായില്ലേ. പ്രകൃതിയെ വെല്ലുവിളിക്കുന്നത് ദൈവത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്.
പണത്തിന്റെ ഹുങ്കും അമിതമായ ആത്മവിശ്വാസവുമായിരിക്കാം ദൈവത്തെ വെല്ലുവിളിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. പ്രകൃതിയുടെ ചുഴറ്റിയെറിയലിന്റെ ആഘാതം സുകൃതികളില്‍ പോലും ചെന്നു പതിക്കും. പിന്നെ അഹങ്കാരികളുടെ കാര്യം പറയണൊ. പ്രകൃതിയെ വെല്ലുവിളിക്കാതെ പ്രകൃതിനിയമമനുസരിച്ച് ജീവിക്കാന്‍ ശീലിക്കണം. അഹങ്കാരം കാണിച്ച് അകപ്പെട്ടു പോയപ്പോള്‍ മുറവിളി കൂട്ടിയിട്ടും അമര്‍ഷം പ്രകടിപ്പിച്ചിട്ടും കാര്യമില്ലല്ലോ.

മുഖ്യമന്ത്രിയുടെ നേരെയുള്ള വിവരംകെട്ട നാട്ടുകാരുടെ ചീത്തവിളിയും ഒരു പട്ടാളക്കാരന്റെ ആക്രോശവും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടന്നപ്പോള്‍ നിഷ്പ്രഭമായി. പട്ടാളഭരണത്തിന്റെ പ്രതീതിയുളവാക്കാതെ സംസ്ഥാന സര്‍ക്കാരും സൈന്യവും മത്സ്യത്തൊഴിലാളികളും നാട്ടുകാരും വിദ്യാര്‍ത്ഥികളും മറ്റു രക്ഷാപ്രവര്‍ത്തകരും ഒത്തൊരുമിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം സുഗമമായി. പക്ഷെ രാഷ്ട്രീയ കുതതന്ത്രങ്ങള്‍ തുടരുന്നു. ഭരണകക്ഷിയെ കുറ്റം പറയുക എന്നതു മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെങ്കില്‍ അവര്‍ അതില്‍ വിജയിക്കുന്നുണ്ട്. 

മനസ്സാക്ഷിക്കുത്തില്ലാതെ പ്രതിപക്ഷം കുറ്റപ്പെടുത്തലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത് മുഖ്യമന്ത്രിയെ മാനസ്സീകമായി തളര്‍ത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിരുത്സാഹപ്പെടുത്താനും അദ്ദേഹത്തിന്റെ മുഖത്ത് കരി തേയ്ക്കാനുമല്ലേ. ആസനത്തില്‍ ആലു മുളച്ചാല്‍ അതും ഒരു തണല്‍ എന്നു ചിന്തിക്കുന്നവരുടെ മുന്നില്‍ യുക്തിപരവും സത്യസന്ധവുമായ മറുപടികള്‍ വിലപ്പോകുമോ. അവര്‍ അവിവേകം പുലമ്പിക്കൊണ്ടേയിരിക്കില്ലെ. തല വെറും 'ചെളിത്തല' അയാല്‍ പിന്നെ ഒന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ. ഇത് വിമര്‍ശിക്കാനുള്ള സമയമല്ല എന്ന തിരിച്ചറിവുണ്ടാകാന്‍ പ്രതിപക്ഷം മാനസികമായി വളരേണ്ടിയിരിക്കുന്നു. മനസ്സിലെ നാറുന്ന ഇടക്കുചാലില്‍ നിന്ന് വിശാലവും ശുദ്ധവുമായ ജലപ്പരപ്പിലേക്ക് മനസ്സിനെ നയിക്കണം. അപ്പൊഴെ മനസ്സില്‍ നന്മയുടെ നാമ്പുകള്‍ കിളിര്‍ത്തു വരികയുള്ളൂ.

മാധ്യമങ്ങളല്ല രാജ്യം ഭരിക്കുന്നത്, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണെന്ന വസ്തുത ന്യൂസ് വായിക്കുകയോ ചര്‍ച്ച നയിക്കുകയോ ചെയ്യുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ മറന്നു പോകുന്നുണ്ട്. ജനങ്ങളില്‍ ചിന്താക്കുഴപ്പമുണ്ടാക്കലല്ല മാധ്യമങ്ങളുടെ ജോലി, സത്യസന്ധമായി വാര്‍ത്തകള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കുക എന്നതാണ്. ഏഷ്യാനെറ്റിന്റെയും മറ്റും കസേരയിലിരുന്ന് പിച്ചും പേയും പറഞ്ഞ് ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കാതെ, രാജ്യം ഭരിക്കണമെന്നുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണസമിതിയിലെ അംഗമാവുക. എന്നിട്ട് ഭരിക്കാന്‍ ശ്രമിച്ചാല്‍ അതിനൊരു മാന്യതയുണ്ട്. അപ്പോള്‍ ജനങ്ങള്‍ പുഛിച്ച് തള്ളുകയോ കല പില പറയുന്ന പ്രതിപക്ഷത്തിന്റെ നിരയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുകയില്ല.

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള നയം അഭികാമ്യമല്ല. കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര സഹായം നല്‍കിയില്ലെന്നും അതിന്റെ കാരണം കേരളത്തോടുള്ള അവഗണയാണെന്നുമുള്ള ജനശബ്ദം കേരളത്തില്‍ മാത്രമല്ല ഇന്‍ഡ്യയുടെ പല ഭാഗത്തുനിന്നും ഉയര്‍ന്നു വരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിലും കേരളത്തിലെ ദുരന്തത്തിന്റെ ആഴം കണക്കിലെടുത്ത് കേരളത്തിലെ പ്രളയദുരന്തം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ അല്ലെങ്കില്‍ വേണ്ടത്ര സഹായം(സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്) നല്‍കുകയോ ചെയ്യാമായിരുന്നു. അങ്ങനെ ചെയ്യാതിരുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാര്‍ അപലപിക്കപ്പെടുന്നതില്‍ എന്താണ് തെറ്റ്. ബി.ജെ.പി. സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണന രാഷ്ട്രീയപരവും മതപരവുമാണ് എന്നു വേണം കരുതാന്‍. കേരളത്തില്‍ വിരിഞ്ഞത് ഒരു തമാശ മാത്രമാണെന്ന ചിന്ത മോദിയെ അലട്ടുന്നുണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു താമര പോലും വിരിയാനുള്ള സാധ്യതയില്ല. നരേന്ദ്ര മോദി കേരളത്തോട് കാണിക്കുന്ന ഈ അവഗണന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ മായാത്ത ഒരു കറുത്ത പാടായി അവശേഷിച്ചേക്കാം. ഹിന്ദുക്കള്‍ക്കും വേണ്ടിയും ബി.ജെ.പി.ക്കു വേണ്ടിയും ഘോരഘോരം പ്രസംഗിച്ച് വര്‍ഗ്ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നവരുടെ ശബ്ദം ജന്മനാടിനു വേണ്ടി ശക്തിയാര്‍ജ്ജിക്കണം. കേരളത്തിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗം ക്രിസ്ത്യാനികളും മുസ്ലിംഗളും ആയതുകൊണ്ടായിരിക്കാം ഈ അവഗണന. കേരളത്തില്‍ ഹിന്ദുക്കളില്ലെന്നും ബീഫ് തിന്നുന്നവരാണ് കേരളത്തില്‍ ഉള്ളതെന്നും അതുകൊണ്ട് കേരളത്തിന് സഹായം സഹായം നല്‍കരുതെന്നും ആശ്രമത്തിന്റെ രഹസ്യ അറകളില്‍ സന്യാസിനിമാരേയും ഭക്തരായ പരിചാരികമാരേയും പീഡിപ്പിച്ച് രസിക്കുന്ന ഒരു ഉളുപ്പുമില്ലാതെ ആദ്ധ്യാതിമത പ്രസംഗിക്കുന്ന കപടസന്യാസിമാരും രംഗത്തുണ്ട്. ഭാരതീയ യോഗം അഭ്യസിച്ചിട്ടില്ലാത്ത, സ്‌നേഹവും സഹാനുഭൂതിയുമില്ലാത്ത ഇങ്ങനെയുള്ള സന്യാസിമാര്‍ ഭാരതീയ സംസ്‌കൃതിക്ക് തീരാത്ത ശാപമാണ്. അഹാരവും പ്രകൃതിക്ഷോഭവും തമ്മില്‍ എന്തു ബന്ധം!

കേരളത്തിന്റെ ഇപ്പോഴത്തെ ഭീമമായ നഷ്ടം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു മാത്രം സാധിക്കുകയില്ല എന്ന സത്യാവസ്ഥ മനസ്സിലാക്കി ജനങ്ങള്‍ കോടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നു. വിദേശ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുകയും രാഷ്ട്രീയ കുരുക്കുകളഴിച്ച് സുഗമായ മാര്‍ഗ്ഗത്തിലൂടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിക്കാനുള്ള ശ്രമവും വിജയിക്കാനാണ് സാധ്യത. നരേന്ദ്ര മോദിയുടെ അമര്‍ഷവും വിദ്വേഷവും അദ്ദേഹത്തില്‍ തന്നെ എരിഞ്ഞടങ്ങുകയേ ഉള്ളൂ. കേരളത്തെ ബാധിക്കാന്‍ പോകുന്നില്ല. കേന്ദ്രത്തിന്റെ സഹായം ഇല്ലാതെ തന്നെ കേരളത്തെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ കേരളത്തിന് അകത്തും പുറത്തുമുള്ള ജനങ്ങളുടെ സഹായത്തോടെ മുഖ്യമന്ത്രിക്ക് വിശ്വസിക്കാം. അതിനിടയില്‍ പ്രതിപക്ഷം രാഷ്ട്രീയപരമായ ദുഷ്ടലാക്കോടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരുന്നാല്‍ മതി.

പ്രകൃതിയുടെ വികൃതി (വാസുദേവ് പുളിക്കല്‍)
Join WhatsApp News
നരജന്മം 2018-08-28 14:10:50
എന്തിനീ ജന്മം എനിക്കു തന്നു നീ 
നരനായി ഈ നരകത്തിൽ, നഗരത്തിൽ ?
പട്ടിയും പൂച്ചയും മെത്തയിൽ ഉറങ്ങുന്നു 
പശുക്കൾ ദൈവങ്ങളായി പുല്ലുമേയുന്നു 
എന്നെ കൊന്നാൽ ആർക്കും ചേതമില്ല 
വെള്ളത്തിൽ മുങ്ങി ചത്താൽ അത്രയും ലാഭം
പശുവിനെ തിന്നുന്നവർ പശുക്കളായി ജനിക്കും 
അവരെ മനുഷ്യർ തിന്നും,മനുഷ്യൻ പശുവായി ജനിക്കും 
പട്ടിയും പൂച്ചയും ബദ്ധശത്രുക്കൾ 
എന്നാൽ അവർ ഉറ്റ മിത്രങ്ങൾ വലിയവീട്ടിൽ 
ചില പട്ടികൾ തൊഴുത്തിൽ കേറി കിടക്കുന്നു 
ഗോമാതാവിനെ പുല്ലു തീറ്റിക്കാതിരിക്കാൻ 
പട്ടിയും പൂച്ചയും പശുവും ചിലർക്ക് വളർത്തു മൃഗങ്ങൾ 
ചിലർക്ക്  ദൈവം , ചിലർക്ക് നല്ല പ്രോട്ടീൻ ഭക്ഷണം 
ചിലർ ചേർന്നന്നെ തല്ലി കൊന്നു പശു ഇറച്ചി തിന്നതിന് 
ഞാൻ ഇപ്പോൾ ത്രിശങ്കു സ്വർഗ്ഗത്തിൽ 
ദേവലോകത്ത് എനിക്ക് പ്രവേശനം ഇല്ല 
ഭൂമിയിലേക്ക് മടങ്ങാൻ നിർവാഹമില്ല 
എന്നെ പട്ടിയോ പൂച്ചയോ പശുവോ ആയി ജനിപ്പിക്കണേ 
കേരളത്തിൽ അല്ല നോർത്ത് ഇന്ത്യയിൽ 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക