Image

സ്വിമ്മിംഗ് പൂള്‍ (ഫൈസല്‍ മാറഞ്ചേരി)

Published on 28 August, 2018
സ്വിമ്മിംഗ് പൂള്‍ (ഫൈസല്‍ മാറഞ്ചേരി)
അശ്വതി സ്കൂളില്‍ നിന്നും വന്നത് മ്ലാനത മുറ്റിയ മുഖവുമായാണ്.

അമ്മ അവളോട് ചോദിച്ചു "എന്തെ മോളെ നിനക്കൊരു വല്ലായ്ക"

അവള്‍ മുഖം കുനിച്ചിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല

അമ്മ പോയി കട്ടന്‍ ചായയും അരി വറുത്തത് നല്ല തേങ്ങയും ചിരകിയിട്ട് അവളുടെ മുന്നില്‍ കൊണ്ടുവച്ചു

മുടിയില്‍ തലോടി കൊണ്ട് വീണ്ടും ചോദിച്ചു " ന്റെ മോള്‍ക്കെന്താ പറ്റിയെ "

അവള്‍ മെല്ലെ മെല്ലെ മടിച്ചു മടിച്ചു പറഞ്ഞു " അമ്മേ മേരിയുടെ വീട്ടില്‍ സ്വിമ്മിംഗ് പൂള് ഉണ്ടമ്മേ നമ്മുടെ വീട്ടിലും എന്നാ അമ്മേ ഒരു സ്വിമ്മിംഗ് പൂളുണ്ടാവാ "

അത് കേട്ട അമ്മ ഒന്ന് നടുങ്ങിയെങ്കിലും ശാന്തമായി പറഞ്ഞു "ഈശ്വരന്‍ വിചാരിച്ചാല്‍ നമ്മുടെ വീട്ടിലും അതൊക്കെ ഉണ്ടാവണ ഒരു കാലം വരും" അമ്മ ഒരു പ്രവചനം പോലെ അത് പറഞ്ഞു.

അതിനു ശേഷം ഉരുണ്ടു കൂടിയ മേഘങ്ങള്‍ തോരാ പെയുത്ത് തുടങ്ങി അശ്വതി തണുത്തു വിറച്ചു..........

പിറ്റേന്നും സൂര്യന്‍ വെളിയില്‍ വന്നില്ല മുറ്റവും തൊടിയുമൊക്ക നിറഞ്ഞപ്പോള്‍ അശ്വതി സന്തോഷിച്ചു...

മഴ മാറിയില്ല....

സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്ന അശ്വതി കണ്ടത് മേരിയുടെ സ്വിമ്മിംഗ് പൂളിലേക്ക് വെള്ളം നിറയുന്ന പോലെ നടുവകത്തേക്കു മെല്ലെ മെല്ലെ ഉയര്‍ന്നു വരുന്ന വെള്ളം

"തന്റെ വീട്ടിലേക്കും ഈശ്വരന്‍ പൂള് കൊണ്ട് വരികയാണോ?"

"അമ്മേ നമ്മുടെ വീട്ടിലും സ്വിമ്മിംഗ് പൂളായി"

ഇത് കേട്ട് ഉണര്‍ന്ന അച്ഛനും അമ്മയും മകളെയും വാരിയെടുത്ത് എങ്ങോട്ടെന്നില്ലാതെ നീന്തികൊണ്ട് ഒരു ഉയരത്തില്‍ എത്തി.

പെട്ടെന്ന് തന്നെ സന്നദ്ധ പ്രവര്‍ത്തകര്‍ അവരെ അടുത്തുള്ള കോണ്‍വെന്റ് സ്കൂളിലെത്തിച്ചു......

അശ്വതി അവിടെ മേരിയെയും തന്റെ ക്ലാസ്സിലെ റസിയയെയും കണ്ടു

അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു...

മേരി അപ്പോഴും കരയുകയാണ് അശ്വതി മേരിയുടെ മുഖം തന്റെ തണുത്ത കൈ കൊണ്ട് മെല്ലെ തൊട്ടു.....

കണ്ണുതുടച്ചു കൊണ്ട് മേരിപറഞ്ഞു
"ഞങ്ങളുടെ അക്വാറിയം പൊട്ടിപ്പോയി അതിലെ സ്വര്ണമത്സ്യങ്ങള്‍ എല്ലാം ഒഴുകി പോയി.... "

അപ്പോള്‍ റസിയ പറഞ്ഞു "ഞാളെ ചുമല ആട്ടിന്കുട്ടിയെയും കാണാതായി......."

അപ്പോഴാണ് അശ്വതി തന്റെ കുഞ്ഞനുജന്‍ അപ്പുവിനെ ഓര്‍ത്തത് നിലവിളിച്ചുകൊണ്ടവള്‍ അച്ഛന്റെയും അമ്മയുടെയും അടുത്തേക്കോടി.........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക