Image

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ രാഷ്ട്രീയ പ്രസ്താവനകള്‍ക്കു താല്‍പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി

Published on 29 August, 2018
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ രാഷ്ട്രീയ പ്രസ്താവനകള്‍ക്കു താല്‍പര്യമില്ലെന്ന്  രാഹുല്‍ ഗാന്ധി
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ രാഷ്ട്രീയ പ്രസ്താവനകള്‍ക്കു താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രളയത്തിന്റെ കാരണമോ അതിന്റെ ഉത്തരവാദി ആരെന്നോ ഉള്ള ചര്‍ച്ചകള്‍ക്കു താനില്ല. ജനങ്ങളുടെ ദുരിതം നേരിട്ടു മനസിലാക്കാനാണു തന്റെ സന്ദര്‍ശനം. പ്രളയം മനുഷ്യ നിര്‍മ്മിതമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാഹുല്‍.

ജനങ്ങള്‍ക്ക് എത്തിക്കാന്‍ കഴിയുന്ന സഹായങ്ങളെല്ലാം കോണ്‍ഗ്രസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ വേദനയകറ്റാന്‍ ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാമെന്നും ഈ ദുരന്ത വേളയില്‍ കേരളത്തിന് അങ്ങേയറ്റം സഹായം ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കൂടിയാണ് താന്‍ കേരളത്തില്‍ വന്നത്. ഭരണമില്ലെങ്കിലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ തൃപ്തനാണ്. കേരളത്തിന് വേണ്ടി ചെയ്യാന്‍ പറ്റുന്ന എന്ത് കാര്യവും ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണം. അത് കേരളത്തിലെ ജനങ്ങളുടെ അവകാശമാണ്. കേരളത്തിന് അര്‍ഹതപ്പെട്ട സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല. ക്യാമ്ബുകളില്‍ ഞാന്‍ ഒരുപാട് ആളുകളെ കണ്ടു ജനങ്ങള്‍ ആശങ്കയിലാണ്. കേരള മുഖ്യമന്ത്രിയോടും ഞാന്‍ സംസാരിച്ചു. പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരം ഉടന്‍ ഇവര്‍ക്ക് ലഭ്യമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ദുരന്തത്തെ കേരളം നേരിട്ടത് അങ്ങേയറ്റം മനസാന്നിധ്യത്തോടു കൂടിയാണ്. കേരളം ഇതിനെ നേരിട്ട രീതിയെ അഭിനന്ദിക്കുന്നു. അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, പ്രതികൂല കാലാവസ്ഥ കാരണം രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കിയതിനാല്‍ പകരം ഇടുക്കിയിലേക്കാണ് അദ്ദേഹം പോയത്. 11.30ന് പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണു രാഹുല്‍ ആദ്യം എത്തിയത്. തുടര്‍ന്നു പൈനാവിലെ ദുരിതാശ്വാസ ക്യാംപിലെത്തും. ഇതിനുശേഷം ചെറുതോണി ടൗണ്‍, ചെറുതോണി പാലം, ഇടുക്കി അണക്കെട്ട് എന്നിവയും സന്ദര്‍ശിച്ചശേഷം കോയമ്ബത്തൂരിലേക്കു പോകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക