Image

സര്‍ഗ്ഗവേദി സാഹിത്യ സാംസ്കാരിക കൂട്ടായ്മ ചേര്‍ന്നു

Published on 28 August, 2018
സര്‍ഗ്ഗവേദി സാഹിത്യ സാംസ്കാരിക കൂട്ടായ്മ ചേര്‍ന്നു
ന്യൂയോര്‍ക്ക്: സര്‍ഗ്ഗവേദി എന്ന സാഹിത്യ സാംസ്കാരിക കൂട്ടായ്മ കഴിഞ്ഞ ഓഗസ്റ്റ് 19 ഞായറാഴ്ച 6 മണിക്ക് കൂടുകയുണ്ടായി. വേദിയുടെ തുടര്‍ന്നുള്ള നടത്തിപ്പിലേക്കായി, സംഘാടന ചുമതല പി. ടി. പൗലോസും ഡോഃ നന്ദകുമാര്‍ ചാണയിലും ഏറ്റെടുത്തു. ഇവരുടെ അഭാവത്തില്‍ പ്രസ്തുത ഭാരം കാലേകൂട്ടി ചുമല്‍ മാറ്റി വക്കേണ്ടതാണെന്നും തീരുമാനമായി.

''വാചാലമീമൗനം'' എന്ന സ്വന്തം കവിത ജോസ് ചെരിപുറം വായിച്ചു.
....പുഞ്ചപ്പാട വരമ്പിലൂടൊരു കുളിര്‍ തെന്നല്‍ പോലവള്‍ വന്നു. ഊഷരമാമെന്‍ മാനസവാടിയില്‍ പ്രേമപ്പൂക്കള്‍ വിടര്‍ന്നു......

ഒരു യുവസുന്ദരിയെ പ്രണയിച്ചു നടന്നൊരാള്‍, ഒടുവിലവള്‍ തന്നടുത്തണയുമ്പോള്‍ മൗനിയായി പോകുന്നതാണ് ഇതിവൃത്തം. സനാതനവും സത്യാത്മകവുമായൊരു സന്ദര്‍ഭം. അഭിപ്രായങ്ങള്‍ക്കൊടുവില്‍, ഓണത്തെ ഒരു പെണ്ണായി സങ്കല്‍പ്പിച്ചതാണിതെന്ന് കവി വിശദീകരിച്ചപ്പോള്‍, കവിതയില്‍ കാലികമായ അര്‍ത്ഥങ്ങള്‍ ധ്വനിച്ചു. അപ്പോള്‍ ആ ബന്ധം തീരുന്നില്ല.
മലയാളികള്‍ക്ക് ഓണവുമായുള്ള ബന്ധം ജന്മാന്തര പുണ്ണ്യമാണല്ലോ. ഇക്കൊല്ലത്തെ പ്രളയക്കെടുതിയില്‍ വിഘ്‌നപ്പെട്ടെങ്കിലും, അത് തുടരും.

പ്രസിദ്ധീകരിച്ച ശേഷം ഈ കവിത സര്‍ഗ്ഗവേദിയില്‍ അവതരിപ്പിക്കുന്നത് ശരിയാണോ എന്നൊരു ചോദ്യമുയര്‍ന്നു. ഇനി തിരുത്താനൊക്കില്ലല്ലോ ! തിരുത്തലുകള്‍ ആവശ്യമില്ലാത്ത ഒരു ഹ്രസ്വ സുന്ദര കവിതയാണിത്.

അടുത്ത സര്‍ഗ്ഗവേദിയില്‍ (സെപ്റ്റംബര്‍ 16 പതിവുപോലെ മൂന്നാമത്തെ ഞായര്‍ വൈകിട്ട് 6 ന് ) ''ജീവന പ്രശ്‌നങ്ങള്‍ക്കിടയിലും സൈബര്‍ ആക്രമണങ്ങളോ ! '' എന്ന ചിന്ത വിഷയമാക്കി ഡോഃ ചാണയില്‍ പ്രബന്ധം അവതരിപ്പിക്കുന്നതാണ്. സഹൃദയരുടെ സാന്നിദ്ധ്യം പതിവുപോലെ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോഃ നന്ദകുമാര്‍
ചാണയില്‍ (516 354 0013 ); പി. ടി. പൗലോസ് (516 366 9957 ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക